പാക്കിസ്ഥാന് നിശബ്ദ ഡ്രോണുകൾ, ഇന്ത്യന്‍ ആർമിയുടെ കണ്ണുവെട്ടിക്കാനോ?; ഈ വർഷം മാത്രം പിടികൂടിയത് 137 ഡ്രോണുകൾ
Mail This Article
മോസ്കോയില്‍ നടന്ന ആര്‍മി 2024 ഇന്റര്‍നാഷണല്‍ മിലിറ്ററി ടെക്നിക്കല്‍ ഫോറത്തിനിടെ ഡ്രോണ്‍ നിര്‍മാതാക്കളായ അണ്‍മാന്‍ഡ് സിസ്റ്റംസ് ഗ്രൂപ് ഒരു പ്രഖ്യാപനം നടത്തി. റഷ്യക്കകത്തു നിന്നു മാത്രമല്ല പുറത്തു നിന്നും വലിയ തോതില്‍ ഡ്രോണിനായി ആവശ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ച് ബെലാറസില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും. ഈ റഷ്യന്‍ കമ്പനിയുടെ പ്രഖ്യാപനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഒരു പ്രശ്നത്തിനുള്ള സൂചനയാണ്.
അണ്‍മാന്‍ഡ് സിസ്റ്റംസ് ഗ്രൂപ്പിന്റെ സൂപ്പര്‍കാം ഡ്രോണുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പാക്കിസ്ഥാനു പുറമേ മുന്‍ സോവിയറ്റ് യൂണിയന് രാജ്യങ്ങളായ ബെലാറസ്, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും ഇത്തരം ഡ്രോണുകള്‍ക്ക് ആവശ്യക്കാര്‍ നിരവധിയുണ്ട്. ബെലാറസിലെ പ്രതിരോധ സേനകളിലേക്കും സൂപ്പര്‍കാം എസ്150 എന്ന ഡ്രോണിന് വര്‍ധിച്ച ആവശ്യമുണ്ട്. പ്രതിരോധ സേനകളുടെ പരിശീലനത്തിനും അതിര്‍ത്തികളിലെ സുരക്ഷാ നിരീക്ഷണത്തിനും വിവിധ സൈനിക ആവശ്യങ്ങള്‍ക്കുമെല്ലാം ഈ ഡ്രോണ്‍ ഉപയോഗിക്കാനാവും.
പാക്കിസ്ഥാന് ഇത്തരം ഡ്രോണുകള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കും അതിര്‍ത്തി നിരീക്ഷണത്തിനും ഉപയോഗിക്കാനാവും. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും ഇത്തരം ഡ്രോണുകള്‍ സ്വന്തമാക്കാനാവുമെന്നതാണ് പ്രശ്നം കൂടുതല്‍ രൂഷമാക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഡ്രോണുകള്‍ കൂടുതലായി വരുന്നു എന്നതിനര്‍ഥം അതിര്‍ത്തി വഴി ആയുധങ്ങളും ലഹരിവസ്തുക്കളും ഇന്ത്യയിലെത്താനുള്ള സാധ്യത കൂടുന്നു എന്നതു കൂടിയാണ്.
അടുത്തിടെ ബിഎസ്എഫ് സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പഞ്ചാബിലെ താണ് തരന് ജില്ലയില്‍ നിന്നും ചൈനീസ് നിര്‍മിച DJI മാവിക് 3 ഡ്രോണുകള്‍ ലഭിച്ചിരുന്നു. മികച്ച ഗുണനിലവാരത്തില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിനും തടസങ്ങളെ ഒഴിവാക്കി പറക്കുന്നതിനും പേരുകേട്ടവയാണ് ഇത്തരം ഡ്രോണുകള്‍. പരമാവധി 46 മിനുറ്റു വരെ ഇത്തരം ഡ്രോണുകള്‍ക്ക് നിര്‍ത്താതെ പറക്കാനാവും.
ഈ വര്‍ഷം മാത്രം അതിര്‍ത്തി കടന്നെത്തിയ 137 ഡ്രോണുകളാണ് ഇന്ത്യയിലെ സുരക്ഷാ സേനകള്‍ പിടികൂടിയത്. ഈ ഡ്രോണുകളില്‍ നിന്നും 28 ആയുധങ്ങളും 160 കിലോഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. ആയുധങ്ങളില്‍ രണ്ട് എകെ തോക്കുകളും ഉള്‍പ്പെടുന്നുണ്ടെന്ന് ബിഎസ്എഫ് ഐജി അതുല്‍ ഫുല്‍സേല അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ 3-4 കിലോഗ്രാം ഭാരവും വഹിച്ചാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയിരുന്നത്. പറക്കുമ്പോള്‍ ഉണ്ടായിരുന്ന ശബ്ദവും ഡ്രോണുകളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 500 ഗ്രാമില്‍ താഴെ മാത്രം ഭാരം വഹിച്ചുകൊണ്ട് നിശബ്ദമായാണ് ഡ്രോണുകള്‍ എത്തുന്നത്. രാത്രിയിലും ഇവക്ക് സഞ്ചരിക്കാനാവുമെന്നത് സൈന്യത്തിന്റെ ജോലി വര്‍ധിപ്പിക്കുന്നു.