ബെംഗലൂരു നഗരത്തിന്റെ പേരിലറിയപ്പെട്ട ആയുധം! രണ്ടു മഹായുദ്ധങ്ങളിലും ഉപയോഗിച്ച ടോർപിഡോ
Mail This Article
നമുക്കെല്ലാം പരിചിതവും മലയാളികളേറെയുള്ളതും നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയുടെ തലസ്ഥാനവുമാണ് ബെംഗലൂരു. എന്നാൽ ഈ നഗരത്തിന്റെ പേരിൽ ഒരു ആയുധമുണ്ടെന്ന് അറിയാമോ? വളരെ പ്രശസ്തമായ ഒരായുധം. ഇന്ത്യയിൽ മാത്രമല്ല ഇതുപയോഗിച്ചത്. രണ്ടു ലോകയുദ്ധങ്ങളിൽ ഈ ആയുധം ഉപയോഗിക്കപ്പെട്ടു. ഇതിന്റെ പേരാണ് ബാംഗ്ലൂർ ടോർപിഡോ.
ടോർപിഡോ എന്നു പേരു കേൾക്കുമ്പോൾ സമുദ്രത്തിൽ ഉപയോഗിക്കുന്നതാണെന്നു തോന്നുമെങ്കിലും ഈ ആയുധം ഒരു ട്യൂബാണ്. ഇതിനുള്ളിൽ സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്. ഇതിൽ ജ്വലനം നടക്കുമ്പോൾ ഇതു പൊട്ടിത്തെറിക്കും.
പടനിലങ്ങളിലെ മുള്ളുവേലികളും ശൃംഖലകളും തകർക്കാനായാണ് ഈ ടോർപിഡോ ഉപയോഗിച്ചിരുന്നത്. പൊട്ടിത്തെറിക്കുന്ന ട്യൂബ് ഒരാൾക്ക് പോകാവുന്ന രീതിയിൽ ഒരു വിടവ് വലിയ മുള്ളുവേലിക്കൂട്ടങ്ങൾക്കിടയിൽ സൃഷ്ടിച്ചിരുന്നു.1912ൽ ബാംഗ്ലൂർ നഗരത്തിൽ റോയൽ എൻജിനീയേഴ്സ് യൂണിറ്റിലുണ്ടായിരുന്ന ക്യാപ്റ്റൻ ആർ.എൽ. മക്ലിന്റോക്കാണ് ഈ ആയുധം കണ്ടുപിടിച്ചത്. കുഴിബോംബുകൾക്കും ഇതൊരു പരിഹാരമായിരുന്നു.ഒന്നാം ലോകയുദ്ധത്തിലും രണ്ടാം ലോകയുദ്ധത്തിലും ഇതുപയോഗിച്ചു. രണ്ടാം ലോകയുദ്ധ കാലഘട്ടത്തിൽ അമേരിക്കൻ സൈന്യം ഈ ടോർപിഡോ പരിഷ്കരിച്ചു.
രണ്ടാം ലോകയുദ്ധത്തിലെ യുഎസിന്റെ നിരവധി ദൃത്യങ്ങളിൽ ഇതു സഹായകമായി. പ്രശസ്തമായ നോർമൻഡി ഡീഡേ ലാൻഡിങ്ങുകളിലൊക്കെ ബാംഗ്ലൂർ ടോർപിഡോ സൈനികർ ഉപയോഗിച്ചിരുന്നു. ഡീഡേ ലാൻഡിങ് വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച സേവിങ് പ്രൈവറ്റ് റയാൻ എന്ന ചിത്രത്തിലെ ആദ്യ സീനുകളിൽ ടോം ഹാങ്ക്സ് ബാംഗ്ലൂർ ടോർപിഡോകൾ സഹസൈനികരോട് ആവശ്യപ്പെടുന്ന സീനുണ്ട്.