ഉരസലിലായ ബദ്ധശത്രുക്കൾ: ഇസ്രയേലോ ഇറാനോ കൂടുതൽ കരുത്ത്? സംഘർഷത്തിന്റെ ചരിത്രവഴികൾ
Mail This Article
ഇന്നത്തെ ലോകസാഹചര്യത്തിൽ ഇറാന്റെ ഏറ്റവും വലിയ ശത്രു ഇസ്രയേലും ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു ഇറാനുമാണെന്ന നിലയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയതോതിൽ കലുഷിതമാക്കിയിട്ടുണ്ട്.ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക താരതമ്യം പല മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വേണ്ടിവരും.
സൈനിക താരതമ്യം ഇങ്ങനെ
ഇസ്രയേൽ ഒരു ചെറിയ രാഷ്ട്രമാണ്. വിസ്തീർണംകൊണ്ട് പതിനെട്ടാം സ്ഥാനമുണ്ട് ഇറാന്. എന്നാൽ വ്യത്യസ്തമായ സാഹചര്യങ്ങളുമാണ്. സേനാംഗങ്ങളുടെ എണ്ണം ഇസ്രയേലിന് 1.7 ലക്ഷമാണ്. 4.65 ലക്ഷം റിസർവ് സൈനികരും 35000 പാരമിലിറ്ററി സേനാംഗങ്ങളും ഇസ്രയേലിനുണ്ട്. ഇറാന് 6.1 ലക്ഷം സൈനികരും 3.5 ലക്ഷം റിസർവ് സൈനികരും 2.2 ലക്ഷം പാരാമിലിറ്ററി സൈനികരുമുണ്ട്.
വ്യോമക്കരുത്ത് കണക്കാക്കിയാൽ ഇസ്രയേലിന് 612 വിമാനങ്ങളുണ്ട്. ഇതിൽ 345 ഫൈറ്റർജെറ്റുകളും 43 അറ്റാക് ഹെലികോപ്റ്ററുകളുമുണ്ട്. എന്നാൽ ഇറാന് 551 വിമാനങ്ങളാണുള്ളത്. 312 ഫൈറ്റർ വിമാനങ്ങളും അഞ്ചോളം അറ്റാക് ഹെലികോപ്റ്ററുകളും ഇറാനുണ്ട്. ഇസ്രയേലിന്റെ വ്യോമസേനയ്ക്കു സാങ്കേതികപരമായി മൂർച്ച കൂടുതലാണ്.
ഗ്രൗണ്ട് ഫോഴ്സുകളുടെ കരുത്തെടുത്താൽ 10000 ടാങ്കുകളാണ് ഇറാനുള്ളത്, ഇസ്രയേലിന് 400ഉം. ഇറാന് 7000 ആർട്ടിലറി ഗണ്ണുള്ളപ്പോൾ ഇസ്രയേലിനിത് 530 ആണ്. വ്യോമസേനയിലെ പോലെ തന്നെ ഇസ്രയേലിന് ഗ്രൗണ്ട് ഫോഴ്സ് യുദ്ധോപകരണങ്ങളുടെ കാര്യത്തിൽ സാങ്കേതികമായി മേൽക്കൈ ഉണ്ട്.
നാവികക്കരുത്തിൽ ഇസ്രയേലിന്റെ നേവി ഇറാന്റേതിനെക്കാൾ ചെറുതാണ്. 17 അന്തർവാഹിനികൾ, 68 പട്രോൾ വെസൽ, യുദ്ധക്കപ്പലുകൾ എന്നിവ ഇറാനുണ്ട്. എന്നാൽ തങ്ങളുടെ മുഖമുദ്രയായ സാങ്കേതിക വൈദഗ്ധ്യം നേവിയിലും കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിച്ചിട്ടുണ്ട്.
മിസൈൽകരുത്തിൽ ഇറാൻ മുന്നിലാണ്. മേഖലയിൽ ഏറ്റവും കൂടുതൽ ബാലിസ്റ്റിക് മിസൈലുകളുള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. ഫത്താഹ് എന്ന ഹൈപ്പർസോണിക് മിസൈലും ഇറാനു പക്കൽ ഉണ്ട്.ഇസ്രയേലിൽ എവിടെയും ആക്രമണം നടത്താൻ അനുവദിക്കുന്ന റേഞ്ചുള്ള ഖൈബർ ബസ്റ്റർ മിസൈൽ ഇറാൻ ഇടയ്ക്ക് പുറത്തിറക്കിയിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1000 കിലോമീറ്ററാണ്.
എന്നാൽ ഇസ്രയേലിന്റെ കൈവശവും വളരെ അപകടകരവും സാങ്കേതിക കൃത്യതയും ഒത്തുചേർന്ന ലോംഗ് റേഞ്ച് മിസൈലുകളുണ്ട്. ജെറിക്കോ ശ്രേണിയിലുള്ള മിസൈലുകൾ ഇതിനുദാഹരണം.
(വിവിധ ഉറവിടങ്ങളിൽ നിന്നും ലഭ്യമായ കണക്കുകൾ, ആയുധക്കരുത്തിലെ നിർണായക കരുത്തിൽ രഹസ്യസ്വഭാവങ്ങളുണ്ടാകാം)
∙ഒരിക്കൽ സുഹൃത്തുക്കൾ–പിന്നീട് ബദ്ധശത്രുക്കൾ
ഇറാനും ഇസ്രയേലുമായ ബന്ധത്തിൽ പല വഴിത്തിരിവുകളും കലുഷിത സാഹചര്യങ്ങളുമൊക്കെയുണ്ടായിരുന്നു.ഇസ്രയേൽ രൂപീകൃതമായ ശേഷം അതിനെ രണ്ടാമതായി അംഗീകരിച്ച ഇസ്ലാമിക ഭൂരിപക്ഷ രാജ്യം ഇറാനായിരുന്നു, ആദ്യത്തേത് തുർക്കിയും. ഇസ്രയേലും ഇറാനും തമ്മിൽ 30 വർഷത്തോളം സൗഹൃദം നിലനിന്നിരുന്നു. സോവിയറ്റുകളുമായി അകൽച്ചയും യുഎസുമായി അടുത്ത ബന്ധവും പുലർത്തിയിരുന്ന ഷാ ഭരണകൂടമായിരുന്നു ഇതിനു കാരണം.
1951ൽ ഇറാനിൽ അധികാരത്തിൽവന്ന പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇസ്രയേലുമായുള്ള ഇറാന്റെ ബന്ധം വിച്ഛേദിച്ചു.മുസാദിഖ് ഇസ്രയേലിനെ യുഎസിന്റെ വലംകൈയ്യായി ആണ് കണ്ടിരുന്നത്. പിന്നീട് സിഐഎ നടത്തിയ അജാക്സ് അട്ടിമറിയിൽ മുസാദിഖ് പുറത്തായി.
ഇതിനു ശേഷം ഷാ ഭരണകൂടം ഇറാനിൽ പൂർണനിയന്ത്രണത്തിലായി. ഇസ്രയേലിനും അനുകൂലമായിരുന്നു സാഹചര്യം. ഇരു രാജ്യങ്ങളും എംബസികൾ സ്ഥാപിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരെ ഏർപ്പെടുത്തുകയും ചെയ്തു. ഇസ്രയേലിന് വലിയ തോതിൽ എണ്ണ നൽകുകയും ചെയ്തു ഇറാൻ.എന്നാൽ 1979ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം നടന്നു.ഭരണമാറ്റം നടന്ന ശേഷം നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു.
അതിർത്തിയോ നയതന്ത്ര മേഖലകളോ പങ്കിടുന്നില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കലുഷിതമാണ്. ഒരു അപ്രഖ്യാപിത ശീതയുദ്ധം തന്നെ ഇറാനും ഇസ്രയേലിനുമിടയിൽ ഉണ്ടെന്ന് പണ്ടേ പറയപ്പെടുന്ന കാര്യമാണ്. ഇന്ന് ആ ശീതയുദ്ധം നേരിട്ടുള്ള ആക്രമണം എന്ന ഘട്ടത്തിലേക്ക് വളർന്നിരിക്കുന്നു.
∙ഉരസലായി ആണവശക്തി
ഇറാൻ ആണവശക്തിയാകുമോയെന്നത് ഇസ്രയേലിന്‌റെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. ഇതിനെ ചെറുക്കാനുള്ള പല ശ്രമങ്ങളും ഇസ്രയേൽ നടത്തിയിട്ടുണ്ട്. എന്നാൽ നയതന്ത്ര തലത്തിലെ ഇത്തരം നീക്കങ്ങൾക്കപ്പുറം ഇതിനെ നേരിടാനുള്ള ചില ആക്രമണങ്ങളും ഇസ്രയേൽ നടത്തിയിട്ടുണ്ട്.
ഇതിൽ പ്രധാനം ഇറാന്‌റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങളിൽ നടത്തിയ ആക്രമണങ്ങളാണ്. നാടാൻസ് ഉൾപ്പെടെ ഇറാന്റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.തങ്ങളുടെ പ്രതിരോധവിദഗ്ധരും ശാസ്ത്രജ്ഞരുമൊക്കെ കൊല്ലപ്പെട്ടതിന്റെ പിന്നിലും ഇസ്രയേലാണെന്ന് ഇറാൻ പലസമയങ്ങളിൽ ആരോപണം ഉന്നയിച്ചിരുന്നു.
ഇറാനിലെ ഇസ്ഫാഹാൻ പ്രവിശ്യയിലാണ് നാതാൻസ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 19000 സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണു കണക്ക്.
2007 മുതൽ 2010 വരെയുള്ള കാലയളവിൽവലിയ സൈബർ ആക്രമണ പരമ്പരകൾ ഈ ന്യൂക്ലിയർ പവർ പ്ലാന്റിൽ സംഭവിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഇസ്രയേലി ഇന്റലിജൻസ് സംഘടനകളുടെ പങ്ക് ഇതിൽ ആരോപിക്കപ്പെട്ടിരുന്നു. സ്റ്റക്സ്നെറ്റ് എന്നറിയപ്പെടുന്ന വേമിനെ പ്ലാന്റിന്റെ സൈബർ ശൃംഖലയിലേക്കു കടത്തിവിട്ടാണ് ഈ ആക്രമണം നടത്തിയത്. ഇസ്രയേൽ ഭീഷണിയെ ചെറുക്കാനായി ഇടയ്ക്ക് ഭൂഗർഭ ആണവകേന്ദ്രം നാതാൻസിൽ ഇറാൻ നിർമിക്കുന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാൻ ആണവശക്തിയാകുന്നതിന്റെ പടിവാതിൽക്കലിൽ നിൽക്കുന്ന രാജ്യമാണെന്നാണ് രാജ്യാന്തര ആണവോർജ ഏജൻസിയുടെ വിലയിരുത്തൽ.
ഇസ്രയേലിന്റെ അണ്വായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നും പുകമറയിലാണുള്ളത്. ഇവയുണ്ടെന്നോ ഇല്ലെന്നോ ഇസ്രയേൽ ഒരിക്കലും അംഗീകരിച്ചിട്ടോ നിഷേധിച്ചിട്ടോ ഇല്ല. പക്ഷേ ലോകത്ത് നല്ലൊരു ശതമാനം വിദഗ്ധർ ഇസ്രയേൽ ആണവശക്തിയാണെന്നു പറയുന്നു. അങ്ങനെയെങ്കിൽ ലോകത്തെ ഒൻപതാമത്തെ ആണവശക്തിയാണു രാജ്യം. ആണവ നിർവ്യാപന കരാറിൽ ഒരിക്കലും ഒപ്പുവയ്ക്കാൻ ഇസ്രയേൽ തയാറായിട്ടില്ല എന്നതും വസ്തുത.
ബെഗിൻ ഡോക്ട്രീൻ എന്ന നയമനുസരിച്ച് തങ്ങളുടെ എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാൻ ശ്രമിച്ചാൽ അതു മുളയിലേ നുള്ളാൻ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ശീലമാണ്. 1981 ജൂൺ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടർ ഇതുപോലെ തകർത്തെറിഞ്ഞു.ഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. 2018 ൽ സിറിയയിലെ അൽ കിബർ ആണവകേന്ദ്രവും ഇസ്രയേലിന്റെ ഫൈറ്റർ ജെറ്റുകൾ തകർത്തു.
ഇസ്രയേലിനു 90 പ്ലൂട്ടോണിയം ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്നും 100 മുതൽ 200 വരെ ആയുധങ്ങളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഷി ഉണ്ടെന്നുള്ളതും ശക്തമായ അഭ്യൂഹമാണ്. എന്നാൽ ഇസ്രയേൽ സ്വന്തം നിലയിൽ ആണവായുധ പരീക്ഷണങ്ങളൊന്നും ഇതുവരെ ശ്രദ്ധ തേടുന്ന തരത്തിൽ നടത്തിയിട്ടുമില്ല.യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേൽ പരീക്ഷണങ്ങൾ നടത്തിയെന്നു വാദിക്കുന്നവരുണ്ട്.1979 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച വേലാ സംഭവം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്നും വാദങ്ങളുണ്ടായിട്ടുണ്ട്.
∙അങ്ങോട്ടുമിങ്ങോട്ടും
ഇസ്രയേലിലെയും ഇറാനിലെയും പല ഹൈ പ്രൊഫൈൽ വ്യക്തികളും കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും അങ്ങോട്ടമിങ്ങോട്ടും കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആരോപിക്കാറുണ്ട്.ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ കരടുകൾക്കൊന്നിന് കാരണമായത് റോൺ അറാദിന്റെ തിരോധാനമാണ്. 1986 ഒക്ടോബറിൽ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. എന്നാൽ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടർന്നുണ്ടായ അപകടം മൂലം അറാദിന്റെ വിമാനം തകർന്നു വീണു.
അറാദിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്റെ പിടിയിലായി പൈലറ്റ്. ഇസ്രയേലിൽ തടവിൽ കഴിയുന്ന 200 ലബനീസ്, 450 പലസ്തീൻ തടവുപുള്ളികൾക്കു പകരം അറാദിനെ കൈമാറാമെന്ന് അമാൽ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല.തുടർന്ന് അറാദിനെ ഇറാനു കൈമാറി.
പിന്നീട് രണ്ടുവർഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് 2 കത്തുകൾ അറാദ് എഴുതി. അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാൽ 1988 മുതൽ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതൽ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങൾ നടത്തിവരുന്നു. അഞ്ചുവർഷം മുൻപ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ അറാദ് 1988ൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു.
ഇസ്രയേലി ശതകോടീശ്വരനും രാജ്യത്തെ നാലാമത്തെ ധനികനുമായ ടെഡി സാഗിയെ കൊല്ലാനായി ഒരിക്കൽ ഒരു വാടകക്കൊലയാളി സൈപ്രസിൽ എത്തിയെന്ന അഭ്യൂഹം വൻവിവാദം സൃഷ്ടിച്ചിരുന്നു.ഇറാനിലെ നിരവധി ആണവശാസ്ത്രജ്ഞരും സൈനിക ഓഫിസർമാരും മിലിട്ടറി ഓഫിസർമാരുമൊക്കെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപണവുമുയർത്തിയിട്ടുണ്ട്.ഇറാനിയൻ റവല്യൂഷണറി ഗാർഡ്‌സിന്റെ അംഗമായ അലി കാമാനി, എയ്‌റോസ്‌പേസ് വിദഗ്ധനും പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരനുയ മുഹമ്മദ് അബ്ദൂസ് തുടങ്ങിയവരുടെ മരണങ്ങൾ ഇത്തരം അഭ്യൂഹം ഉയർത്തിവിട്ടവയാണ്.