പുട്ടിന്റെ സ്വകാര്യ ആർമിയെന്നറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്; നേരിടാൻ മാലിയിലും യുക്രെയ്ൻ ഡ്രോണുകൾ
Mail This Article
ആഫ്രിക്കൻ രാജ്യമായ മാലിയിൽ 12 വർഷമായി ആഭ്യന്തര യുദ്ധം നിർത്താതെ നടക്കുകയാണ്. അസാവാദ് എന്നറിയപ്പെടുന്ന വടക്കൻ മാലി മേഖലയിൽ ആധിപത്യമുറപ്പിക്കാനായി വിമതരും അപ്പുറത്ത് സഖ്യസേനയുമാണ് യുദ്ധത്തിലെങ്കിലും അനേകം മുന്നണികളും സജീവം. റഷ്യയുടെ പിന്തുണ പൊതുവെ മാലി സർക്കാരിനും അവരുടെ സൈന്യത്തിനുമാണ്. റഷ്യയിലെ ശ്രദ്ധേയരായ വാഗ്നർ ഗ്രൂപ്പ് മാലി സൈന്യത്തിനെ സഹായിക്കുന്നു.എന്നാൽ ഒരു റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പരിച്ഛേദം ഇവിടെയും സജീവമാണ്. വാഗ്നർ ഗ്രൂപ്പിനെ നേരിടാനായി യുക്രെയ്ൻ ഡ്രോണുകളാണ് വിമതർ കൂടുതലായി ഉപയോഗിക്കുന്നതെന്നു പുതിയ റിപ്പോർട്ടുകൾ പറയുന്നു.
'വ്ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമി'. റഷ്യയിലെ വാഗ്നർ ഗ്രൂപ്പിനെ ഇങ്ങനെയാണു പാശ്ചാത്യ യുദ്ധനിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും പതിനായിരക്കണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രെയ്നിലെത്തിച്ചിരുന്നു. യുക്രെയ്ൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇവരുണ്ട്.
ബ്രിട്ടിഷ് മാധ്യമമായ ബിബിസി വാഗ്നർ ഗ്രൂപ്പിനെപ്പറ്റി ഒരിക്കൽ ഒരു അന്വേഷണാത്മക ഡോക്യുമെന്ററി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ ഉത്ഭവം അടക്കമുള്ള കാര്യങ്ങൾ അവർ പരിശോധിച്ചു.ഡിമിത്രി യുറ്റ്കിൻ എന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഈ ഗ്രൂപ്പിനു തുടക്കമിട്ടതെന്നായിരുന്നു അതിൽ തെളിഞ്ഞത്. വാഗ്നർ എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരു തന്നെ ഗ്രൂപ്പിനു വന്നു.
സ്പെറ്റ്സ്നാസ് എന്ന റഷ്യൻ പ്രത്യേക സേനയുടെ ഓഫിസറായിരുന്നു യുറ്റ്കിൻ. റഷ്യൻ ചാര, ഇന്റലിജൻസ് വൃത്തവും മഹാശക്തരുമായ ജിആർയുവിന്റെ മുൻ ലഫ്.കേണലും.
2014ൽ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്‌നർ ഗ്രൂപ്പിന്റെയും ജനനമെന്ന് വിലയിരുത്തപ്പെടുന്നു.ആയിരത്തോളം പേർ ഈ ഗ്രൂപ്പിൽ ചേർന്നു. തുടർന്ന് ഇവർ ലുഹാൻസ്കിലെയും ഡോനെറ്റ്സ്കിലെയും റഷ്യൻ വിമതരെ പിന്തുണയ്ക്കാൻ തുടങ്ങി.
റഷ്യൻ ഭരണകൂടത്തിനു വലിയൊരു ആയുധമാണ് വാഗ്നർ പടയാളികൾ. ഭരണഘടന പ്രകാരം റഷ്യയ്ക്ക് സ്വകാര്യ സേനകളെയൊന്നും പിന്തുണയ്ക്കാൻ സാധിക്കില്ല. വാഗ്നർ പടയാളികൾ എന്തെങ്കിലും യുദ്ധക്കുറ്റം ചെയ്താലും റഷ്യയ്ക്ക് ഒഴിയാൻ സാധിക്കും.മുൻ സൈനികരെയാണു വാഗ്‌നർ ഗ്രൂപ്പ് പൊതുവെ ലക്ഷ്യമിടുന്നത്. സിറിയയിലും ലിബിയയിലും ക്രൈമിയയിലുമൊക്കെ കടക്കെണിയിലായ പല മുൻ സൈനികരും ഈ മിലിഷ്യയിൽ ചേർന്നിരുന്നു. വാഗ്നർ ഗ്രൂപ്പിനുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ നൽകുന്നത് റഷ്യൻ ഇന്റലിജൻസ് വൃത്തമായ ജിആർയുവാണെന്നുള്ള ആരോപണം ശക്തമാണ്. ലിബിയയിൽ റഷ്യൻ പിന്തുണയുള്ള ജനറൽ ഹഫ്താറിനെ വാഗ്നർ ഗ്രൂപ്പ് സൈനികമായി സഹായിക്കുന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും സുഡാനിലും ഈ സേനയുണ്ട്.