ഇസ്രയേലിന്റെ തിരിച്ചടി! ലക്ഷ്യം ഇറാനിൽ ഷഹബ് മിസൈൽ സംഭരിച്ചിരിക്കുന്ന ഭൂഗർഭ കേന്ദ്രമോ?
Mail This Article
ഇറാനെ ഇസ്രയേൽ തിരിച്ചടിക്കുമോ?ലോകരാഷ്ട്രീയ രംഗത്തെയും പ്രതിരോധ രംഗത്തെയും പ്രധാന ചോദ്യമാണ് ഇത്. അലയടങ്ങാതെ ഈ ചോദ്യം നിലനിൽക്കുന്നു. ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതിനു പിന്നാലെ എങ്ങനെയായിരിക്കും ഇസ്രയേലിന്റെ തിരിച്ചടിയെന്ന് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇറാന്റെ ആണവ സംപുഷ്ടീകരണ പ്ലാന്റുകളിലോ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലോ ആക്രമണം ഉണ്ടായേക്കാമെന്ന് ശക്തമായ വിലയിരുത്തലുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനു സാധ്യത വളരെ കുറവെന്നാണ് പറയപ്പെടുന്നത്.
ഇറാന്റെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണമുണ്ടാകാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ഇറാനിലെ ഖുറാമാബാദിലുള്ള ഇമാം അലി സീലോ മിസൈൽ ബേസ് എന്ന അണ്ടർഗ്രൗണ്ട് മിസൈൽ കേന്ദ്രം ഇസ്രയേൽ ലക്ഷ്യം വയ്ക്കാവുന്ന ഹൈ പ്രൊഫൈൽ ലക്ഷ്യങ്ങളിൽ ഒന്നാണ്. 8 ടണലുകൾ, 2 ലോഞ്ച് ഷാഫ്റ്റ്, സ്റ്റോറേജ് ബങ്കറുകൾ തുടങ്ങിയവ അടങ്ങിയതാണ് ഈ ബേസ്.
ഷഹബ് 3 മിസൈലുകൾ സംഭരിക്കുന്ന ഇടവും കൂടിയാണ് ഇവിടം. 1300 കിലോമീറ്റർ റേഞ്ചുള്ള മിസൈലുകളാണ് ഷഹബ്–3. 800 മുതൽ 1200 കിലോ വരെ ഭാരം വരുന്ന സ്ഫോടകവസ്തുക്കൾ ഇവയ്ക്ക് വഹിക്കാം.ഇറാൻ ആക്രമണത്തിന്റെ കുന്തമുനയായ ബാലിസ്റ്റിക് മിസൈലുകൾ സംഭരിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോറുകളുടെ കീഴിലുള്ള മിസൈൽ സേനയാണ് ഈ ബേസ് നിയന്ത്രിക്കുന്നത്.
ദൂരം കണക്കാക്കിയാൽ ഇസ്രയേലിൽ നിന്ന് 1265 കിലോമീറ്റർ അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ധാരാളമുള്ള ഇറാനിലെ കെർമൻഷാ പട്ടണവും ജാഗ്രതയിലാണ്.ഇറാനിയൻ സൈന്യത്തിന്റെ ബേസുകളായ അബ്ദുസാർ ഗാരിസൻ, മറ്റ് ഇന്റലിജൻസ് കേന്ദ്രങ്ങൾ തുടങ്ങിയവയും ഇസ്രയേൽ ലക്ഷ്യമിടാവുന്ന ടാർഗറ്റുകളാണ്.