ഹമാസ് നേതാവിനെ ഇസ്രയേൽ കണ്ടെത്തി കൊലപ്പെടുത്തിയതെങ്ങനെ, ആ ഭീകര ചിത്രങ്ങളിൽ യഹ്യ സിൻവറോ?
Mail This Article
‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, അപ്രതീക്ഷിതമായി കടന്നുവന്ന ആയിരക്കണക്കിനു ഡ്രോണുകളുടെ മുന്നിൽ അടിപതറിയെങ്കിലും താമസിയാതെ തന്നെ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരില്‍ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് നടന്ന ഈ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്നു യഹ്യ സിൻവർ. കഴിഞ്ഞ ഒരു വർഷമായി ഇസ്രയേലിന്റെ ചാരക്കണ്ണുകളെ വെട്ടിച്ചു യുദ്ധഭൂമിയിൽ ഒളിവിൽ കഴിയുകയായിരുന്നു യഹ്യ സിൻവർ.
എവിടെയായിരുന്നു യഹ്യ?
ഇസ്രയേലിൽ നിന്ന് പിടികൂടിയ ബന്ദികളുടെ മനുഷ്യകവചങ്ങളുമായി ഗാസയിൽ ഹമാസ് നിർമ്മിച്ച അനേകം തുരങ്കങ്ങളിൽ ഒന്നിലാണ് 61കാരനായ യഹ്യ സിൻവാർ, ഒളിച്ചിരുന്നതായി പറയപ്പെടുന്നത്. ഇസ്രയേല്‍ ചാരക്കണ്ണുകളുടെ മുന്നിൽപ്പെട്ടതിനാലല്ല, സൈന്യം നടത്തിയ തിരച്ചിലുകൾക്കിടെയുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലിലാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. വിശദാംശങ്ങൾ ലഭിക്കുന്നതേ ഉള്ളുവെന്ന് ഓർക്കുക.
എങ്ങനെയായിരുന്നു സംഭവം?
ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തിൽ ലഭ്യമായുള്ളൂ. ഇതനുസരിച്ച് ഐഡിഎഫിന്റെ 828-ാമത് ബിസ്‌ലാമാച്ച് ബ്രിഗേഡിൽ നിന്നുള്ള ഒരു യൂണിറ്റ് റാഫയിലെ താൽ അൽ-സുൽത്താനിൽ ബുധനാഴ്ച പട്രോളിങ് നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന 3 പേരെ കണ്ടെത്തിയ സൈന്യം അവരെ പിന്തുടർന്നു. കെട്ടിടങ്ങളുടെ മറവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഡ്രോണിന്റെ സഹായത്തിൽ കണ്ടെത്തി കൊലപ്പെടുത്തി.
മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആയിരിക്കാമെന്ന് ഇസ്രയേൽ പറഞ്ഞത്. പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കുള്ളിൽ ചില ചിത്രങ്ങളും പുറത്തുവന്നു. സിൻവറിന് സമാനമായ ശാരീരിക സവിശേഷതകളുള്ള, തലയ്ക്ക് ഗുരുതരമായ മുറിവേറ്റിരുന്ന ഒരാളുടെ മൃതദേഹമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
എന്തായാലും കൂടുതൽ പരിശോധനയ്ക്കായി വിരലിന്റെ ഒരു ഭാഗം ഇസ്രയേലിലേക്ക് അയച്ചു. പരിശോധനകൾക്ക് അധികം സമയം വേണ്ടിവന്നില്ല. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ, പരിശോധന പൂർത്തിയായതായി ഇസ്രയേൽ അറിയിച്ചു, സിൻവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
യുദ്ധം തീരുമോ?
ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിൻവറിനെ കൊല്ലുക എന്നത് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ ഈ മരണത്തോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നില്ലെന്നും ഹമാസിന്റെ കൈവശമുള്ള 101 ബന്ദികളെ തിരികെയെത്തിക്കുന്നതും ഒരു ലക്ഷ്യമാണെന്ന് ഇസ്രയേൽ പറയുന്നു. എല്ലാവരും മടങ്ങിവരുന്നതുവരെ യുദ്ധം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
ആരാണ് യഹ്യ സിൻവർ?
1962ൽ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലാണ് യാഹ്യ സിൻവർ ജനിച്ചത്. 1967ൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുക്കുമ്പോൾ സിൻവറിന് അഞ്ച് വയസ്സായിരുന്നു. 1948ൽ ഇസ്രയേൽ രൂപീകൃതമായപ്പോൾ ആഷ്കെലോൻ ആയിത്തീർന്ന ഗാസ മുനമ്പിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള മജ്‌ദൽ അസ്കലമിൽനിന്നുള്ള അഭയാർഥികളായിരുന്നു സിൻവറിന്റെ കുടുംബം.
ഇസ്രയേൽ സൈനികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ 1988ൽ അറസ്റ്റിലായി. 22 വർഷം ഇസ്രയേൽ ജയിലിൽ കഴിഞ്ഞു. തടവുകാരുടെ കൈമാറ്റത്തിലൂടെ 2011ൽ മോചിതനായി. അതിനാൽത്തന്നെ ഇസ്രയേലിന്റെ പക്കൽ യഹ്യയുടെ ഡിഎൻഎ വിശദാംസങ്ങൾ ഉണ്ടായിരിക്കാനും അവർ വിരലിന്റെ ഭാഗങ്ങളിൽനിന്നും തിരിച്ചറിയാനും ഇടയുണ്ട്.
പ്രത്യാഘാതം
യഹ്യ വധത്തിനു തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ് നൽകുകയാണ് ഇറാൻ സൈന്യം. 'നമ്മൾ വിജയം നേടും അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും'–യഹ്യ സിൻവറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് പങ്കുവച്ച എക്സ് പോസ്റ്റിലൂടെ ഇറാൻ സൈന്യം ഇസ്രയേലിനു മുന്നറിയിപ്പ് നൽകി.