ഇസ്രയേൽ ഹെലികോപ്റ്ററുകളെ കബളിപ്പിക്കുന്ന ഹിസ്ബുല്ല ഡ്രോൺ ദൃശ്യങ്ങൾ വൈറൽ, നവീന ആയുധങ്ങളെന്ന് സൂചന!
Mail This Article
ഹമാസ് തലവൻ യഹ്യ സിൻവറിനെ ഐഡിഎഫ് കൊലപ്പെടുത്തിയതിനുശേഷം ഇസ്രയേലിനു നേരെയുള്ള ആക്രമണം രൂക്ഷമാക്കി ഹിസ്ബുല്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു. ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.പ്രധാനമന്ത്രിയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല, ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ലബനനിൽ നിന്ന് വിക്ഷേപിച്ച 3 ഡ്രോണുകളിൽ രണ്ടെണ്ണവും വെടിവെച്ചിട്ടതായും ഐഡിഎഫ് പറയുന്നു. അതേസമയം ആകാശത്ത് പറക്കുന്ന ഐഡിഎഫ് ഹെലികോപ്റ്ററിനെ കളിയാക്കിയെന്നവണ്ണം സമീപത്തായി കടന്നുപോകുന്ന മറ്റൊരു ഡ്രോണിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് ഇറാന്‍ മിലിറ്ററി.
ഡ്രോൺ ആക്രമണങ്ങൾക്ക് പുറമേ, വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല റോക്കറ്റുകൾ പ്രയോഗിച്ചു. ഹിസ്ബുല്ല പുതിയ തരം പ്രിസിഷൻ ഗൈഡഡ് മിസൈലുകളും ഡ്രോണുകളും ആദ്യമായി ഉപയോഗിച്ചതായി നിരീക്ഷകർ പറയുന്നു.
ഹിസ്ബുല്ലയുടെ പ്രാദേശിക കമാൻഡ് സെന്റർ വ്യോമാക്രമണത്തിലൂടെ തകർത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ ആക്രമണം. സെപ്റ്റംബർ അവസാനം മുതൽ ലബനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരത്തിനടുത്ത് വരും.
യഹ്യ സിൻവറിനെ രഹസ്യതാവളത്തിൽ കഴിയുമ്പോഴാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് നടന്ന ഈ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്നു യഹ്യ സിൻവർ. കഴിഞ്ഞ ഒരു വർഷമായി ഇസ്രയേലിന്റെ ചാരക്കണ്ണുകളെ വെട്ടിച്ചു യുദ്ധഭൂമിയിൽ ഒളിവിൽ കഴിയുകയായിരുന്നു യഹ്യ സിൻവർ