ഹമാസ് തലവൻ യഹ്യ സിൻവറിന്റെ ഭൂഗർഭ സങ്കേതത്തിന്റെ വിഡിയോ പുറത്ത്: സന്നാഹങ്ങൾ ഇങ്ങനെ
Mail This Article
ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് സിൻവറും ഭാര്യയും മക്കളും തുരങ്കത്തിലൂടെ നടക്കുന്ന വിഡിയോകളും പുറത്തുവന്നിരുന്നു.മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് ഒളിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് പറയുന്നു.
സിൻവറിറെ ഭൂഗർഭ ഒളിസങ്കേതത്തിന്റെ ഉൾവശം കാണിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പങ്കിട്ടു. അറയിലെ സൗകര്യങ്ങൾ ഒരു ഇസ്രയേൽ സൈനികൻ വിവരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിവരണം നൽകുന്ന സൈനികന്റെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്.യുണൈറ്റഡ് നേഷൻസ് പലസ്തീനിയൻ അഭയാർത്ഥി ഏജൻസി (UNRWA) എന്ന ലോഗോ ലേബൽ ചെയ്തിരിക്കുന്ന ഭക്ഷണസാധനങ്ങള്‍, കുളിമുറികൾ, പൂർണ്ണമായി പ്രവർത്തനക്ഷമമായ അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഒരു ബങ്കറാണ് വിഡിയോയിൽ കാണാവുന്നത്.
ഭക്ഷണത്തിന് ആവശ്യമായ ധാന്യങ്ങളും ധാരാളം പണവും മറ്റും ബങ്കറിൽ ശേഖരിച്ചിട്ടുള്ളതായും വിഡിയോയിൽ കാണാം. നോട്ടുകൾ ഒരു ലോക്കറിൽ അടുക്കിവച്ച നിലയിലും കൂട്ടിയിട്ട നിലയിലും കാണാം. ഒരു മുറിയിൽ നിറയെ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമാണ്, ഒപ്പം ആര്‍മി യൂണിഫോമുകളും കാണാനാകും. എന്തായാലും ഈ തുരങ്കത്തിൽ കഴിയുമ്പോൾ ഇസ്രയേല്‍ ചാരക്കണ്ണുകളുടെ മുന്നിൽപ്പെട്ടതിനാലല്ല, സൈന്യം നടത്തിയ തിരച്ചിലുകൾക്കിടെയുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലിലാണ് മരണമെന്നാണ് പുറത്തുവന്ന വിവരം.
ഐഡിഎഫിന്റെ 828-ാമത് ബിസ്‌ലാമാച്ച് ബ്രിഗേഡിൽ നിന്നുള്ള ഒരു യൂണിറ്റ് റാഫയിലെ താൽ അൽ-സുൽത്താനിൽ ബുധനാഴ്ച പട്രോളിങ് നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന 3 പേരെ കണ്ടെത്തിയ സൈന്യം അവരെ പിന്തുടർന്നു. കെട്ടിടങ്ങളുടെ മറവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ ഡ്രോണിന്റെ സഹായത്തിൽ കണ്ടെത്തി കൊലപ്പെടുത്തി.മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആയിരിക്കാമെന്ന് ഇസ്രയേൽ പറഞ്ഞത്.
പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കുള്ളിൽ ചില ചിത്രങ്ങളും പുറത്തുവന്നു. സിൻവറിന് സമാനമായ ശാരീരിക സവിശേഷതകളുള്ള, തലയ്ക്ക് ഗുരുതരമായ മുറിവേറ്റിരുന്ന ഒരാളുടെ മൃതദേഹമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.എന്തായാലും കൂടുതൽ പരിശോധനയ്ക്കായി വിരലിന്റെ ഒരു ഭാഗം ഇസ്രയേലിലേക്ക് അയച്ചു. പരിശോധനകൾക്ക് അധികം സമയം വേണ്ടിവന്നില്ല. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ, പരിശോധന പൂർത്തിയായതായി ഇസ്രയേൽ അറിയിച്ചു, സിൻവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.