അത്യാധുനിക ആയുധം ഭ്രമണപഥത്തിൽ വിന്യസിച്ചു ചൈന, അസാധ്യമെന്നു കരുതിയ ടെക്നോളജി!
Mail This Article
സ്റ്റാര്‍ വാര്‍സ് സിനിമയിലേതുപോലുള്ള അത്യാധുനിക ആയുധം ചൈനീസ് ഗവേഷകർ നിര്‍മിച്ചെന്ന് അവകാശവാദം. ശത്രു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ തന്നെ വച്ചു തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണത്രെ പുതിയ ആയുധം. സ്റ്റാര്‍ വാര്‍സില്‍ ഗ്രഹങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി കാണിച്ചിരിക്കുന്ന 'ഡെത്ത് സ്റ്റാര്‍' ലേസറിന് സമാനമാണ് ചൈന നിര്‍മിച്ച ആയുധം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല മൈക്രോവേവ് റേഡിയേഷന്റെ പള്‍സുകളെ ഒറ്റ ബീമായി ഒരുമിപ്പിച്ചാണ് പുതിയ സംവിധാനം ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തുക.
ഒരു സെക്കന്റിന്റെ 170 ട്രില്യൻ അംശത്തില്‍ ലക്ഷ്യം കണ്ടിരിക്കുമൊന്നൊക്കെയാണ് അവകാശ വാദം. അത്യാധുനിക ജിപിഎസ് സാറ്റലൈറ്റുകളിലുള്ള, ആണവ ക്ലോക്കുകളെക്കാള്‍ കൃത്യത വേണം ഇതിന്. പക്ഷേ യാഥാര്‍ഥ്യമാക്കുക അസാധ്യമാണെന്ന് കരുതിയിരുന്ന ടെക്‌നോളജിയാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ അസാധാരണ ആയുധത്തിന്റെ പരീക്ഷണ ഘട്ടം കഴിഞ്ഞിരിക്കുന്നതായും താമസിയാതെ സൈന്യത്തിന് ഉപയോഗിക്കാനും സാധിച്ചേക്കുമത്രെ. 'അള്‍ട്രാ-ഹൈ ടൈം പ്രിസിഷന്‍ സിങ്ക്രണൈസേഷന്‍' ടെക്‌നോളജി പുതിയ തലത്തിലേക്ക് ഉയര്‍ന്നതാണ് ഈ ടെക്നോളജി യാഥാർഥ്യമാകാൻ സഹായകരമായത് എന്നാണ് റിപ്പോര്‍ട്ട്.
പല സാധ്യതകള്‍
ഒന്നിലേറെ ഉദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചേക്കും. വിദ്യാഭ്യാസം, പരിശീലനം, സൈനികാവശ്യങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ ഗുണകരമായേക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ആയുധത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റുകളുടെ ഗണത്തിലാണ് അത് പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇത്തരം ആയുധങ്ങള്‍ ബഹിരാകാശത്ത് പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ചൈനയിലെ അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിനിമയില്‍ കാണിച്ച രീതിയില്‍ ഒരു ഗ്രഹത്തെ തകര്‍ത്തു കളയാനുള്ള കെല്‍പ്പുള്ളതൊന്നുമല്ല ഈ സംവിധാനമെങ്കിലും, അതിന് ശത്രു രാജ്യങ്ങളുടെ വര്‍ത്താവിനിമയ, അല്ലെങ്കില്‍ ജിപിഎസ് സാറ്റലൈറ്റുകള്‍ക്ക് നാശമുണ്ടാക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. രഹസ്യമായി നിര്‍മ്മിച്ചെടുത്തിരിക്കുന്നഈ ബഹിരാകാശ ആയുധം, ഏഴ് മൈക്രോവേവ്-വിക്ഷേപണ 'വാഹനങ്ങളാണ്' പ്രയോജനപ്പെടുത്തുന്നതെന്ന് സൗത് ചൈനാ മോണിങ് പോസ്റ്റ് പറയുന്നു.
വളരെ വിസ്തൃതമായ പ്രദേശത്താണ് ഇവ ഏഴും വിന്യസിച്ചിരിക്കുന്നത്. എന്നാല്‍, ഇവയ്ക്ക് ഒരേ സമയത്ത് ഒരേ ലക്ഷ്യസ്ഥാനത്തിനുനേരെ അതിശക്തമായ ഒറ്റ ആക്രമണം നടത്താന്‍ സാധിക്കും. അതായത്, ഒന്നിലേറെ തരംഗങ്ങളെ ഒറ്റ പള്‍സായി ഒരുമിപ്പിക്കുക വഴി ശത്രു സാറ്റലൈറ്റുകളെ നാമാവശേഷമാക്കാന്‍സാധിക്കും.
ഇതിന്റെ സവിശേഷതയെന്ത്?
വിവിധ മൈക്രോവേവ് പള്‍സുകളെ ഒരുമിപ്പിക്കുക എന്നതിന് മുമ്പൊരിക്കലും സാധ്യമായിരുന്നില്ലാത്ത തരത്തിലുള്ള കൃത്യത ആവശ്യമാണ് എന്നിടത്താണ് ചൈനയുടെ നേട്ടം. ചൈനയുടെ തന്നെ ടിയാന്‍ഗോങ് സ്‌പേസ് സ്റ്റേഷനില്‍ വച്ചിരിക്കുന്ന ആറ്റമിക് ക്ലോക്കിന് ഏതാനും ബില്ല്യന്‍ വര്‍ഷത്തിനിടയില്‍ സെക്കന്‍ഡ് വ്യത്യാസമാണ് വരുന്നത്. അതിനു പോലും പുതിയ സംവിധാനത്തില്‍ സാധിച്ചിരിക്കുന്ന കൃത്യതയില്ല.
ഓരോ 'വാഹനവും' തമ്മില്‍ ഫൈബര്‍ഒപ്ടിക് കേബിളുകള്‍ വഴി കണക്ട് ചെയ്താണ് തങ്ങള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. അവരുടെ നേട്ടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. പക്ഷെ, കഴിഞ്ഞ വര്‍ഷം ശാസ്ത്രജ്ഞര്‍ ഒരു സെക്കന്‍ഡിന്റെ 10 ട്രില്ല്യന്‍ അംശത്തിനിടയില്‍ 1,800 കിലോമീറ്ററിലേറെ അകലെയുള്ള വസ്തുവിനു നേരെ സിങ്ക്രണൈസേഷന്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സ്റ്റാര്‍ വാര്‍സിലെ ഡെത് സ്റ്റാറിനെ പോലെ വ്യത്യസ്ത ഊര്‍ജ്ജ ബീമുകളെ ഒറ്റ പള്‍സാക്കി തീര്‍ത്താണ് ആക്രമണം നടത്തുന്നത്. നിലവില്‍ ലഭ്യമായ വിവരം വച്ച് ചൈന യാഥാര്‍ത്ഥ്യമാക്കിയ ഡെത് സ്റ്റാര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ:
1.ഏഴ് മൈക്രോവേവ് 'വാഹനങ്ങളെ' ഫൈബര്‍ഒപ്ടിക് കേബിളുകള്‍ വഴി ബന്ധപ്പെടുത്തിയിരിക്കുന്നു.
2.ലേസറുകള്‍ ഉപയോഗിച്ച് ഈ 'വാഹനങ്ങള്‍' കൃത്യമായി എവിടെ നില്‍ക്കുന്നു എന്ന് വിലയിരുത്തുന്നു.
3.ഈ വാഹനങ്ങള്‍ മൈക്രോവേവ് ഊര്‍ജം അതീവ കൃത്യതയോടെ തൊടുക്കുന്നു.
4.ഇത്തരത്തില്‍ ഏഴ് വാഹനങ്ങളും തൊടുക്കുന്ന ബീമുകള്‍ ഒരേ സമയം ലക്ഷ്യത്തില്‍ പതിക്കുന്നു.
5.ശത്രുവിന്റെ വാര്‍ത്താവിനിമയ സാറ്റലൈറ്റ് നശിപ്പിക്കപ്പെടുന്നു.
ആക്രമണം ഒരേ ലക്ഷ്യത്തില്‍ തന്നെ പതിക്കുന്നു എന്നുറപ്പാക്കാനായി ലേസര്‍ പൊസിഷനിങ് ഉപകരണവും പ്രയോജനപ്പെടുത്തുന്നു. വാഹനങ്ങള്‍ കൃത്യമായി എവിടെ നില്‍ക്കുന്നു എന്ന് നിര്‍ണയിച്ച ശേഷം ആക്രമണം നടത്താം. ഏഴു വാഹനങ്ങളും ഒരേ സമയത്ത് നശീകരണ ബീം തൊടുക്കും. ഇവയുടെ ആഘാതം '1+1>2' ആണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍, ഏഴ് വാഹനങ്ങളും വ്യത്യസ്തമായി തൊടുക്കുന്ന ബീമുകള്‍ ഒരുമിപ്പിച്ചാല്‍ ലഭിക്കുന്ന കരുത്തിനേക്കാളേറെയാണത്രെ ഇങ്ങനെ ലഭിക്കുന്ന ശക്തി. സിനിമയില്‍ കാണിക്കുന്നതു പോലെഒരു ഗ്രഹത്തെ നശിപ്പിക്കാനൊന്നും ഇത് മതിയാവില്ലെങ്കിലും ഒരു സാറ്റലൈറ്റിനെ ഉന്മൂലനം ചെയ്യാന്‍ ഇതു ധാരാളം മതിയത്രെ.
സാധാരണ ആക്രമണങ്ങള്‍ക്ക് തൊടുക്കുന്നത് സ്‌ഫോടകവസ്തുക്കളും, റോക്കറ്റുകളുമൊക്കെയാണെങ്കില്‍, ചൈനയുടെ പുതിയ ആയുധം നശീകരണത്തിനായി അയയ്ക്കുന്നത് ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനാണ്. ഡയറക്ട് എനര്‍ജി ആയുധം എന്ന വിഭാഗത്തിലാണ് ഇത് വരുന്നത്. മിസൈലുകളെയും, ഡ്രോണുകളെയും തകര്‍ക്കാന്‍ലേസറുകള്‍ ഉപയോഗിക്കുന്ന വിദ്യയേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് പുതിയ ടെക്‌നോളജി.
ഡയറക്ട് എനര്‍ജി വെപ്പണ്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ആയുധങ്ങള്‍ വികസിപ്പിക്കുന്ന കാര്യം പല രാജ്യങ്ങളും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ബ്രിട്ടന്റെ ഡ്രാഗണ്‍ഫയര്‍ ലേസര്‍. ഇതിന് അതീവ കൃത്യതയോടെ ഡ്രോണിനെ അന്തരീക്ഷത്തില്‍ വച്ചു തന്നെ നശിപ്പിക്കാന്‍സാധിക്കും. അമേരിക്ക വികസിപ്പിച്ച ടാക്ടിക്കല്‍ ഹൈ-പവര്‍ ഓപ്പറേഷണല്‍ റെസ്‌പോണ്ടര്‍ (തോര്‍ THOR) ആണ് മറ്റൊരു ഉദാഹരണം. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുക എന്നത് ചിലവു കുറഞ്ഞ കാര്യമാണ് എന്നതും ഈ മേഖലയിലുള്ള ഗവേഷണത്തിന് ആക്കം കൂട്ടുന്നു. ശത്രുക്കളുടെ ആശയവിനിമയ സാറ്റലൈറ്റുകള്‍ നിലംപൊത്തിക്കാന്‍സാധിക്കുക എന്നത് യുദ്ധത്തില്‍ വളരെ ഗുണകരമാണ് എന്ന് വിലയിരുത്തപ്പെടുന്നു.
ചൈനയുടെ ഡെത് സ്റ്റാര്‍ വികസിപ്പിച്ചിരിക്കുന്നത്, ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ് കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, സിയാന്‍ നാവിഗേഷന്‍ ടെക്‌നോളജി റീസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ചൈനീസ് സൈന്യത്തിന് ആയുധങ്ങള്‍ മുമ്പും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, പുതിയ ആയുധം സൈന്യം പ്രയോജനപ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.