ADVERTISEMENT

ഇന്ത്യന്‍ നാവികസേനയുടെ വ്യത്യസ്ത പടക്കപ്പലുകളുടെ നിയന്ത്രണ ചുമതലയിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഹോദരങ്ങള്‍. കമാന്‍ഡര്‍ പ്രേര്‍ന ദോസ്തലേയും കമാന്‍ഡര്‍ ഇഷാന്‍ ദോസ്തലേയുമാണ് ഇന്ത്യയില്‍ ആദ്യമായി യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍ സ്ഥാനത്തെത്തിയ സഹോദരങ്ങള്‍. വെസ്റ്റേണ്‍ കമാന്‍ഡിനു കീഴില്‍ കമാന്‍ഡര്‍ പ്രേര്‍ന ദോസ്തലേ ഐഎന്‍എസ് ട്രിങ്കറ്റും, സഹോദരനും നാവികസേന കമാന്‍ഡറുമായ ഇഷാന്‍ ദോസ്തലേ ഐഎന്‍എസ് വിക്രാന്തുമാണ് കമാന്‍ഡു ചെയ്യുന്നത്. 

ഇഷാന്‍ ദോസ്തലേ

ഐഎന്‍എസ് വിഭൂതിയുടെ കമാന്‍ഡായാണ് ഇഷാന്‍ ദോസ്തലേ ചുമതലയേറ്റത്. ഇന്ത്യന്‍ നാവികസേനയുടെ വീര്‍ ക്ലാസ് മിസൈല്‍ വെസലാണ് ഐഎന്‍എസ് വിഭൂതി. അറേബ്യന്‍ ഉള്‍ക്കടലിലെ ഗോവന്‍ തീരത്തു വെച്ച് ഐഎന്‍എസ് വിഭൂതിയുടെ സ്റ്റീം പാസ്റ്റ് ആഘോഷത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പങ്കെടുത്തിരുന്നു. 

പ്രേര്‍ന ദോസ്തലേ

ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലിന്റെ കമാന്‍ഡര്‍ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിതയായിക്കൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ പ്രേര്‍ന ദോസ്തലേ ചരിത്രം രചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാട്ടര്‍ജെറ്റ് ഫസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ(എഫ്എസി) ഐഎന്‍എസ് ട്രിങ്കറ്റിന്റെ കമാന്‍ഡറായി പ്രേര്‍ന ദോസ്തലെ തെരഞ്ഞെടുക്കപ്പെട്ടത്. നാവികസേനാ ദിനമായ ഡിസംബര്‍ നാലിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രേര്‍ന ദോസ്തലെയുടെ നേട്ടം. 

2008ലാണ് ലെഫ്റ്റനന്റ് കേഡര്‍ പ്രേര്‍ന ദോസ്തലെ ഇന്ത്യന്‍ നാവികസേനയില്‍ ചേരുന്നത്. നാവികസേന ഓഫീസറെ തന്നെയാണ് അവര്‍ ജീവിതപങ്കാളിയാക്കിയിരിക്കുന്നതും. പ്രത്യേക പരിശീലനങ്ങള്‍ക്കൊടുവിലാണ് പ്രേര്‍ന ദോസ്തലെ ഐഎന്‍എസ് ട്രിങ്കറ്റിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തത്. മെഡിക്കല്‍, ഡെന്റല്‍ ഓഫീസര്‍മാര്‍ അടക്കം 750 വനിതാ ഓഫീസര്‍മാര്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്. 

രാഷ്ട്രപതിയുടെ സന്ദര്‍ശനം

ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചിരുന്നു. നാവികസേന ചീഫ് ഓഫ് നേവ് സ്റ്റാഫ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ രാഷ്ട്രപതി സന്ദര്‍ശനത്തിനിടെ പരിശോധിക്കുകയും ചെയ്തു. 

നാവികസേനയുടെ കരുത്തും തന്ത്രപ്രധാന മികവും എടുത്തു പറയാനും സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതി മറന്നില്ല. 'ദീര്‍ഘകാല ദൗത്യങ്ങള്‍ക്കായി വിദൂരസ്ഥലങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ യൂണിറ്റുകള്‍ എത്തുന്നുണ്ട്. നമ്മുടെ തന്ത്രപ്രധാന പ്രാധാന്യവും കഴിവുമാണ് ഇത് കാണിക്കുന്നത്. നിങ്ങളുടെ ഉചിതമായ ഇടപെടലുകള്‍ സമുദ്രത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം തട്ടിക്കൊണ്ടുപോയ ബള്‍ഗേറിയന്‍ കപ്പലിലുള്ളവരെ രക്ഷിക്കാന്‍ നമ്മുടെ നാവികസേനക്ക് സാധിച്ചിരുന്നു. ഈ സംഭവത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ബള്‍ഗേറിയന്‍ പ്രസിഡന്റ് നേരിട്ട് വിളിച്ചു സംസാരിച്ചകാര്യം ഇപ്പോള്‍ ഓര്‍ക്കുകയാണ്' പ്രസംഗത്തിനിടെ രാഷ്ട്രപതി മുര്‍മു പറഞ്ഞു.

English Summary:

History is made as siblings Prerna and Ishaan Dostale become the first in India to command different warships. Explore their journey and President Murmu's visit to INS Vikrant.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com