യുക്രെയ്ന് ആണവായുധം തിരികെക്കൊടുക്കില്ലെന്ന് അമേരിക്ക;അന്നു പോയതു പോയി, ഇനി 'വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ'!
Mail This Article
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തിയായ സോവിയറ്റ് യൂണിയൻ 1991ൽ തകർന്നു പല രാജ്യങ്ങളായപ്പോൾ ഏറ്റവുമധികം ആണവായുധങ്ങൾ റഷ്യയ്ക്കാണു ലഭിച്ചത്. ഇതു കഴിഞ്ഞുള്ള പങ്ക് യുക്രെയ്നും, ബെലാറസിനും, കസഖ്സ്ഥാനും ലഭിച്ചു. യുക്രെയ്ൻ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി മാറി.എന്നാൽ 1994ലെ ബുഡാപെസ്റ്റ് ഉടമ്പടി പ്രകാരം തങ്ങളുടെ എല്ലാ ആണവ ആയുധങ്ങളും ആണവനിർവ്യാപന നടപടികളിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി യുക്രെയ്ൻ ഉപേക്ഷിച്ചു. റഷ്യയും യുഎസും ബുഡാപെസ്റ്റ് ഉടമ്പടിക്ക് നേതൃത്വം വഹിക്കാനായുണ്ടായിരുന്നു.
അന്ന് യുക്രെയ്ൻ നൽകിയ ആണവായുധങ്ങൾ തിരികെക്കൊടുക്കാൻ യുഎസ് ശ്രമിക്കുമെന്ന് ഇടക്കാലത്ത് ഒരു പ്രമുഖമാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതു ചെയ്യില്ലെന്ന് യുഎസ് വൈറ്റ്ഹൗസ് സുരക്ഷാ ഉപദേശകൻ ജേക്ക് സള്ളിവൻ ഇന്നലെ വെളിപ്പെടുത്തി.ഇരുപതു വർഷം യുക്രെയ്ന് സുരക്ഷ എന്ന ഉറപ്പോടെയായിരുന്നു ബുഡാപെസ്റ്റ് ഉടമ്പടി. ഈ ഉടമ്പടിയുടെ കാലാവധി അവസാനിച്ച 2014ൽ തന്നെ വ്ലാഡിമിർ പുടിന്റെ റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് പാഞ്ഞുകയറുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഏകപക്ഷീയമായ യുദ്ധത്തിനു ശേഷം യുക്രെയിന്റെ കൈവശമുണ്ടായിരുന്ന ക്രിമിയ റഷ്യയ്ക്ക് സ്വന്തമായി.
യുക്രെയ്നെപ്പോലെ തന്നെ ബെലാറസും കസഖ്സ്ഥാനും തങ്ങളുടെ ആണവായുധങ്ങൾ ഉപേക്ഷിച്ചിരുന്നു. ഈ മൂന്നു രാജ്യങ്ങളും ഇന്ന് റഷ്യയുടെ സ്വാധീനവലയത്തിലാണ്.യുക്രെയ്ൻ അന്ന് ആണവായുധങ്ങൾ ഉപേക്ഷിച്ചത് വൻ മണ്ടത്തരമായെന്ന് ചിന്തിക്കുന്നവർ ഇന്ന് ആ രാജ്യത്തുണ്ട്. തങ്ങളുടെ നേതാക്കൾ അതുവഴി തങ്ങളുടെ സുരക്ഷ റഷ്യയുടെ കൈവശം അടിയറവ് വച്ചെന്ന് അവർ പറയുന്നു. എന്നാൽ അന്ന് പല കാരണങ്ങളാലാണ് യുക്രെയ്ൻ അത്തരമൊരു നടപടി കൈക്കൊണ്ടതെന്നതാണു സത്യമെന്ന് വിദഗ്ധർ പറയുന്നു. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഉപരോധങ്ങളും മറ്റും അവർക്ക് നേരിടേണ്ടി വന്നേനെ. യുക്രെയ്നെപ്പോലെ അപ്പോൾ പിറവിയെടുത്ത രാജ്യത്തിന് അതൊട്ടും ഗുണകരമാകില്ലായിരുന്നു.
ഏതായാലും യുക്രെയ്നിലുള്ളവർ ഇങ്ങനെ ചിന്തിക്കുന്നതിനു പിന്നിൽ ഒരുപാടു കാരണങ്ങളുണ്ട്. ആണവ ശക്തികളായ രാജ്യങ്ങൾ തമ്മിൽ പൂർണ തോതിൽ അധിനിവേശത്തിനു വഴിവയ്ക്കുന്ന നിലയിൽ യുദ്ധം നടന്നിട്ടില്ലെന്നതാണ് ഇതിൽ പ്രധാനം. ഇത്തരം യുദ്ധങ്ങളുണ്ടാകുമ്പോൾ തന്നെ ഇവ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാൻ രാജ്യാന്തര ലോകം വലിയ ശ്രദ്ധ പുലർത്തുന്നു.
യുക്രെയ്നിൽ റഷ്യ ആധിപത്യം സ്ഥാപിച്ചാൽ ലോകത്ത് നടക്കുന്ന ആണവ നിർവ്യാപന ശ്രമങ്ങൾക്ക് വൻ തിരിച്ചടിയാകും ലഭിക്കുകയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്വയം സുരക്ഷിതരാകാൻ കൂടുതൽ ലോകരാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ആണവായുധങ്ങൾ വികസിപ്പിക്കാനിടയുണ്ട്. ഇത് മറ്റൊരു ആണവായുധ മത്സരത്തിനു വഴിവയ്ക്കും. വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന മറ്റ് നശീകരണ ആയുധങ്ങളുടെ ആവശ്യവും ഗവേഷണവും ഇതുമൂലം കുതിച്ചുയരും.