വൻ ശക്തികളുടെ കിടമത്സരം: വിനാശകരമായ ലോകയുദ്ധത്തിലേക്കോ?, 2024ലെ സായുധപോരാട്ടങ്ങൾ
Mail This Article
രക്തരൂക്ഷിതമായ കലാപങ്ങളും യുദ്ധവും ഏതൊരു രാജ്യത്തിന്റെയും പുരോഗതിയെ ബാധിക്കും. ലോകം എഐ സാങ്കേതിക വിദ്യയുടെ അദ്ഭുത ലോകത്ത് അഭിരമിക്കുമ്പോഴും, പരസ്പരമുള്ള കൈയ്യേറ്റത്തിന്റെയും കീഴടക്കലിന്റെയും പിടിച്ചടക്കലിൽ നിന്നും മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. എഐ പോലുള്ള സാങ്കേതിക വിദ്യയെയും ഇത്തരം നശീകരണ പ്രക്രിയകൾക്കായി ഉപയോഗിക്കുന്ന കാഴ്ചയും നാം കണ്ടു. 2024ൽ ലോകത്തെ പിടിച്ചു കുലുക്കിയ ചില നിർണായക സംഭവങ്ങൾ പരിശോധിക്കാം.
യുക്രെയ്ൻ–റഷ്യ
ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ൻ–റഷ്യ പോരാട്ടം 2024 പിന്നിടുമ്പോഴും അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണ്. റഷ്യയുടെ പ്രതീക്ഷ തെറ്റിച്ചു, ഇരുഭാഗത്തും വ്യാപകമായ ആൾനാശത്തിനു കാരണമായ യുദ്ധത്തിൽ സമാധാനം കൈവരുത്താനുള്ള രാജ്യാന്തര മധ്യസ്ഥ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
യെമൻ
വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളുടെ ആഘാതം, ഒപ്പം ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണം ഇതൊക്കെയാണ് യെമനെ പ്രതിസന്ധിയിലാക്കുന്നത്. താൽക്കാലികമായുള്ള വെടിനിർത്തൽ കരാർ ചെറിയൊരു അയവ് സംഘർഷങ്ങളിൽ വരുത്തിയിരുന്നു.
ഇസ്രയേൽ –പലസ്തീൻ
ഇസ്രയേൽ- പലസ്തീൻ സംഘര്‍ഷം മേഖലയിലെ അസ്ഥിരതയുടെ പ്രധാന ഉറവിടമാണ്. 4 മാസം ആകുന്ന ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം അമ്പതിനായിരത്തോളം അടുക്കുന്നു. ആകെ 1,05,142 പേർക്കു പരുക്കേറ്റു. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു.
ഇസ്രയേൽ– ലെബനൻ
ഗാസയിലെ പലസ്തീൻ ഗ്രൂപ്പായ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ആരംഭിച്ചത്. സെപ്റ്റംബർ മുതൽ, ഇസ്രയേൽ ലബനനിൽ ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബോംബിങ് നടത്തി.
സിറിയ: ഇസ്രയേൽ, വിമതസേന
ഹയാത്ത് തഹ്‌രീർ അൽ ഷംസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിമതസേന സിറിയൻ സൈന്യവുമായി പോരാട്ടത്തിലാണ് . അലപ്പോയും ഇദ്ലിബ് പ്രവിശ്യയിലും സംഘർഷം അരങ്ങേറുന്നു. സിറിയ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ സിറിയയും ലക്ഷ്യമാകുന്നു.
ഇസ്രയേൽ– ഇറാൻ
തമ്മിൽ അതിർത്തികളില്ലെങ്കിലും ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്നായിരുന്നു ഇറാനും ഇസ്രയേലും തമ്മിൽ അരങ്ങേറിയിരുന്നത്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ഈ ശീതസമരം ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ച കാഴ്ചയാണ് 2024ൽ ലോകം സാക്ഷ്യം വഹിച്ചത്.
ഈ സംഘട്ടനങ്ങളുടെ കാരണങ്ങൾ പലപ്പോഴും ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ വൻ ശക്തികളായ റഷ്യ, ചൈന, അമേരിക്ക എന്നിവരുടെ പരസ്പരമുള്ള മത്സരം പ ഇത്തരം പ്രാദേശിക സംഘർഷങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്. ഒരു ലോക യുദ്ധത്തിലേക്കു പോയേക്കാമെന്നു തോന്നുന്ന ഇടപെടലുകളാണ് ഈ രാജ്യങ്ങളുടെ സമീപനത്തിലുണ്ടാകുന്നത്.