സിറിയ- ഇതു റഷ്യയുടെ സായ്‌ഗോൺ;അന്ന് അമേരിക്കയെ പിടികൂടിയ പ്രേതം
Mail This Article
ഇതു റഷ്യയുടെ സായ്‌ഗോൺ നിമിഷം! സിറിയയിൽ ബാഷർ അൽ അസദ് ഭരണകൂടം വീണതിനു തൊട്ടുപിന്നാലെ പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിച്ചതിങ്ങനെയാണ്.. എന്താണ് ഈ സായ്‌ഗോൺ നിമിഷം? ശീതയുദ്ധകാലം എന്നൊരു കാലമുണ്ടായിരുന്നു. യുഎസും റഷ്യയും (അന്നത്തെ സോവിയറ്റ് യൂണിയൻ) ലോകരാജ്യങ്ങളെ തങ്ങളുടെ ശക്തിപ്രദർശനവേദികളാക്കിയ കാലം. അക്കാലത്തെ ഏറ്റവും ശ്രദ്ധേയ യുദ്ധങ്ങളിലൊന്നായിരുന്നു വിയറ്റ്‌നാം യുദ്ധം.
കമ്യൂണിസ്റ്റ് സ്വാധീനമുള്ള വടക്കൻ വിയറ്റ്‌നാമും യുഎസ് പൂർണമായി പിന്തുണച്ച തെക്കൻ വിയറ്റ്‌നാമും തമ്മിലായിരുന്നു യുദ്ധം. സോവിയറ്റ് യൂണിയൻ സ്വാഭാവികമായും വടക്കൻ വിയറ്റ്‌നാമിനെ പിന്തുണച്ചു. തെക്കൻ വിയറ്റ്‌നാമിന്‌റെ തലസ്ഥാനനഗരമായിരുന്നു സായ്‌ഗോൺ.
എന്നാൽ വിയറ്റ്‌നാം യുദ്ധം യുഎസിന് എല്ലാത്തരത്തിലും തിരിച്ചടിയായിരുന്നു. തീവ്രമായ പോരാട്ടങ്ങൾ നടത്തിയെങ്കിലും വടക്കൻ വിയറ്റ്‌നാം കൂടുതൽ കരുത്താർജിച്ചുവന്നു.
പീപ്പിൾസ് ആർമി ഓഫ് വിയറ്റ്‌നാം, ജനറൽ വാൻ ടിയൻ ഡങ്ങിന്റെ നേതൃത്വത്തിലുള്ള വിയറ്റ്‌കോങ് സേന എന്നീ സൈന്യങ്ങൾ തെക്കൻ വിയറ്റ്‌നാം സേനയ്‌ക്കെതിരെ അന്തിമ ആക്രമണം 1975 ഏപ്രിൽ 29ന് അഴിച്ചുവിട്ടു. താമസിയാതെ നഗരത്തിന്റെ പല മേഖലകളും വടക്കൻ വിയറ്റ്‌നാം സേനകൾ പിടിച്ചു.കാര്യങ്ങൾ കയ്യിൽ നിന്നു കൈവിട്ടുുപോയെന്ന് യുഎസിനു മനസ്സിലായി.
യുഎസ് ഉദ്യോഗസ്ഥരെയും സിവിലിയൻമാരെയും തെക്കൻ വിയറ്റ്‌നാമിൽ നിന്നു രക്ഷപ്പെടുത്തി്‌ക്കൊണ്ടുപോകുക എന്ന ലക്ഷ്യമായിരുന്നു അവർക്കു മുന്നിൽ ഉണ്ടായിരുന്നത്. ഇതിനായി ഓപ്പറേഷൻ ഫ്രീക്വന്റ് വിൻഡ് എന്ന രക്ഷാദൗത്യം യുഎസ് ആവിഷ്‌കരിച്ചു. തങ്ങൾക്കു സഹായങ്ങൾ ചെയ്ത തെക്കൻ വിയറ്റ്‌നാമിലെ കുറെയാളുകളെയും യുഎസ് ഈ ദൗത്യത്തിലൂടെ രക്ഷിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ദൗത്യങ്ങളിലൊന്നായിട്ടാണു ഓപ്പറേഷൻ ഫ്രീക്വന്റ് വിൻഡ് കണക്കാക്കപ്പെടുന്നത്.
പിൽക്കാലത്ത് സായ്‌ഗോൺ നഗരത്തിന്‌റെ പേരു മാറ്റി ഹോചിമിൻ സിറ്റിയെന്നാക്കി. എങ്കിലും നഗരം ഇന്നും പൊതുവായി അറിയപ്പെടുന്നത് സായ്‌ഗോൺ എന്ന പേരിൽതന്നെയാണ്. ഇപ്പോൾ വിയറ്റ്‌നാമിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് സായ്‌ഗോൺ.