യുദ്ധഭൂമിയിൽ കരുതലയായി ഒലേന,യുക്രെയ്ന്റെ പ്രഥമവനിത
Mail This Article
യുദ്ധത്തിൽ വലഞ്ഞ യുക്രെയ്ൻ ജനതയ്ക്ക് സഹായങ്ങൾ നൽകി ഒലേന സെലൻസ്ക ഫൗണ്ടേഷൻ. മുപ്പതിലധികം രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു ഒലേന ഫൗണ്ടേഷൻ ഇതു നിർവഹിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയുടെ ഭാര്യയാണ് ഒലേന. ഒലേനയുടെ ഫൗണ്ടേഷൻ വാർഷിക കണക്കുകൾ വെളിയിൽ വിട്ടു.
യുക്രെയ്നിലെ 10 മേഖലകളിലുള്ള വിദ്യാർഥികൾക്കായി പതിനയ്യായിരത്തോളം പഠനോപകരണങ്ങൾ ഫൗണ്ടേഷൻ നൽകി. കുട്ടികൾക്കായി 3 സംരക്ഷണ കേന്ദ്രങ്ങൾ സംഘടന തുറന്നു. ഇതു കാരണം നൂറുകണക്കിന് വിദ്യാർഥികളാണ് പഠനത്തിലേക്കു മടങ്ങിയത്. ദീർഘകാല ചികിത്സയിലുള്ള കുട്ടികൾക്കായി സൂപ്പർഹീറോ സ്കൂൾ, ഹോസ്റ്റോമലിലെ സ്റ്റേിത്തിന്റെ പുനർനിർമാണം തുടങ്ങിയവ ഒലേന ഫൗണ്ടേഷൻ ഏറ്റെടുത്ത് നടത്തിയിരുന്നു.
ഇതു കൂടാതെ ആരോഗ്യരംഗത്തും യുദ്ധാഘാതം കഴിയുന്നത്ര കുറയ്ക്കാനുള്ള സാന്ത്വന പ്രവർത്തനങ്ങളിലും സജീവമാണ് ഒലേന ഫൗണ്ടേഷൻ.
ആർക്കിടെക്ചർ പഠിച്ച ഒലീന 2019ൽ പ്രഥമവനിതയായ ശേഷം യുക്രെയ്നിലെ കുട്ടികൾക്ക് പോഷകാഹാരം നൽകാനുള്ള പദ്ധതികളിൽ ഊർജിതമായി ഇടപെട്ടിരുന്നു. 160 വിഭവങ്ങളോളം സ്കൂൾ വിദ്യാർഥികളുടെ മെനുവിൽ ഒലീനയുടെ നിർദേശപ്രകാരം ഉൾപ്പെടുത്തിയിരുന്നു.
റഷ്യ യുക്രെയ്നിൽ യുദ്ധം തുടങ്ങിയ ശേഷം ഒലീന കുറച്ചുനാൾ ഒളിവിൽ പോയി. യുഎസ് പ്രഥമവനിത ജിൽ ബൈഡനുമായി ഉസോറോഡിൽ കൂടിക്കാഴ്ച നടത്താനാണു പിന്നീട് അവർ പൊതുരംഗത്തു വന്നത്. യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെയും, അഭയാർഥികളായി പോകേണ്ടിവന്ന കുട്ടികളുടെയുമൊക്കെ വിവരങ്ങൾ അവർ പ്രസിദ്ധപ്പെടുത്തിയത് വലിയ ലോകശ്രദ്ധ ക്ഷണിച്ചിരുന്നു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയും താനും യുദ്ധത്തെക്കുറിച്ച് കുട്ടികളടങ്ങുന്ന കുടുംബത്തിനു മുന്നിൽ സംസാരിക്കാറുണ്ടെന്ന് സെലിൻസ്കിയുടെ ഒലീന സെലൻസ്ക ഒരിക്കൽ പറഞ്ഞിരുന്നു. സെലിൻസ്കിക്ക് രണ്ട് മക്കളാണ്. ഒലക്സാൻഡ്രയും കിറിലോയും.