ADVERTISEMENT

ഒസാമാ ബിന്‍ ലാദനെതിരെ പ്രയോഗിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പരിഗണിച്ച ആയുധത്തെ പരിചയപ്പെടാം. ഭീകരര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ നിരപരാധികളും കൊല്ലപ്പെടാനുള്ള സാധ്യത ഏറെ ആയിതിനാല്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അഥവാ സിഐഎ രഹസ്യമായി നിര്‍മിച്ച് ഉപയോഗിച്ചു വന്ന ഒരു ആയുധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. R9X എന്നു പേരും, നിഞ്ചാ (Ninja) മിസൈല്‍ എന്ന വിളിപ്പേരുമുള്ള ഈ ഡ്രോണിന് കെട്ടിടങ്ങളുടെ ഭിത്തിയും വാഹനത്തിന്റെ പുറംചട്ടയുമൊക്കെ തകര്‍ത്ത് അകത്തു കയറി വേണ്ടയാളെ മാത്രം അരിഞ്ഞു വീഴ്ത്താനുള്ള ശേഷിയുണ്ട്. ഈ ആയുധത്തെ മിസൈല്‍ എന്നും വിളിക്കാറുണ്ടെങ്കിലും ആവശ്യമുള്ള സമയത്തു പുറത്തെത്തുന്ന ആറു വാളുകള്‍ ഉള്ളിലൊതുക്കിയാണ് ഇതു പറന്നടുക്കുന്നത്. ആക്രമണത്തിനു സെക്കന്‍ഡുകള്‍ മുൻപ് മാത്രമായിരിക്കും വാളുകള്‍ പുറത്തെത്തുക. ഉപയോഗിച്ചിരിക്കുന്ന അതി ശക്തമായ കത്തികള്‍ നിര്‍മിച്ച കമ്പനിയുടെ പേരു കൂട്ടിയും ഇത് അറിയപ്പെടാറുണ്ട്, പറക്കും ഗിന്‍സു (Ginsu). സ്‌ഫോടക വസ്തുക്കള്‍ക്കു പകരം കത്തി അല്ലെങ്കില്‍ വാള്‍ ഉപയോഗിക്കുന്നതിനാല്‍ ഭീകരവാദികള്‍ ഒഴികെയുള്ളവരെ പരമാവധി ഒഴിവാക്കി ആക്രമിക്കാം എന്നതാണ് ഇതിന്റെ പ്രധാന ഗുണം.

 

2011 മുതല്‍ ഇതിന്റെ ഉപയോഗം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അധികം പ്രശസ്തമല്ല ഈ മാരക പ്രഹരശേഷിയുള്ള ഡ്രോണ്‍. അല്‍ഖ്വയ്ദയുടെ ഉപ നേതാവായ അബു ഖയ്ര്‍ അല്‍-മസ്രിയെ (Abu Khayr al-Masri) വധിക്കാന്‍ 2017ല്‍ ഈ ആയുധമാണ് ഉപയോഗിച്ചതെന്നാണ് പറയുന്നത്. അബു വടക്കന്‍ സിറിയയിലൂടെ തന്റെ കാറില്‍ പോകുമ്പോള്‍, ആ വാഹനത്തിന്റെ പുറംഭാഗങ്ങള്‍ ഛേദിച്ചു കയറിയ നിഞ്ചാ മിസൈല്‍ ലക്ഷ്യം കാണുകയായിരുന്നു. ഭീകരവാദികളെ വധിക്കണമെന്ന മുറവിളി ഉയരുമ്പോള്‍ അയയ്ക്കുന്ന സ്‌ഫോടകവസ്തുക്കളുള്ള മിസൈലുകളും മറ്റും നിരവധി നിരപരാധികളെയും കൊല്ലുകയും ഒരു പ്രദേശം മുഴുവന്‍ തകര്‍ക്കുകയും ചെയ്യുക സാധാരണമാണല്ലോ. ഇതൊഴിവാക്കാനാണ് നിഞ്ചാ മിസൈല്‍ ഉപയോഗിക്കുന്നത്.

 

ഇപ്പോള്‍ ഈ ഡ്രോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത് മുസ്‌ലിം ലോകത്ത് തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാനാണത്രെ. തങ്ങളുടെ ആക്രമണം ഭീകരവാദികള്‍ക്കെതിരെ മാത്രമാണെന്നു കാണിച്ചുകൊടുക്കാനാണ് ഇതെന്നു പറയുന്നു. ഈ ആയുധത്തിന്റെ നിര്‍മാണത്തിന് ഓര്‍ഡര്‍ ഇറക്കിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാണയാണ്. അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ചുവെന്ന വിമര്‍ശനമാണ് ഇത്തരമൊരു ആശയം അദ്ദേഹത്തിനു തോന്നിച്ചതത്രെ. ഈജിപ്തിലെ ഭീകരവാദി അല്‍-മസ്രിയെ കൂടാതെ യമനില്‍ നിന്നുള്ള ഭീകരനായ ജമാല്‍ അല്‍-ബഡാവിയെ ( Jamal al-Badawi) കൊന്നതും ഈ മിസൈലാണത്രെ. ജമാലാണ് 2000ത്തില്‍ 17 അമേരിക്കന്‍ നാവികരുടെ മരണത്തിനു കാരണമായ ബോംബിങ് നടത്തിയത് എന്നാണ് കരുതുന്നത്.

 

ഹെല്‍ഫയര്‍ മിസൈല്‍ എന്നറിയപ്പെടുന്ന മിസൈലിനെ പരിഷ്‌കരിച്ചിറക്കിയതാണ് പറക്കും ഗിന്‍സു. സാധാരണഗതിയില്‍ അഞ്ചടി നീളവും, 100 പൗണ്ട് തൂക്കവുമാണ് ഇതിനുള്ളത്. വമ്പന്‍ സ്‌ഫോടനം സൃഷ്ടിക്കാനും സമീപ പ്രദേശങ്ങള്‍  മുഴുവന്‍ കരിച്ചുകളയാനുമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നല്‍ ഗിന്‍സു ആയി രൂപമെടുത്ത ശേഷം ആറ് ആക്രമണങ്ങളെങ്കിലും ഇതുപയോഗിച്ച് ലിബിയയിലും യെമനിലും സൊമാലിയയിലും ഇറാക്കിലും സിറിയയിലുമായി നടത്തിയിട്ടുണ്ടത്രെ. 2011ല്‍ പാക്കിസ്ഥാനില്‍ താവളമടിച്ചിരുന്ന ഒസാമ ബിന്‍ ലാദനെ കൊല്ലാനും ഈ ആയുധം ഉപയോഗിക്കുന്ന കാര്യം ഒബാമയുടെ സജീവ പരിഗണനയിലുണ്ടായിരുന്നുവത്രെ. അതിനു ശേഷമാണ് നാവികസേനയുടെ ടീമിനെ തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നു പറയുന്നു. ജപ്പാന്‍കാരുടെ സമുറായ് ആയുധമുറയുമായി ബന്ധിപ്പിച്ചു കേള്‍ക്കുന്ന ഒരു പേരാണ് കത്തി നിര്‍മാതാവായ ഗിന്‍സുവിന്റേതും.

 

അല്‍-മസ്രിയുടെ തകര്‍ന്ന വാഹനത്തിന്റെ ചിത്രം 2017ല്‍ പ്രചരിച്ചതിനു ശേഷം ഇത്തരം ഒരു ആയുധം അമേരിക്കയുടെ കയ്യിലുണ്ടാകാം എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടു പറ്റിയിരുന്നില്ല എന്ന കാര്യം അന്നേ മാധ്യമപ്രവര്‍ത്തകര്‍ എടുത്തു പറഞ്ഞിരുന്നു. നിഞ്ചാ ഡ്രോണിനെക്കുറിച്ച് മുന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് അമേരിക്കയുടെ ഡ്രോണ്‍ പ്രോഗാം ഉപയോഗിച്ചു നടത്തുന്ന ആക്രമണത്തിലുണ്ടാകുന്ന സാധാരണക്കാരുടെ മരണം ഒബാമയെ വിഷമിപ്പിച്ചിരുന്നു എന്നും അതിനാലാണ് ഇത്തരമൊരു ആശയം ആരായാന്‍ അദ്ദേഹം ആവശ്യപ്പെട്ടതെന്നുമാണ്. 2013ല്‍ ഒബാമ പറഞ്ഞത് ഭീകരര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ കുറച്ച് സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാനാവില്ല എന്നാണ്. എന്നാല്‍, അമേരിക്കന്‍ സൈനികര്‍ ആക്രമണം നടത്തുന്നതിനു മുൻപ് സാധാരണക്കാരാരും മരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. നമുക്കു കാണിക്കാവുന്ന മാന്യതയാണതെ‌ന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളുടെ മരണം നമ്മളെ മരണംവരെ വേട്ടയാടും എന്നാണ് ഒബാമ പറഞ്ഞത്.

 

സാധാരണ പൗരന്മാരുടെ മരണത്തിന്റെ ചിത്രങ്ങളും മറ്റും ഭീകരവാദികള്‍ വീണ്ടും ആളെക്കൂട്ടാന്‍ ഉപയോഗിക്കുന്നു എന്നതും 'കാടടച്ചുള്ള' ആക്രമണത്തേക്കാളേറെ ഗുണം ചെയ്യുക കൃത്യമായി ലക്ഷ്യംവച്ച ആക്രമണമായിരിക്കുമെന്നുള്ള ധാരണയും പരന്നിട്ടുണ്ട്. യുദ്ധസ്ഥലത്തല്ലാതെ മരിച്ചവരുടെ എണ്ണം റിപ്പോര്‍ട്ടു ചെയ്യുന്നതിന് ചില നിബന്ധനകളും ഒബാമ കൊണ്ടുവന്നിരുന്നു. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൊക്കെ എടുത്തുകളയുകയും ചെയ്തു.

 

എന്നാല്‍ പുതിയ തരം ഡ്രോണ്‍ ആക്രമണം നടത്തണമെങ്കില്‍ അതിന് കാര്യമായ മുന്നൊരുക്കം വേണമെന്നതാണ് ഒരു പ്രധാന തടസം. അതീവ കൃത്യത ഉറപ്പാക്കണമെങ്കില്‍ അതിന് ചിലവു കൂടുമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. അതേസമയം, മിഡിൽ ഈസ്റ്റിൽ ഇറാനെതിരെ പോരിനിറങ്ങിയ അമേരിക്ക ഈ ആയുധം വേണ്ട സമയത്ത് വീണ്ടും പ്രയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com