ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളുടെയും ഏറ്റവും മികച്ചവ ഒരെണ്ണം വാങ്ങിയാല്‍ എത്ര രൂപയാകും?
Mail This Article
രസകരമായ ഒരു ചോദ്യമാണിത്. ട്രില്ല്യന്‍ ഡോളര്‍ കമ്പനിയായ ആപ്പിള്‍ വില്‍ക്കുന്ന ഉപകരണങ്ങളില്‍ ഓരോ ശ്രേണിയിലും മികച്ച പ്രൊഡക്ടുകളുടെയും സേവനങ്ങളുടെയും ഒരു കോപ്പി വച്ചു വാങ്ങിയാല്‍ എത്ര രൂപ ചെലവാകുമെന്ന് ഊഹിക്കാമോ? നിങ്ങള്‍ക്ക് ആവശ്യത്തിലേറെ പണം വരുന്നുണ്ടെങ്കില്‍ പല മോഹങ്ങളെയും പോലെ ഏറ്റവും മികച്ച ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടാനും ആഗ്രഹിക്കുന്നുണ്ടാകും. ഉദാഹരണത്തിന് ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഐഫോണ്‍ 12 സീരീസിന്റെ ഏറ്റവും വില കൂടിയ മോഡലായ ഐഫോണ്‍ 12 പ്രോ മാക്‌സ് 512 ജിബി മോഡലും, അതിനൊപ്പം വാങ്ങാവുന്ന മാഗ്‌സെയ്ഫ് സിലിക്കന്‍ കെയ്‌സ്, മാഗ്‌സെയ്ഫ് ചാര്‍ജര്‍, ആപ്പിള്‍ കെയര്‍ പ്ലസ് പാക്കേജ് എന്നിവ വാങ്ങിയാല്‍ 1,756 ഡോളറാകും. അതായത് നിങ്ങള്‍ തികഞ്ഞ ആപ്പിള്‍ ഫാന്‍ ആണെങ്കില്‍ ഇപ്പോള്‍ ലഭ്യമായ എല്ലാ മികച്ച ആപ്പിള്‍ ഉപകരണങ്ങളും വാങ്ങി വച്ചാല്‍ എത്ര കാശാകും എന്നറിയാനാണ് ശ്രമം. സിഎന്‍എന്‍ ആണ് ഈ ശ്രമം നടത്തിയിരിക്കുന്നത്.
ഒരു സൂപ്പര്‍ ആപ്പിള്‍ ഫാന്‍ ചെലവിടേണ്ടി വരുന്ന പണം, അഥവാ ആപ്പിളിന്റെ പൈസ വരുന്ന വഴി പരിശോധിക്കാം. നല്‍കേണ്ടി വരുന്ന വില വളരെ വലുതാണെങ്കിലും പല ആപ്പിള്‍ ഫാന്‍സിനും ആപ്പിളിന്റെ ഏറ്റവും വിലകൂടിയ ഉപകരണങ്ങള്‍ വാങ്ങേണ്ടി വന്നേക്കില്ല. നിലവില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ ആപ്പിള്‍ ഉപകരണം മാക് പ്രോയാണ്. ഇതിന് 2.5 ഗിഗാഹെട്‌സ്, 28 കോറുളള ഇന്റല്‍ സിയോണ്‍ (Xeon) പ്രോസസറാണ് ഉള്ളത്. ഇത് 4.4 ഗിഗാഹെട്‌സ് ആയി ടര്‍ബോ ബൂസ്റ്റ് ചെയ്യാം. 1.5 ടിബി (TB) റാം, രണ്ട് റാഡിയോണ്‍ പ്രോ വെഗാ II ഡുവോ ഗ്രാഫിക്‌സ് ചിപ്, 2x32 ജിബി എച്ബിഎം2 മെമ്മറി (ഓരോന്നിനും 10,800 ഡോളര്‍ വീതം), 8 ടിബി സംഭരണശേഷി, ഒരു ആപ്പിള്‍ ആഫ്റ്റര്‍ട്യൂണര്‍ കാര്‍ഡ്, വീല്‍സ്, മാജിക് മൗസ് 2, മാജിക് ട്രാക്പാഡ് 2, ഫൈനല്‍ കട്ട് പ്രോ, ലോജിക് പ്രോ സോഫ്റ്റ് വെയര്‍ പ്രീ ഇന്‍സ്‌റ്റാള്‍ ചെയ്തത് എന്നവയും, മോണിട്ടറായി, റെട്ടിനാ 6കെ, 32-ഇഞ്ച് പ്രോ ഡിസ്‌പ്ലെ എക്‌സ്ഡിആര്‍ ഡിസ്‌പ്ലെയും നാനോടെക്‌സ്ചര്‍ ഗ്ലാസും ഉള്‍പ്പടെ വാങ്ങുമ്പോള്‍ 5,999 ഡോളര്‍ നല്‍കണം. പ്രോ സ്റ്റാന്‍ഡും സൂപ്പര്‍ ആപ്പിള്‍ ഫാനിന് ഉപേക്ഷിക്കാനാവില്ല. അതിനും നല്‍കണം 999 ഡോളര്‍. മോണിട്ടര്‍ മൗണ്ട് ചെയ്യാനുള്ള അഡാപ്റ്ററിന് 199 ഡോളര്‍ നല്‍കണം. ആപ്പിള്‍ കെയര്‍പ്ലസ്, ഒരു കേബിള്‍ എന്നിവയ്ക്ക് യഥാക്രമം 798 ഡോളര്‍, 129 ഡോളര്‍ എന്നിവ നല്‍കണം. ഇതിനു മൊത്തത്തില്‍ 62,571.98 ഡോളര്‍ നല്‍കണമെന്നാണ് സിഎന്‍എന്‍ കണക്കു കൂട്ടി പറയുന്നത്. സൂപ്പര്‍ ആപ്പിള്‍ ഫാന്‍ ആകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇന്ത്യന്‍ പണം ഏകദേശം 45 ലക്ഷം രൂപ ഇതിനു മാത്രം മാറ്റി വയ്‌ക്കേണ്ടി വരും.
ഒരു ആപ്പിള്‍ സൂപ്പര്‍ ഫാനിന് മാക്ബുക് ലാപ്‌ടോപ്പില്ലാതെ ഒരു വഴിക്കു പോകുന്ന കാര്യം ചിന്തിക്കാന്‍ പറ്റുമോ? ഏറ്റവും മികച്ച മാക്ബുക്കും, അതിന്റെ അനുബന്ധ ഉപകരണങ്ങളും വാങ്ങുമ്പോള്‍ ഇനി പറയുന്ന പൈസയാകും- മാക്ബുക് പ്രോ സ്‌പെയസ് ഗ്രേ-വില 2,799 രൂപ. ഇതിന് ഒമ്പതാം തലമുറയിലെ 2.4 ഗിഗാഹെട്‌സ് (5.0 ഗിഗാഹെട്‌സ് വരെ ബൂസ്റ്റ് ചെയ്യാം) ഇന്റല്‍ കോര്‍ ഐ9 പ്രോസസറായിരിക്കും ഉണ്ടായിരിക്കുക. 64ജിബി മെമ്മറി (800 ഡോളര്‍), എഎംഡി റാഡിയോണ്‍ പ്രോ 5600 എം ഗ്രാഫിക്‌സ് പ്രോസസര്‍ 8ജിബി എച്ബിഎം 2 മെമ്മറി ഉള്‍പ്പടെ (700 ഡോളര്‍), 8 ടിബി സ്‌റ്റോറേജ് (2,200 ഡോളര്‍), ഫൈനല്‍ കട്ട് പ്രോ, ലോജിക് പ്രോ എന്നിവ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് എന്നിവയ്ക്ക് 7,198.98 ഡോളര്‍ നല്‍കണമെന്ന് സിഎന്‍എന്‍ പറയുന്നു.
ആപ്പിള്‍കെയര്‍ പ്ലസില്ലാതെ എങ്ങനെയാണ് ഒക്കുക? അതിനായി 379 ഡോളറും നല്‍കണം. ഇതെല്ലാം വാങ്ങിച്ചയാള്‍ ഏതാനും ആപ്പിള്‍ അക്‌സസറികള്‍ കൂടെ വാങ്ങിയേക്കാം. യുഎസ്ബി റ്റു ലൈറ്റ്‌നിങ് പോര്‍ട്ട് അഡാപ്റ്റര്‍ കേബിള്‍, മറ്റൊരു യുഎസ്ബി കേബിള്‍ എല്ലാം കൂടെ കൂട്ടി 36 ഡോളര്‍ വരും. കൊണ്ടു നടക്കാന്‍ ആപ്പിളിന്റെ ലെതര്‍ കെയ്‌സ് വാങ്ങിക്കാതിരിക്കാന്‍ പറ്റുമോ? അതിനും നല്‍കണം 199 ഡോളര്‍. കീബോര്‍ഡ് വിത് ന്യൂമറിക് കീപാഡിന് 129 ഡോളര്‍ വില വരും. ഹാന്‍ഡ്‌സ് ഫ്രീ മൗസിന് 994.95 ഡോളറാണ് വില. അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റാന്‍ഡും ആപ്പിള്‍ ഇറക്കുന്നുണ്ട്. അതിന് 79.95 ഡോളറായിരിക്കും വില. മൊത്തം വില 9,016.88 ഡോളറായിരിക്കുമെന്ന് സിഎന്‍എന്‍ പറയുന്നു. ഇന്ത്യന്‍ വില ഏകദേശം 6.6 ലക്ഷം രൂപ വരും.
ആപ്പിള്‍ വാച്ചിന്റെ കാര്യത്തില്‍ ഏറ്റവും വില കൂടിയത് 44 എംഎം സില്‍വര്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കെയ്‌സോടു കൂടിയതാണ്. അതിനൊപ്പം കറുത്ത ലെതര്‍ ബാന്‍ഡും സിംഗിള്‍ ടൂര്‍ ഡിപ്ലോയിമെന്റ് ബക്കിളും കൂടെ വാങ്ങിയാല്‍ മൊത്തം 1,648 ഡോളര്‍ അഥവാ 1,648 രൂപ നല്‍കണം. ഐപാഡിന്റെ കാര്യത്തിലാണെങ്കില്‍ 1 ടിബി മെമ്മറിയുള്ള 12.9-ഇഞ്ച് പ്രോ മോഡലും, ക്വേര്‍ട്ടി കീബോര്‍ഡ് സ്റ്റാന്‍ഡും, ആപ്പിള്‍ കെയര്‍ പ്ലസും, കെയ്സും, ബാക്പാക്കും വാങ്ങിയാല്‍ 2,583 ഡോളര്‍ അഥവാ ഏകദേശം 1.8 ലക്ഷം രൂപയായിരിക്കും വില.
ഏറ്റവും നല്ല സ്മാര്‍ട് സ്പീക്കര്‍ അഥവാ ഹോംപോഡിന്റെ വില 338 ഡോളറായിരിക്കും അതായത് ഏകദേശം 24,000 രൂപ. ആപ്പിള്‍ ടിവിക്ക് 228 ഡോളര്‍ അഥവാ ഏകദേശം 16,000 രൂപ നല്‍കണം. അതിന്റെ ഒരു വര്‍ഷ സബ്‌സ്‌ക്രിപ്ഷന് 359.4 ഡോളര്‍ നല്‍കണം. അങ്ങനെ ആകമൊത്തം സൂപ്പര്‍ ആപ്പിള്‍ ഫാന്‍ ഇപ്പോള്‍ നല്‍കേണ്ടത് 79,875 ഡോളറാണെന്നാണ് സിഎന്‍എന്‍ പറയുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലാക്കിയാല്‍ ഏകദേശം 58 ലക്ഷം രൂപ!
English Summary: How much does it cost to become a Super Apple Fan? You can’t even guess the amount!