സിനിമയെ വെല്ലുന്ന കണ്ടുപിടുത്തം! മനുഷ്യ ശരീരത്തെ ജൈവ ബാറ്ററികളാക്കി ഗവേഷകർ
Mail This Article
മനുഷ്യ ശരീരത്തെ ജൈവ ബാറ്ററികളാക്കി ഉപയോഗിക്കുന്ന മെട്രിക്സ് എന്ന ഹോളിവുഡ് ചിത്രത്തിലെ ആശയം സത്യമാവുന്നു. വിരലില്‍ മോതിരം പോലെ ഉപയോഗിക്കാന്‍ കവിയുന്ന വലിച്ചു നീട്ടാനാവുന്ന ഒരു ഉപകരണമാണ് മനുഷ്യശരീരത്തില്‍ നിന്നുള്ള ചൂട് വൈദ്യുതിയാക്കി മാറ്റുന്നത്. ഒരു ചതുരശ്ര സെന്റിമീറ്റര്‍ മനുഷ്യ ശരീരത്തില്‍ നിന്നും ഒരു വോള്‍ട്ട് ഊര്‍ജം ഉണ്ടാക്കാനാകുമെന്നാണ് കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിക്കുന്നത്.
വൈകാതെ റിസ്റ്റ് ബാന്റിന്റെ വലുപ്പത്തില്‍ തങ്ങളുടെ ഉപകരണം പുറത്തിറക്കാനാവുമെന്നും അതുവഴി കുറഞ്ഞത് അഞ്ച് വോള്‍ട്ട് വൈദ്യുതി ഉത്പാദിക്കാന്‍ സാധിക്കുമെന്നുമാണ് ഗവേഷകരുടെ അവകാശവാദം. 'നിങ്ങള്‍ ഏതൊരു ഉപകരണത്തിലും ബാറ്ററി ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ആയുസ് കൂടിയാണ് അവസാനിക്കുന്നത്. നേരെ മറിച്ച് തെര്മോഇലക്ട്രോണിക്സ് വഴി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ധരിക്കുന്നതുകൊണ്ടുമാത്രം ഊര്‍ജം ലഭിക്കുന്നു.' എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ ജിയാങ്ലിയാങ് സിയാവോ പറഞ്ഞത്. മനുഷ്യനെ റോബോട്ടുമായി ബന്ധിപ്പിക്കുന്ന കണ്ടെത്തലായി ഇതിനെ കാണരുതെന്നും സിയാവോ പറഞ്ഞു.
പോളിമെയ്ന് അടിസ്ഥാനമായി നിര്‍മിച്ച വസ്തുവാണ് തെര്‍മോ ഇലക്ട്രോണിക്സ് ഉപയോഗിച്ച് മനുഷ്യശരീരത്തിലെ താപത്തില്‍ നിന്നും വൈദ്യുതി നിര്‍മിക്കാന്‍ ഗവേഷകരെ പ്രാപ്തരാക്കിയത്. ഒരു പ്ലാസ്റ്റിക് ബ്രേസ് ലെറ്റിന്റേയും ചെറു കംപ്യൂട്ടര്‍ മദര്ബോര്ഡിന്റേയും രൂപം പോലെയാണ് നിര്‍മിച്ച ഉപകരണത്തിന്റെ അന്തിമ രൂപമുള്ളത്. ഡിസൈനിന്റെ പ്രത്യേകത കൊണ്ട് തെര്‍മോ ഇലക്ട്രിക് മെറ്റീരിയലില്‍ കാര്യമായ സമ്മര്‍ദം ഏല്‍പ്പിക്കാതെ തന്നെ ആവശ്യത്തിന് വലിയാനും ഈ മോതിരം പോലുള്ള ഉപകരണത്തിന് സാധിക്കുന്നുണ്ട്.
ഈ ഉപകരണം ധരിച്ചവര്‍ ജോഗിങ് പോലുള്ള ശാരീരിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ ശരീരം കൂടുതല്‍ ചൂടാവും. ഇത് ചുറ്റുമുള്ള തണുത്ത വായുവിനെ അകറ്റും. ശരീരത്തിലെ ചൂട് അന്തരീക്ഷത്തിലേക്ക് പോവുന്നതിനൊപ്പം സിയാവോയും സംഘവും കണ്ടെത്തിയ ഉപകരണം ഈ ചൂടിനെ വലിച്ചെടുത്ത് ഊര്‍ജ്ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇത്തരം ചെറു ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ വലിയ ഉപകരണം നിര്‍മിക്കുകയാണ് സിയാവോയുടേയും സംഘത്തിന്റേയും മുന്നിലുള്ള പ്രധാന വെല്ലുവിളി. സ്പോര്‍ട്സ് ബാന്‍ഡിന് തുല്യമായ വലുപ്പത്തില്‍ ഈ ഉപകരണം നിര്‍മിക്കാനായാല്‍ അഞ്ച് വോള്‍ട്ട് വൈദ്യുതി ഇതുവഴി ഉത്പാദിപ്പിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വന്നാല്‍ ഒരു റിസ്റ്റ് വാച്ചിന് വേണ്ടതിലേറെ ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കപ്പെടുക. പരമാവധി ചെലവ് കുറച്ച് പ്രകൃതിക്കിണങ്ങും വിധം ഉത്പന്നം വിപണിയിലെത്തിക്കാനാണ് ശ്രമമെന്നും സിയാവോ പറയുന്നു.
റോബോട്ടുകള്‍ മനുഷ്യരെ ബന്ധികളാക്കിക്കൊണ്ട് ജൈവ ഊര്‍ജ കേന്ദ്രങ്ങളാക്കി മാറ്റുന്ന കഥ പറയുന്ന ചിത്രമാണ് ദ മെട്രിക്സ്. ഈ സിനിമയിലെ ഊര്‍ജ്ജോത്പാദനത്തിന്റെ സാധ്യതയെയാണ് ഗവേഷകര്‍ യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുന്നത്. ഏതാണ്ട് 5-10 വര്‍ഷങ്ങള്‍ക്കകം തന്നെ തങ്ങളുടെ സ്വപ്ന ഉത്പന്നം വിപണിയിലെത്തിക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
English Summary: Matrix-like wearable device turns the body into a Battery