ADVERTISEMENT

ടിവി വാങ്ങുമ്പോള്‍ എല്ലാവരും വിഡിയോ മികവൊക്കെ ശ്രദ്ധിക്കും. പലരും 20,000 മുതല്‍ ഒരു ലക്ഷം രൂപ വരെയൊക്കെ കൊടുത്തായിരിക്കും പുതിയ ടിവി വാങ്ങുക. പക്ഷേ, ടിവി കാണലിന്റെ അനുഭവം പൂര്‍ണമാകണമെങ്കില്‍ സ്പീക്കര്‍ കൂടി നന്നായേ മതിയാകൂ. അല്ലെങ്കില്‍ പലപ്പോഴും നിരാശയായിരിക്കും ഫലം. പല മോഡല്‍ ടിവികളിലുമുള്ള സ്പീക്കറുകള്‍ക്ക് വീട്ടിലെ ഹോളിലും മറ്റും ശബ്ദമെത്തിക്കാനുള്ള മികവില്ലെന്നും ശബ്ദം വേണ്ടത്ര മികവുപുലര്‍ത്തുന്നില്ലെന്നും വൈകാതെ മനസ്സിലായിത്തുടങ്ങും. 

അപ്പോഴായിരിക്കും ഇനി എന്തു ചെയ്യണമെന്ന ചിന്ത ഉദിക്കുക. മിക്ക അന്വേഷണങ്ങളും ചെന്നെത്തുക ഒരു സൗണ്ട്ബാര്‍ വങ്ങുന്നതിലായിരിക്കും. പക്ഷേ, സൗണ്ട്ബാറുകള്‍ തന്നെ വാങ്ങണോ? സാധാരണ എക്‌സ്‌റ്റേണല്‍ സ്പീക്കര്‍ വാങ്ങിയാലും പണിയാകുമോ എന്ന ചോദ്യവും ഉയരുന്നു. സൗണ്ട്ബാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങള്‍ ഇതാ...

 

∙ എവിടെ വയ്ക്കും

 

ഒന്നാമതായി, സൗണ്ട്ബാര്‍ വയ്ക്കാനുള്ള സ്ഥലം അറിഞ്ഞ ശേഷം മോഡല്‍ അന്വേഷിക്കുക. സൗണ്ട്ബാര്‍ എവിടെയെങ്കിലും കൊണ്ടുപോയി എറിയാന്‍ പറ്റില്ല. ഇത് നിങ്ങളുടെ ടിവി വച്ചിരിക്കുന്നതിനു തോട്ടു താഴെയോ, മുകളിലോ ഇരിക്കുന്നതായിരിക്കും നല്ലത്. അപ്പോള്‍ ആദ്യമേ തന്നെ ലഭ്യമായ സ്ഥലവും, അവിടെ വേണ്ട പ്ലഗും എല്ലാമുണ്ടെന്ന് ഉറപ്പു വരുത്തുക.

 

∙ കണക്ടിവിറ്റി

 

ഒരു സൗണ്ട്ബാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുമ്പോള്‍ പറ്റുമെങ്കില്‍ അതിനു വേണ്ട കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തുക. അങ്ങനെയാണെങ്കില്‍ അടുത്ത ടിവി മാറുമ്പോള്‍ പുതിയ സൗണ്ട്ബാർ അന്വേഷിക്കേണ്ടി വരില്ല. മിക്ക മോഡലുകളും ഇന്ന് ബ്ലൂടൂത്ത്, എച്ഡിഎംഐ ഓഡിയോ റിട്ടേണ്‍ ചാനല്‍ അഥവാ എആര്‍സി, യുഎസ്ബി, വൈ-ഫൈ തുടങ്ങി കണക്ഷനുകളെല്ലാം സ്വീകരിക്കാന്‍ സാധിക്കുന്നവയായിരിക്കും. നിങ്ങള്‍ക്ക് ഫോണില്‍ നിന്നും ടാബില്‍ നിന്നുമെല്ലാം കണ്ടന്റ് ടിവിയില്‍ സ്ട്രീം ചെയ്യാന്‍ താത്പര്യമുണ്ടായിരിക്കും. അപ്പോള്‍ വയര്‍ലെസ് കണക്ടിവിറ്റി ഉപകാരപ്രദമായിരിക്കും.

 

∙ ആക്ടീവ്, പാസീവ് മോഡലുകള്‍

 

സൗണ്ട്ബാറുകളെക്കുറിച്ച് അറിയേണ്ട ഒരു സുപ്രധാന കാര്യം അവയില്‍ ആക്ടീവും പാസീവും മോഡലുകള്‍ ഉണ്ടെന്നതാണ്. പാസീവ് സൗണ്ട്ബാറുകളില്‍ ആംപ്ലിഫയറുകള്‍ ഉണ്ടായിരിക്കില്ല. അവയ്ക്ക് വേറൊരു റിസീവറും വേണ്ടിവരാം. കൂടാതെ നിങ്ങള്‍ക്ക് സബ് വൂഫറും വേണ്ടിവന്നേക്കാം. അതിനാല്‍ തന്നെ പാസീവ് സൗണ്ട്ബാറുകള്‍ക്ക് പണം കൂടുതല്‍ മുടങ്ങും. എന്നാല്‍, ഇവയില്‍ നിന്നുള്ള ശബ്ദമായിരിക്കും കൂടുതല്‍ മികച്ചത്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഓഡിയോ ഇഷ്ടാനുസരണം ക്രീകരിച്ചു കേള്‍ക്കാനാണ് ആഗ്രഹമെങ്കില്‍ ഇതായിരിക്കും ഉചിതമായ വഴി. എന്നാല്‍, അതിനൊന്നും നേരമില്ല, അല്ലെങ്കില്‍ അറിയില്ല എന്നാണ് കരുതുന്നതെങ്കില്‍ ആക്ടീവ് മോഡലുകള്‍ വാങ്ങുക. ഇവയില്‍ ആംപ്ലിഫയറും ഉള്‍ക്കൊള്ളിച്ചിരിക്കും. ചാനല്‍ പ്രോസസറുകളും മറ്റു വേണ്ട ഘടകങ്ങളൊക്കെയും ഉള്‍ക്കൊള്ളിച്ചായിരിക്കും നിര്‍മിച്ചിരിക്കുക. എന്നാല്‍, ആദ്യം കണ്ട സെറ്റ്-അപ്പിന്റെയത്ര മികച്ച ഓഡിയോ ചിലപ്പോള്‍ ലഭിക്കണമെന്നില്ലെന്നു മാത്രം.

 

∙ മൂന്നു ചാനലുകളെങ്കിലുമുള്ള മോഡല്‍ വാങ്ങുക

 

ചില സൗണ്ട്ബാറുകള്‍ സ്റ്റീരിയോ സിസ്റ്റങ്ങള്‍ മാത്രമായിരിക്കും. ഇവയ്ക്ക് രണ്ട്ു സ്പീക്കറുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍, നിങ്ങള്‍ തരക്കേടില്ലാത്ത ഒരു സൗണ്ട്ബാര്‍ തന്നെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് കുറഞ്ഞത് മൂന്നു ചാനലുകളെങ്കിലും ഉണ്ടെന്നുറപ്പു വരുത്തുക. മൂന്നു വ്യത്യസ്ത സ്പീക്കറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഇവയുടെ നിര്‍മിതി. അതല്ല കൂടുതല്‍ മെച്ചപ്പെട്ടവയാണ് അന്വേഷിക്കുന്നതെങ്കില്‍ 5-ചാനല്‍, 7-ചാനല്‍ സൗണ്ട്ബാറുകളും പരിഗണിക്കാം. സാങ്കേതികമായി പറഞ്ഞാല്‍, 7-ചാനല്‍ സൗണ്ട്ബാറില്‍ നിന്ന് കൂടുതല്‍ ഭേദപ്പെട്ട ശബ്ദം ലഭിക്കേണ്ടതാണ്. എന്നാല്‍, നല്ല കമ്പനികളുടെ ഉൽപന്നങ്ങൾ അല്ലെങ്കില്‍ അതു കിട്ടണമെന്നുമില്ല. ഇതിലും മികച്ച ശബ്ദം വേണമെന്നുള്ളവര്‍ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാറുകള്‍ തിരഞ്ഞെടുക്കുക. ഇവയില്‍ 5.1.2, 7.1.2 തുടങ്ങിയ അക്കങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇവയില്‍ ആദ്യ അക്കമായ 5 അല്ലെങ്കില്‍ 7 എത്ര സ്പീക്കറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുവെന്നു കാണിക്കുന്നു. രണ്ടാമത്തേ അക്കം സബ് വൂഫറിനെ കുറിക്കുന്നു. മൂന്നാമത്തെ അക്കം ശബ്ദം മുകളിലേക്ക് അയക്കുന്ന സ്പീക്കറുകളെ ‌കുറിക്കുന്നു. ഇങ്ങനെ മുറിയുടെ മേല്‍ക്കൂരയില്‍ പോയി ഇടിച്ചു നിങ്ങളിലേക്ക് എത്തുന്ന ശബ്ദം കൂടുതല്‍ തീയേറ്ററിനു സമാനമായ അനുഭവം പകരുമെന്നാണ് വയ്പ്പ്.

 

∙ ടിവിയ്ക്കൊപ്പം സാധാരണ സ്പീക്കര്‍ പോരേ, സൗണ്ട്ബാര്‍ എന്തിനാണ്?

 

ടിവിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രത്യേകം തയാര്‍ ചെയ്തവയാണ് സൗണ്ട്ബാറുകള്‍. നടീനടന്മാരുടെ ഡയലോഗും മറ്റും കൂടുതല്‍ വ്യക്തതയോടെ കേള്‍പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണിവയ്ക്ക്. ചെറിയൊരു ശബ്ദം പോലും നല്ല സൗണ്ട്ബാറാണെങ്കില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. പലപ്പോഴും ടിവിയില്‍ നിന്നു വരുന്ന പശ്ചാത്തല സംഗീതം തന്നെ നിറഞ്ഞു നില്‍ക്കുകയും നടീനടന്മാരുടെ ഡയലോഗ് അതില്‍ മുങ്ങിപ്പോകുകയും ചെയ്യുന്ന അവസ്ഥ കാണാം. ഇവിടെയാണ് നിങ്ങള്‍ക്ക് സാധാരണ ബ്ലൂടൂത്ത് സ്പീക്കറുകളേക്കാളും, സ്റ്റീരിയോ സ്പീക്കറുകളേക്കാളും മികച്ച അനുഭവം സൗണ്ട്ബാറുകളില്‍ നിന്ന് ലഭിക്കുക. ഇന്ത്യയില്‍ ലഭിക്കുന്ന സ്പീക്കറുകളിൽ മിക്കതും ആകെ ബെയ്‌സ് (bass-ബാസ് അല്ല ബെയ്‌സ്) മയമാണെന്നതാണ്. ബെയ്‌സ് ആണ് നല്ല ശബ്ദം എന്ന ധാരണ കയറിക്കൂടിയിരിക്കുന്നതിനാല്‍ മിക്കവര്‍ക്കും ബെയ്‌സ് കൂടുതലുള്ള, 'ബൂം, ബൂം' സ്പീക്കറുകളാണ് വേണ്ടത്. അവ ടിവിയോട് ഒത്തു പ്രവര്‍ത്തിക്കുമ്പോള്‍ പൊതുവെ സൗണ്ട്ബാറുകളുടെ അത്ര മികവു പുലര്‍ത്താറില്ല. ഇവയുടെ ശ്രദ്ധ ശബ്ദസ്ഫുടതയ്ക്കല്ല. അവിടെയാണ് സൗണ്ട്ബാറുകള്‍ രക്ഷയ്‌ക്കെത്തുക. സിനിമകളും മറ്റും കാണുമ്പോള്‍ ശബ്ദം അവയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന രീതിയല്‍ കേള്‍ക്കുന്നതായിരിക്കും മികച്ച അനുഭവം നല്‍കുക.

 

English Summary: hings to remember when buying a soundbar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com