ഓണർ മാജിക്ബുക് എക്സ്14 ഇന്ത്യയിലെത്തി, വിലയോ?
Mail This Article
ഇന്റൽ കോർ 11-ാം ജനറേഷൻ പ്രോസസറോടു കൂടിയ ഓണറിന്റെ പുതിയ ലാപ്‌ടോപ്പ് ഇന്ത്യയിലെത്തി. മികച്ച ഡിസ്പ്ലേ, ബാക്ക്‌ലിറ്റ് കീബോർഡ്, അതിവേഗ ചാർജിങ് പിന്തുണ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. എന്നാൽ, മാജിക്ബുക് എക്സ്14 ഈ ഫീച്ചറുകളെല്ലാം ഓണർ ന്യായമായ വിലയ്ക്കാണ് നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.
മാജിക്ബുക് എക്സ്14 ന്റെ 4.8 എംഎം ബെസലുള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനുമുണ്ട്. 84 ശതമാനമാണ് സ്‌ക്രീൻ-ടു-ബോഡി റേഷ്യോ. ലാപ്‌ടോപ്പിന് 15.9 എംഎം കനവും 1.38 കിലോഗ്രാം ഭാരവും ഉണ്ട്. ഇന്റൽ ഐറിസ് എക്‌സെ ഗ്രാഫിക്‌സിനൊപ്പം 4.2 ജിഗാഹെർട്‌സ് വരെ വേഗമുള്ള 11-ാം തലമുറ ഇന്റൽ കോർ i5-1135G7 ആണ് പ്രോസസർ. ഇതോടൊപ്പം 512 ജിബി പിസിഐഇ എസ്എസ്ഡിയും 8 ജിബി റാമും ഉൾപ്പെടുത്തിയിരിക്കുന്നു.
ഒരൊറ്റ ചാർജിൽ മാജിക്ബുക് എക്സ്14ന്റെ ബാറ്ററി ലൈഫ് 9.9 മണിക്കൂർ വരെ ലഭിക്കും. ചാർജിങ്ങിന്റെ കാര്യത്തിൽ 65W ടൈപ്പ്-സി ഫാസ്റ്റ് ചാർജറുമായി പൊരുത്തപ്പെടുന്നതാണ് ഈ ലാപ്ടോപ്പ്. ഇതിന് 30 മിനിറ്റിനുള്ളിൽ 44% വരെ ചാർജ് ചെയ്യാനാകും.
യുഎസ്ബി 3.0 ജെൻ 1 പോർട്ട്, ഒരു യുഎസ്ബി 2.0 പോർട്ട്, ഒരു യുഎസ്ബി-സി പോർട്ട്, എച്ച്ഡിഎംഐ പോർട്ട് എന്നിവയാണ് പ്രധാന പോർട്ടുകൾ. ബാക്ക്‌ലിറ്റ് കീബോർഡ്, ബ്ലൂടൂത്ത് 5.0, ഫിംഗർപ്രിന്റ് സ്കാനർ, കൂളിങ് ഫാൻ, എച്ച്ഡി പോപ്പ്-അപ്പ് ക്യാമറ, അലുമിനിയം ബോഡി എന്നിവ മറ്റു ഹൈലൈറ്റുകളാണ്. വിൻഡോസ് 11 ഹോം 64-bit ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഓണർ മാജിക്ബുക് എക്സ്14 നിലവിൽ 41,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിപ്പോൾ ആമസോൺ.ഇൻ ൽ സ്‌പേസ് ഗ്രേ എന്ന ഒറ്റ കളർ ഓപ്ഷനിൽ വാങ്ങാം.
English Summary: Honor MagicBook X14 Launched in India