ADVERTISEMENT

ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്-റോക്കറ്റ് 500 എന്ന പേരില്‍ പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര ഐടി, ഓഡിയോ, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയ വിഭാഗങ്ങളിലെ അനുബന്ധ ഉപകരണ നിര്‍മാണ കമ്പനികളിലൊന്നായ സെബ്രോണിക്‌സ്. സുപ്രശസ്ത ഡിസി കഥാപാത്രങ്ങളായ ദി ജോക്കര്‍, ബ്ലാക് ആഡം എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ സ്പീക്കര്‍.

 

∙ സെബ്രോണിക്‌സ്-വാര്‍ണര്‍ ബ്രദേഴ്‌സ് സഹകരണം

 

കമ്പനി അടുത്തിടെ ഹോളിവുഡ് സിനിമാ നിര്‍മാതാവായ വാര്‍ണര്‍ ബ്രേദേഴ്‌സ്, ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഡിസി എന്നീ കമ്പനികളുമായി ചില മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഡിസിയുടെ മള്‍ട്ടിവേഴ്‌സില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടായിരിക്കും സെബ്രോണിക്‌സ് ചില പ്രൊഡക്ടുകള്‍ ഇനി ഇറക്കുക. അത്തരത്തിലൊന്നാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന സെബ്-റോക്കറ്റ് 500 സ്പീക്കര്‍.

 

∙ വ്യത്യസ്ത വേണ്ടേ?

 

ബ്ലൂടൂത്ത് സ്പീക്കറുകളും, നെക്ബാന്‍ഡുകളും, ഇയര്‍ഫോണുകളുമെല്ലാം ചറുപറ ഇറക്കുകയാണ് വിവിധ കമ്പനികള്‍. മിക്കവയും തമ്മില്‍ തിരിച്ചറിയാന്‍ പോലും പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് സെബ്രോണിക്‌സിന്റെ പുതിയ പരീക്ഷണം. പേഴ്‌സണല്‍ഓഡിയോ വിഭാഗത്തിലാണ് പുതിയ സ്പീക്കര്‍ ഇറക്കുക. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന വെബ്‌സൈറ്റാണ് ഡിസി.കോം. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, വണ്‍ഡര്‍ വുമണ്‍ ഗ്രീന്‍ ലാന്റേണ്‍ തുടങ്ങി ഒട്ടനവധി പ്രശസ്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിസി.കോമില്‍ ലഭിക്കും.

 

∙ സെബ്-റോക്കറ്റ് 500

 

പുതിയ സ്പീക്കറായ സെബ്-റോക്കറ്റ് 500 കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. സ്പീക്കര്‍ ഒറ്റ ഫുള്‍ ചാര്‍ജില്‍ ഏകദേശം 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് പറയുന്നത്. ശക്തമായ ഇരട്ട 7.6 സെന്റീമീറ്റര്‍ ഡ്രൈവറുകളാണ് സ്പീക്കറിലുള്ളത്. ഇതിനാല്‍ ശക്തമായ 20 വാട്‌സ് വോയിസ് ഔട്ട്പുട്ട് നല്‍കാന്‍ കെല്‍പ്പുള്ളതാണ് സ്പീക്കര്‍. ഇരട്ട പാസീവ് റേഡിയേറ്ററുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ആഴത്തിലുള്ളതും തുളച്ചുകയറുന്നതുമായ ബെയ്സ് പുറപ്പെടുവിക്കാന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ സെബ്-റോക്കറ്റ് 500 എന്ന് സെബ്രോണിക്‌സ് പറയുന്നു.

 

ഇതിനാല്‍ തന്നെ ഏതു സ്ഥലവും ക്ഷണത്തില്‍ ഒരു പാര്‍ട്ടി ഫ്‌ളോറാക്കി മാറ്റാനാകുമെന്നാണ് കമ്പനി പറയുന്നത്. മിന്നിത്തെളിയുന്ന ആര്‍ജിബി ലൈറ്റുകള്‍ സെബ്-റോക്കറ്റ് 500ന് ഉള്ളതിനാല്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടാം. സ്പീക്കറിലുള്ള 6.3 എംഎം ജാക്കിലേക്ക് മൈക്രോഫോണ്‍ പ്ലഗ്-ഇന്‍ ചെയ്താല്‍ കാരോകെയും (Karaoke) ആസ്വദിക്കാം. ഉന്നത നിലവാരമുള്ള സ്ട്രാപ്പും സെബ്-റോക്കറ്റ് 500ന് ഉള്ളതിനാല്‍ എങ്ങോട്ടു വേണമെങ്കിലും എടുത്തു മാറ്റുകയും ചെയ്യാം.

 

∙ വോളിയം നിയന്ത്രിക്കാന്‍ നോബ്

 

ഇക്കാലത്ത് പല സ്പീക്കറുകളും വോളിയം നിയന്ത്രിക്കാന്‍ നന്നെ പതിഞ്ഞ ബട്ടണുകളാണ് നല്‍കുന്നത്. എളുപ്പത്തില്‍ വോളിയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സെബ്-റോക്കറ്റ് 500ന് നല്‍കിയിരിക്കുന്നത് പഴയ രീതിയിലുള്ള നോബ് തന്നെയാണ്. ചാര്‍ജിങിന് ടൈപ്-സി കണക്ടറും ഉണ്ട്. ബ്ലൂടൂത് വി-5.0, ഓക്‌സിലിയറി, യുഎസ്ബി എന്നീ കണക്ടിവിറ്റി സാധ്യതകളും നല്‍കിയിരിക്കുന്നു. കൂടാതെ എഫ്എം റേഡിയോയും കേള്‍ക്കാം.

 

∙ ഇരട്ടി ശക്തിക്ക് ഒരു സ്പീക്കര്‍ കൂടി പ്രവര്‍ത്തിപ്പിക്കാം

 

ആപ്പിളിന്റെ ഹോംപോഡ് തുടങ്ങിയ ഉപകരണങ്ങള്‍ രണ്ടെണ്ണം ഒരേ സമയത്ത് പ്രവര്‍ത്തിപ്പിച്ചാല്‍ മികച്ച അനുഭവം ലഭിക്കും. അതുപോലെ രണ്ട് സെബ്-റോക്കറ്റ് 500 സ്പീക്കറുകള്‍ സകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ ഇരട്ടി അനുഭവമായിരിക്കും ലഭിക്കുക. ഇതിനായി സ്പീക്കറില്‍ ട്രൂ വയര്‍ലെസ് സ്റ്റീറിയോ ഫങ്ഷനും ഉണ്ട്. ഒരേ സോഴ്‌സില്‍ നിന്ന് വയര്‍ലെസായി പാട്ട് സ്വീകരിച്ച് താളപ്പിഴയില്ലാതെ കേള്‍പ്പിക്കാന്‍ ടിഡബ്ല്യൂഎസ് ഫങ്ഷന് സാധിക്കും.

 

∙ മികച്ച ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെ

 

സെബ്-റോക്കറ്റ് 500 സ്പീക്കര്‍ അവതരണ വേളയില്‍ സംസാരിച്ച സെബ്രോണിക്‌സ് ഡയറക്ടര്‍ യാഷ് ദോഷി പറഞ്ഞത് അനുപമമായ ഉപകരണങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നാണ്. തങ്ങള്‍ അത്തരത്തിലുളള ഉപകരണങ്ങള്‍ നിർമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് അനുയോജ്യമായ ഉപകരണങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. സംഗീത പ്രേമികള്‍ക്ക് സെബ്-റോക്കറ്റ് 500 ഇഷ്ടപ്പെടുമെന്നും പല സാഹചര്യങ്ങളിലും അത് പ്രയോജനപ്പെടുത്താനാകുമെന്നും യാഷ് പറഞ്ഞു. ധാരാളം മികച്ച ഫീച്ചറുകളും അഴകും അതിനുണ്ട്. ജോക്കറിന്റെയും ബ്ലാക് ആഡത്തിന്റെയും ഫാന്‍സിനും പുതിയ സ്പീക്കര്‍ ഇഷ്ടപ്പെടും. എപ്പോഴും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസി കഥാപാത്രങ്ങളെ ആലേഖനം ചെയ്ത തീം ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 17 മുതലാണ് ഇത് ആമസോണില്‍ വില്‍പനയ്‌ക്കെത്തുക. തുടക്ക ഓഫറെന്ന നിലയില്‍ 3199 രൂപ വിലയ്ക്കാണ് വില്‍ക്കുന്നതെന്ന് കമ്പനി പറയുന്നു. 

 

കഴിഞ്ഞ 25 വര്‍ഷമായി ഐടി അനുബന്ധ ഉപകരണങ്ങള്‍, ഇല്‌ക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ലൈഫ്‌സ്റ്റൈല്‍ അക്‌സസറികള്‍, സ്മാര്‍ട് ഉപകരണങ്ങള്‍, നിരീക്ഷണ ഉപകരണങ്ങള്‍ എന്നു തുടങ്ങി നിരവധി ഡിവൈസുകള്‍ ഇറക്കുന്ന കമ്പനിയാണ് സെബ്രോണിക്‌സ്. പുതുമ കൊണ്ടുവരുന്നകാര്യങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനിയുമാണ് സെബ്. പ്രീമിയം പ്രൊഡക്ടുകള്‍ സാധാരണക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് കമ്പനി പറയുന്നു.

 

∙ വാര്‍ണര്‍ ബ്രദേഴ്‌സ്

 

ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ വാര്‍ണര്‍ ബ്രദേഴ്‌സ് കമ്പനിയുടെ ഭാഗമാണ്. തങ്ങളുടെ ഡിവൈസുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി നൂതന ഉപകരണങ്ങള്‍ നിരന്തരം പുറത്തിറക്കുന്ന കമ്പനിയുമായണ് ഡിസ്‌കവറി ഗ്ലോബല്‍. അവര്‍ഡുകള്‍ നേടിയ കളിപ്പാട്ടങ്ങള്‍, ഫാഷന്‍, വീട് മോടിപിടിപ്പിക്കാനുളള ഉപകരണങ്ങള്‍ തുടങ്ങിയവയും പുറത്തിറക്കുന്നു. ഇവയില്‍ പലതും വാര്‍ണര്‍ ബ്രദേഴ്‌സ് സിനിമകളിലെ തീമുകളുമായ ഒത്തു പോകുന്നവയും ആയിരിക്കും. 

 

∙ ഡിസി

 

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌കവറി പല സൂപ്പര്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കുന്നു. ലോകത്തെ ഏറ്റവും വലിയ പ്രസാധന കമ്പനികളിലൊന്നുമാണ് ഡിസി. നിരവധി തലമുറകളെ ആനന്ദത്തിലാറാടിച്ച പുസ്തകങ്ങളും, കഥാപാത്രങ്ങളും ഡിസിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സിനിമകള്‍, ടെലിവിഷന്‍, ആനിമേഷന്‍, കണ്‍സ്യൂമര്‍ ഉല്‍പന്നവിപണി തുടങ്ങി വിവിധ മേഖലകളില്‍ അസൂയാവഹമായ സാന്നിധ്യമുള്ള കമ്പനിയാണ് ഡിസി.

 

English Summary: Zebronics unveils Zeb-Rocket 500, a BT-Speaker in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com