ADVERTISEMENT

അകലെയിരിക്കുന്ന പ്രേമഭാജനത്തിന് ഒരു ചുംബനം നല്‍കണമെന്നുണ്ടോ? ഇതിനായി ഒരു സൂത്രപ്പണിയന്ത്രം (contraption) അവതരിപ്പിച്ചിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി. ചലന ശേഷിയുള്ള സിലിക്കന്‍ ചുണ്ടുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഉപകരണത്തിന്റെ പരസ്യത്തില്‍ പറയുന്നത് രണ്ടിടങ്ങളിലുള്ള ദമ്പതികള്‍ക്ക് ശരിക്കും 'ശാരീരികമായ' ഒരു ചുംബനം നടത്താന്‍ സാധിക്കുമെന്നാണ്. പുതിയ വാർത്ത ചൈനീസ് സമൂഹ മാധ്യമങ്ങളിലെല്ലാം വൻ തരംഗമായിരിക്കുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാര്‍ത്ത പലരിലും ഉദ്വേഗം വളര്‍ത്തിയെങ്കില്‍ ചിലരെ അത് ഞെട്ടിച്ചുവെന്നും പറയുന്നു.

∙ റിമോട്ട് കിസ്

ഉപകരണത്തിന് റിമോട്ട് കിസ് എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടു പങ്കാളികള്‍ക്കുമായി ഓരോ ഉപകരണം വീതമാണ് ലഭിക്കുക. ഇത് ധരിച്ചാണ് ചുംബനം നടത്തുക. അതേസമയം, ഇത് കാമുകീകാമുകന്മാര്‍ക്കു മാത്രമല്ല പകര്‍ച്ചവ്യാധികള്‍ പിടിക്കപ്പെട്ടവർക്ക് ചുംബനം കൈമാറാനും ഉചിതമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ഇത് തമാശയോ സംസ്‌കാരരാഹിത്യമോ?

മര്‍ദമേല്‍പിക്കാന്‍ കെല്‍പ്പുളള സെന്‍സറുകളും പ്രചോദക സാമഗ്രികളും ഉള്‍പ്പെടുത്തിയാണ് ചുംബന ഉപകരണമായ റിമോട്ട് കിസ് തയാര്‍ ചെയ്തിരിക്കുന്നത്. ഇതിന് യഥാര്‍ഥ ചുംബനത്തിന്റെ ചേരുവകള്‍ പുനഃസൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം. മര്‍ദ്ദം, ചലനം, പങ്കാളിയുടെ ചുണ്ടുകളുടെ ഊഷ്മളത തുടങ്ങിയവയാണ് പുനഃസൃഷ്ടിക്കുന്നത്. ചുംബന സമയത്തുണ്ടാകുന്ന ചലനങ്ങള്‍ക്കൊപ്പം പങ്കാളി ഉണ്ടാക്കിയേക്കാവുന്ന ശബ്ദങ്ങളും ഉപകരണം കേള്‍പ്പിക്കുമത്രെ. ചൈനീസ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പലരും ഇതിനെ വെറും തമാശയായി കണ്ടപ്പോള്‍ ചിലരെല്ലാം ഇത് അശ്ലീലമാണെന്നും ഭയപ്പെടുത്തുന്നതാണെന്നും വരെ പ്രതികരിച്ചു.

∙ ഞെട്ടിച്ചു

‘എനിക്കറിയില്ല ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്. പക്ഷേ, ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്’ എന്നാണ് ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോയില്‍ വന്ന ഒരു കമന്റ്. ട്വിറ്ററിന്റെ രീതി അനുകരിക്കുന്ന വെയ്‌ബോയില്‍ റിമോട്ട് കിസിനെ കുറിച്ച് നിരവധി ഹാഷ്ടാഗുകള്‍ പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

∙ പ്രവര്‍ത്തിക്കുന്നതെങ്ങനെ?

പങ്കാളിക്ക് ചുംബനം നല്‍കാന്‍ ആഗ്രഹിക്കുന്നവർ റിമോട്ട് കിസിനൊത്ത് പ്രവര്‍ത്തിക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ഉപകരണം ഫോണിന്റെ ചാര്‍ജിങ് പോര്‍ട്ടില്‍ കുത്തണം. പങ്കാളി ഉപയോഗിക്കുന്ന ഉപകരണം ആപ് വഴി പെയര്‍ ചെയ്യണം. തുടര്‍ന്ന് ഇരുവരും വിഡിയോ കോള്‍ ചെയ്യുകയും തങ്ങളുടെ ചുംബനങ്ങളുടെ പകര്‍പ്പുകള്‍ ഉപകരണം വഴി കൈമാറുകയുമാണ് വേണ്ടത്. ഇത് ഇരുവരും ധരിച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക് പുനഃസൃഷ്ടിക്കാനാകുമെന്നാണ് അവകാശവാദം.

∙ 2019ല്‍ പേറ്റന്റും എടുത്തു

റിമോട്ട് കിസ് ചുംബന ഉപകരണം പുറത്തിറക്കിയിരിക്കുന്നത് ചങ്ഗ്‌സൗ (Changzhou) വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജിയാണ്. കമ്പനി ഇതിന്റെ പേറ്റന്റ് എടുത്തു കഴിഞ്ഞുവെന്ന് ചൈനയുടെ സർക്കാര്‍ അധീനതയിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ സ്വന്തം കാമുകിക്ക് ചുംബനം നല്‍കാന്‍ നിർമിച്ചത്

പഠിക്കുന്ന സമയത്ത് മറ്റൊരു പ്രദേശത്തായിരുന്ന കാമുകിയുമായി അടുത്തിടപഴകാൻ വേണ്ടിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ജിയാങ് സോങ്ഗ്‌ളി പറഞ്ഞു. ഫോൺ വഴി മാത്രമായിരുന്നു കാമുകിയുമായി സംസാരിക്കാൻ സാധിച്ചിരുന്നത്. ഇതോടെയാണ് ഓൺലൈന്‍ വഴി ചുംബനം നൽകാൻ പുതിയ സംവിധാനം വികസിപ്പിച്ചെടുക്കാൻ ജിയോങ് ശ്രമം തുടങ്ങിയതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ പേറ്റന്റ് സമയപരിധി കഴിഞ്ഞു

2019ലാണ് റിമോട്ട് കിസിന്റെ പേറ്റന്റ് എടുത്തതെന്ന് ജിയാങ് സോങ്ഗ്‌ളി പറഞ്ഞു. എന്നാല്‍, 2023 ജനുവരിയില്‍ ഇതിന്റെ കാലാവധി അവസാനിച്ചു. ആരെങ്കിലും ഈ ഉപകരണത്തിന് എന്തെങ്കിലും പുതുമകള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ എന്നും ഇതിന്റെ ഡിസൈൻ കുറച്ചുകൂടി മെച്ചപ്പെടുത്തിയിരുന്നെങ്കിലെന്നും ജിയാങ് സോങ്ഗ്‌ളി പ്രതീക്ഷ പ്രകടിപ്പിച്ചു.

∙ അവിശ്വസനീയമെന്ന് പ്രതികരണം

‘അകലെയിരുന്ന് ചുംബിക്കുക എന്ന ആശയം തന്റെ പങ്കാളിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല’ – റിമോട്ട് കിസ് വാങ്ങിയ ഒരു ഉപയോക്താവ് പറഞ്ഞുവെന്ന് മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, ഇത് ഉപയോഗിച്ച അവള്‍ അദ്ഭുതപ്പെട്ടുപോയി എന്നാണ് പോസ്റ്റിട്ട വ്യക്തി അവകാശപ്പെട്ടിരിക്കുന്നത്. തങ്ങളുടെ സ്‌നേഹ ബന്ധത്തില്‍ താന്‍ ഇന്നേവരെ കാമുകിക്കു നല്‍കിയിരിക്കുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്നാണ് അയാള്‍ പറയുന്നത്. സാങ്കേതികവിദ്യയ്ക്ക് അയാള്‍ നന്ദി പറയുന്നു.

∙ അപരിചിതരെയും ചുംബിക്കാം

അതേസമയം, ഉപകരണത്തിനൊത്തു പ്രവര്‍ത്തിക്കുന്ന ആപ്പില്‍ 'കിസിങ് സ്‌ക്വയര്‍' ഉണ്ടെന്ന് മിറര്‍ എഴുതുന്നു. ഇതു വഴി ഈ ഉപകരണം ധരിച്ചിരിക്കുന്ന അപരിചിതരെ ചുംബിക്കാനുള്ള അവസരവുമുണ്ടെന്നും പറയുന്നു. അതേസമയം, അപരിചിതര്‍ക്ക് തമ്മില്‍ മാച്ചുചെയ്യാന്‍ സാധിച്ചാല്‍ മാത്രമാണ് ചുംബനം നല്‍കാന്‍ സാധിക്കുക എന്ന് സിഎന്‍എന്‍ എഴുതുന്നു. ഇരുവര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടാല്‍ ചുംബനം കൈമാറുന്ന കാര്യം പരസ്പരം ചോദിക്കാം.

∙ ചുംബനം അപ്‌ലോഡ് ചെയ്യാം

ഇതിനൊക്കെ പുറമെ അപരിചിതര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാനായി റിമോട്ട് കിസ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ചുംബനം അപ്‌ലോഡ് ചെയ്തിടാം. ഇത് വേണ്ടവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാം.

∙ ഇതാദ്യമായല്ല വിദൂര ചുംബന സാങ്കേതികവിദ്യ

ഇന്റര്‍നെറ്റ് വഴിയുള്ള ടച്ചിങ് സാധ്യമാക്കാന്‍ ശ്രമിക്കുന്ന പല സംവിധാനങ്ങളും പുറത്തിറക്കുന്ന തിരക്കിലാണ് കമ്പനികള്‍. റിമോട്ട് കിസിനു സമാനമായ ഉപകരണം 2016ല്‍ മലേഷ്യയിലെ ഇമാജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് ടച്ചിങ് പ്രതികരണ ശേഷിയുള്ള സിലിക്കന്‍ പാഡ് ആണ് ഉപയോഗിച്ചിരുന്നത്. റിമോട്ട് കിസ് ചുണ്ടിന്റെ ആകാരമുള്ള ഉപകരണമാണ്. വില ഏകദേശം 41 ഡോളര്‍. ചൈനയിലെ ഏറ്റവും വലിയ ഷോപ്പിങ് സൈറ്റായ ടാഓബാഓയിലാണ് (Taobao) ഇത് വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

English Summary: This Chinese kissing device lets you smooch over the internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com