ആദ്യത്തെ പിക്സൽ ടാബ്‌ലെറ്റ് പുറത്തിറക്കി ഗൂഗിൾ, മല്‍സരം ആപ്പിൾ ഐപാഡിനോട്
Mail This Article
ഗൂഗിളിന്റെ ആദ്യ പിക്സൽ ടാബ്‌ലെറ്റ് ഐ/ഒ 2023 ഇവന്റിൽ പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പിക്‌സൽ 7 സീരീസ് ലോഞ്ചിനിടെയാണ് കമ്പനി ഈ ഉപകരണം ആദ്യമായി അവതരിപ്പിച്ചത്. ഗൂഗിൾ പിക്‌സൽ ടാബ്‌ലെറ്റിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 499 ഡോളറാണ് വില (ഏകദേശം 40,000 രൂപ). നിലവിൽ വിപണിയിൽ ആപ്പിളിന്റെ ഐപാഡുകളും സാംസങ്ങിന്റെ ഗ്യാലക്‌സി ടാബ് എസ്, എ-സീരീസ് ഉൽപന്നങ്ങളുമാണ് ഈ വിഭാഗത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഗൂഗിളിന്റെ പിക്സൽ ടാബ്‌ലെറ്റുകളും മികച്ച മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്.
ഗൂഗിളിന്റെ ടെൻസർ ജി2 പ്രോസസറാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ ടാബ്‌ലെറ്റ് മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. യുഎസ്, കാനഡ, യുകെ, ജർമനി, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, നെതർലാൻഡ്‌സ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രീ-ബുക്കിങ് തുടങ്ങി. ജൂൺ 20 മുതൽ വിൽപന തുടങ്ങുമെന്നും ഗൂഗിൾ വ്യക്തമാക്കി. പിക്സൽ ടാബ്‌ലെറ്റ് ഇന്ത്യയിൽ വിൽക്കില്ല.
ടാബ്‌ലെറ്റുകളിലെ ഡിസ്‌പ്ലേ ഒരു പ്രധാന ഘടകമായതിനാൽ പിക്സൽ ടാബ്‌ലെറ്റിൽ 11 ഇഞ്ച് എൽസിഡി സ്‌ക്രീൻ (കൃത്യമായി പറഞ്ഞാൽ 10.95) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മിക്കവരും 11 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പം ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. പ്രതീക്ഷിച്ചതുപോലെ ഡിസ്പ്ലേയ്ക്ക് ടച്ച് പിന്തുണയുണ്ട്. കൂടാതെ കണ്ടെന്റ് സൃഷ്ടിക്കുന്നതിനോ എഴുതുന്നതിനോ ഉപയോക്താക്കൾക്ക് സ്റ്റൈലസും ഉപയോഗിക്കാം.
60Hz റിഫ്രഷ് റേറ്റുള്ള, 2560x1600 (ഫുൾ-എച്ച്‌ഡി+) റെസലൂഷനുള്ള ഡിസ്പ്ലേയാണ് പിക്സൽ ടാബ്‌ലെറ്റിലുള്ളത്. തിരശ്ചീന ഓറിയന്റേഷനിൽ മുൻവശത്ത് 8 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്. ഇത് പല ടാബ്‌ലെറ്റ് ഉപയോക്താക്കൾക്കും ഇഷ്ടപ്പെടുന്ന ഓപ്ഷനാണ്. ആപ്പിൾ ഐപാഡുകളിലെ പോർട്രെയിറ്റ് ഓറിയന്റേഷനിലുള്ള മുൻ ക്യാമറയിൽ നിന്ന് വ്യത്യസ്തമാണ് ഇത്.
ടെൻസർ ജി2 പ്രോസസറും 27Wh ബാറ്ററിയുമാണ് പിക്സൽ ടാബ്‌ലെറ്റിൽ പ്രവർത്തിക്കുന്നത്. ബാറ്ററിക്ക് 12 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സെറാമിക് പോലെ ഫിനിഷുള്ള പിൻ പാനലിൽ 8 മെഗാപിക്സൽ ക്യാമറയുണ്ട്. എന്നാൽ എൽഇഡി ഫ്ലാഷ് ഇല്ല. ക്വാഡ് സ്പീക്കർ സിസ്റ്റം, മൂന്ന് മൈക്രോഫോണുകൾ, യുഎസ്ബി–സി ചാർജിങ് പോർട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, വൈ-ഫൈ 6 പിന്തുണ എന്നിവയാണ് ടാബ്‌ലെറ്റിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary: Google launches its first Pixel Tablet