താക്കോലും ബാഗുമെല്ലാം മറന്നുവയ്ക്കുന്ന സ്വഭാവമുണ്ടോ? ജിയോ ടാഗുണ്ട്; വില വെറും 749 രൂപ
Mail This Article
വാഹനങ്ങളുടെയും വീടിന്റെയുമൊക്കെ താക്കോല്‍, പഴ്‌സ്, ബാഗ് തുടങ്ങിയവ എവിടെയെങ്കിലും വച്ചു മറന്നാല്‍ കണ്ടെത്താൻ സഹായിക്കുമെന്ന വാഗ്ദാനവുമായി എത്തിയ ചെറിയ ഗാഡ്ജറ്റാണ് ആപ്പിളിന്റെ എയര്‍ടാഗ്. എയര്‍ടാഗിന് 3,190 രൂപ നല്‍കണം. എന്നാൽ ഇതിന് ഒരു ഇന്ത്യന്‍ എതിരാളി എത്തിയിരിക്കുകയാണ്- റിലയന്‍സിന്റെ ജിയോടാഗ്. 749 രൂപ കൊടുത്താല്‍ ജിയോ ടാഗ് ലഭിക്കും.
ഇരു ഉപകരണങ്ങള്‍ക്കും സമാനമായ പല ഗുണങ്ങളുമുണ്ടെങ്കിലും വ്യത്യാസങ്ങളും ഉണ്ട്. വിലയിലും ഉപയോഗ സാധ്യതയിലും ജിയോടാഗിനാണ് ഇന്ത്യയില്‍ വ്യക്തമായ മുന്‍തൂക്കം. എയര്‍ടാഗ് ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ജിയോടാഗ് ഐഒഎസിനോടും ആന്‍ഡ്രോയിഡിനോടും ചേർന്നു പ്രവര്‍ത്തിക്കും. എയര്‍ടാഗ് അമേരിക്കയില്‍ സ്ത്രീകളെയും മറ്റും ട്രാക്ക് ചെയ്യാന്‍ ഉപയോഗിച്ചതോടെ ഒരു നിയമപ്രശ്‌നം പോലുമായി മാറിയിരുന്നു.
ഒരു വര്‍ഷത്തെ ബാറ്ററി ലൈഫ്
എയര്‍ടാഗിനെ പോലെ ചെറുതും ശക്തവുമാണ് ജിയോടാഗും– 9.5 ഗ്രാം ഭാരം മാത്രം. ജിയോടാഗിന്റെ ബാറ്ററി 1 വര്‍ഷത്തേക്കു ലഭിക്കുമെന്നാണ് അവകാശവാദം. ഒരു ബാറ്ററി സൗജന്യമായി നല്‍കുന്നുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 മീറ്ററും പുറത്ത് 50 മീറ്ററുമാണ് ജിയോടാഗിന്റെ റേഞ്ച്. ബാഗുകള്‍, താക്കോല്‍ തുടങ്ങി വിലപിടിപ്പുള്ള പലതുമായും ഘടിപ്പിക്കാനാകും. വേണ്ടപ്പെട്ട സാധനങ്ങള്‍ എവിടെയെങ്കിലും വച്ചു മറക്കുന്ന സ്വഭാവമുള്ളവര്‍ക്ക് ജിയോടാഗ് ഗുണകരമായേക്കാം.
എയര്‍ടാഗോ ജിയോടാഗോ?
എയര്‍ടാഗ് ആപ്പിള്‍ ഉപകരണങ്ങള്‍ക്കൊപ്പം ഉപയോഗിക്കാന്‍ ഉണ്ടാക്കിയവയാണ്. ജിയോടാഗ് ഐഒഎസും ആന്‍ഡ്രോയിഡുമായി സഹകരിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാം. വിലയിലെ അന്തരവും കണക്കിലെടുക്കേണ്ടിവരും. ആപ്പിളിന്റെ 'ഫൈന്‍ഡ് മൈ നെറ്റ്‌വര്‍ക്കി’നൊപ്പം പ്രവര്‍ത്തിപ്പിക്കാമെന്നത് എയര്‍ടാഗിന്റെ വ്യക്തമായ ഗുണമാണ്. (അതുപോലെ ദോഷവുമാണ്.) എന്നാല്‍, ജിയോടാഗ് 'കമ്യൂണിറ്റി ഫൈന്‍ഡ് മൈ നെറ്റ്‌വര്‍ക്ക്' ഫീച്ചര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന് ജിയോ പറയുന്നു. ഇതിന്റെ ശേഷി വ്യക്തമല്ല. ഒരുപക്ഷേ ഇത് നെറ്റ്‌വര്‍ക്കിലുള്ള മറ്റുള്ളവരുടെ ഉപകരണങ്ങളെ ആശ്രയിച്ചായിരിക്കാം പ്രവര്‍ത്തിക്കുക. ഇത് ചിലപ്പോള്‍ എയര്‍ടാഗിന്റെ ഗുണം കൊണ്ടുവന്നേക്കും, അതേപോലെ ദോഷവും.
എന്തു ദോഷമാണ് വരിക?
എയര്‍ടാഗ് ഉപയോഗിച്ച് ആരെയെങ്കിലും ദുരുദ്ദേശ്യത്തോടെ ട്രാക്കു ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ അമേരിക്കയിയിലെ ഒഹായോയിലെ സെനറ്റ് ബില്‍ പാസാക്കിയതും ജിയോടാഗ് ഇറക്കിയതും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ നിരീക്ഷിക്കുന്നത് കുറ്റകരമാണ് എന്നാണ് സെനറ്റ് ഏകകണ്ഠമായി പാസാക്കിയ ബില്ലില്‍ പറഞ്ഞിരിക്കുന്നത്.
എയര്‍ടാഗിലൊക്കെയുള്ള ടെക്‌നോളജി ഗംഭീരമാണ്. നിങ്ങളുടെ താക്കോലുകളോ ലഗേജോ കണ്ടെത്താനും സുരക്ഷിതമാക്കാനും അത് ഉപയോഗിക്കാം. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഇത് പേടിപ്പെടുത്തുന്നതുമാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനും ഇത് ഉപയോഗിക്കാനാകും. എയര്‍ടാഗ് പോലെയുള്ള ഉപകരണങ്ങള്‍ മറ്റുള്ളവരുടെ ബാഗുകളിലും മറ്റും അവരറിയാതെ നിക്ഷേപിച്ച് അവരുടെ ചലനങ്ങളും നിരീക്ഷിക്കാം. ജിയോടാഗിന്റെ 'കമ്യൂണിറ്റി ഫൈന്‍ഡ് മൈനെറ്റ്‌വര്‍ക്ക്' ഫീച്ചറിന്റെ സാധ്യത എത്രയുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.
പ്രസാധകരുമായി സഹകരിക്കാന്‍ മൈക്രോസോഫ്റ്റ്
ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ബിസിനസിന്, സമൂഹ മാധ്യമങ്ങളും സേര്‍ച്ച് എൻജിനുകളും ഇടനിലക്കാരായി എത്തിയതോടെ, ഒരേ സമയം ഗുണവും ദോഷവും ഉണ്ടായി. വാര്‍ത്തകളും മറ്റും കൂടുതല്‍ പേരിലേക്ക് എത്താന്‍ ഈ 'ഇടനിലക്കാര്‍' സഹായിച്ചു എങ്കിലും വരുമാനം അവരുടെ പോക്കറ്റിലേക്കു പോകുന്നതാണ് കണ്ടത്. ഇതിന് ബദല്‍ സംവിധാനമൊരുക്കാന്‍ ഓസ്‌ട്രേലിയയും കാനഡയും അടക്കം ചില രാജ്യങ്ങളിലെ അധികാരികള്‍ മുന്നോട്ടു വന്നിരുന്നു.
സമൂഹമാധ്യമങ്ങളും സേര്‍ച്ച് എൻജിനുകളും വാര്‍ത്തകള്‍ നല്‍കി ഉണ്ടാക്കുന്ന പണത്തിന്റെ ഒരു പങ്ക്, അവ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന രീതിയിലായിരുന്നു ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍. എന്നാല്‍, ഇത് 'ഇടനിലക്കാര്‍ക്ക്' ഒട്ടും രസിക്കുന്ന കാര്യമല്ല എന്നും വ്യക്തമാണല്ലോ. ഇതിന്റെ തുടര്‍ചലനങ്ങള്‍ ഇപ്പോള്‍ കാണുകയും ചെയ്യാം.
മുന്നോട്ടിറങ്ങി മൈക്രോസോഫ്റ്റ്
എന്നാലിപ്പോള്‍, പ്രസാധകരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായി എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്. കമ്പനിയുടെ സ്വന്തം സേര്‍ച്ച് എൻജിനായ ബിങ്ങില്‍ അടുത്തിടെ ചാറ്റ്ജിപിറ്റിയുടെ എഐ ശേഷി സന്നിവേശിപ്പിച്ച മൈക്രോസോഫ്റ്റ്ചാറ്റിലും മറ്റും മികവു പുലര്‍ത്തുന്നു. ഇതു മുതലാക്കി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പ്രസാധകരോട് പറയുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയെ മാത്രം ആശ്രയിച്ചു നിന്നിരുന്ന പ്രസാധകര്‍ക്കും പുതിയ സാധ്യത തേടാൻ സാധിച്ചേക്കും. എഐ ചാറ്റിനിടയില്‍ കൂടുതല്‍ വാര്‍ത്താലിങ്കുകള്‍ ഇടാനുള്ള അവസരമാണ് മൈക്രോസോഫ്റ്റ് ഒരുക്കുന്നതെന്നാണ് സൂചന.
മി 11 അള്‍ട്രാ വാങ്ങി 'വെള്ളംകുടിക്കുന്ന' ഉപയോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത
പൊതുവെ മികച്ച ഉപകരണങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനിയെന്ന പേര് ഷഓമിക്ക് നഷ്ടമാക്കിയത് മി 11 അള്‍ട്രാ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10 പ്രോ, പോകോ എക്‌സ്3 പ്രോ തുടങ്ങിയ മോഡലുകളാണ്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ ശ്രേണിയില്‍ പെടുന്ന മി 11 അള്‍ട്രാ വാങ്ങിയ പലരും വൈ-ഫൈ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥരാണ്. ഇത്തരക്കാര്‍ക്കു മുമ്പില്‍ രണ്ട് അവസരമാണ് ഷഓമി ഇപ്പോള്‍ വച്ചിരിക്കുന്നത്.
1. പ്രശ്‌നമുള്ള ഫോണ്‍ തിരിച്ചു നല്‍കി, ഷഓമി 12 പ്രോ ഫ്രീയായി വാങ്ങാം.
2. രണ്ട്, ‘ചെറിയ തുക’യായ 30,000 രൂപ നല്‍കി കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും ഗംഭീര മോഡലായ ഷഓമി 13 പ്രോ സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങാം.
എന്നാല്‍, മി 11 അള്‍ട്രാ അതിറങ്ങിയ സമയത്ത് ഷഓമിയുടെ ഏറ്റുവും കരുത്തുറ്റ മോഡലായിരുന്നു. പക്ഷേ, അതിനു പകരം ഇപ്പോള്‍ ഫ്രീയായി നല്‍കാമെന്നു പറയുന്ന ഷഓമി 12 പ്രോയേക്കാള്‍ മികച്ച മോഡല്‍ ഇറക്കിയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചീത്തപ്പേരു നീക്കാന്‍ ഷഓമി
ഷഓമിയുടെ സഹ സ്ഥാപനങ്ങളായ ആയ റെഡ്മി, പോകോ സീരീസുകളിലെ ചില ഫോണുകള്‍ക്ക്, അധിക വാറന്റിയും കമ്പനി നല്‍കാന്‍ തീരുമാനിച്ചു. റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10 പ്രോ, പോകോ എക്‌സ്3 പ്രോ എന്നീ മോഡലുകള്‍ക്ക് ഇനി രണ്ടു വര്‍ഷത്തെ വാറന്റി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനിടയില്‍ ഈ മോഡലുകള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ അവ കാശു വാങ്ങാതെ കമ്പനി നന്നാക്കി തരും.
ഇറങ്ങിയ കാലം മുതല്‍ പ്രശ്‌നക്കാരാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10 പ്രോ എന്നിവയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാങ്ങിയ പലരും തങ്ങളുടെ പരാതികള്‍ ട്വിറ്ററിലും മറ്റുമായി രേഖപ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും ഫോണുകള്‍ ഫ്രീയായി നന്നാക്കി നല്‍കാമെന്നായിരുന്നു കമ്പനി നല്‍കിയിരുന്ന വാഗ്ദാനം. അതുപോലെ, പോകോ എക്‌സ്3 പ്രോ മോഡലുകളുടെ മദര്‍ബോർഡുകള്‍ പ്രവര്‍ത്തിക്കാതായതും കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയിരുന്നു.
English Summary: Jio-launches-apple-airTag-rival