ടൈറ്റൻ ദൗത്യസംഘം പറയുന്നു: 12,500 അടി താഴ്ചയിലെ അപകടങ്ങൾ, സങ്കീർണം, ഹൃദയഭേദകം
Mail This Article
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തെ അന്വേഷിക്കുന്നതും ഒടുവില്‍ ആ ദുരന്തം സ്ഥിരീകരിക്കുന്നതുമെല്ലാം ലോകമൊട്ടാകെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ഉൾസ്ഫോടനത്തിനു കാരണമായെന്നാണ് നിഗമനം.
ടൈറ്റനെ തേടിയുള്ള നിർണായക ദൗത്യത്തിൽ പ്രകൃതിയോടു മല്ലിട്ടു പങ്കെടുത്ത ദൗത്യ സംഘങ്ങളുടെ വികാരങ്ങളെന്തായിരിക്കും. സമുദ്രാന്തര വാഹനമായ ടൈറ്റന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച പെലാജിക് റിസർച്ച് സർവീസസിലെ അംഗങ്ങൾ ആ ദൗത്യത്തെക്കുറിച്ചു വിവരിച്ചപ്പോൾ വികാരാധീനരായി.
പെലാജിക് റിസർച്ച് സർവീസസ് സിഇഒ എഡ്വേർഡ് കാസാനോ പറയുന്നു: അപകടത്തെക്കുറിച്ചു അറിഞ്ഞയുടനെ തയാറായിരുന്നു കാരണം താമസിയാതെ വിളിക്കുമെന്നതു ഉറപ്പായിരുന്നു. ആദ്യഘട്ടത്തിൽ ടൈറ്റനിലെ സഞ്ചാരികളെക്കുറിച്ചുള്ള ചിന്തയിൽ രക്ഷാപ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്. വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനമായ ഒഡീസിയസ് 6Kവിന്യസിച്ചു. അറ്റ്ലാന്റിക്കിലെ ഹൊറൈസൺ ആർട്ടിക് സെർച്ച് ഷിപ്പിലെ ഒരു കൺട്രോൾ റൂമിൽ പെലാജിക് റിസർച്ച് ടീമിലെ അംഗങ്ങളാണ് അത് പ്രവർത്തിപ്പിച്ചത്. ഈ പ്രക്രിയയ്ക്കു ഏകദേശം ഒന്നര മണിക്കൂർ സമയമാണ് എടുത്തത്.
90 മിനിറ്റിനുള്ളിൽ ഏകദേശം 12,500 അടി വെള്ളത്തിനടിയിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. തൊട്ടുപിന്നാലെ, ടൈറ്റൻ സബ്‌മെർസിബിളിന്റെ അവശിഷ്ടങ്ങൾ ഞങ്ങൾ കണ്ടെത്തി. അപ്പോഴേക്കും രക്ഷാപ്രവർത്തനം ഒരു വീണ്ടെടുക്കൽ ദൗത്യമായി മാറിയിരുന്നു. ഹൈ-ഡെഫനിഷൻ ക്യാമറകൾ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ തിരികെ അയച്ചു തന്നു.
സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് കനമുള്ള അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ ഹെവി ലിഫ്റ്റിംഗ് ഉപകരണങ്ങളും ഉപയോഗിക്കേണ്ടി വന്നു, അവശിഷ്ടങ്ങൾ കണ്ടെത്തിയ നിമിഷം വിവരിക്കുമ്പോൾ കാസാനോയുടെ ശബ്ദം ഇടറി. താനും തന്റെ സഹപ്രവർത്തകരും "വളരെയധികം വികാരങ്ങൾ" അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടൈറ്റന്റെ സമുദ്രാന്തര യാത്രയെക്കുറിച്ച് എന്താണ് അഭിപ്രായമെന്നു ചോദിച്ചപ്പോൾ, ആഴക്കടൽ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കമ്പനിയിലുള്ള സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കി, പര്യവേക്ഷണത്തിനുള്ള അഭിനിവേശവും സന്തോഷവുമാണ് ക്രൂവിനെ പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കാസാനോ പറയുന്നു.
English Summary: Ed Cassano, the CEO of Pelagic Research Services, said his team was processing a lot of emotions