ADVERTISEMENT

പുറത്തിറങ്ങുന്നതു വരെ ഫീച്ചറുകള്‍ പരമാവധി രഹസ്യമാക്കി വെക്കുന്ന പാരമ്പര്യമുണ്ട് ആപ്പിളിന്. ഏറ്റവും പുതിയ ഐഫോണ്‍ പുറത്തിറങ്ങാന്‍ മൂന്നു മാസം കൂടിയുണ്ടെങ്കിലും അതിന്റെ വിലയേയും ഫീച്ചറുകളേയും കുറിച്ചാണ് ഇപ്പോള്‍ തന്നെ ടെക് ലോകം ചര്‍ച്ച ചെയ്യുന്നത്. ഇറങ്ങാന്‍ പോവുന്ന ഐഫോണ്‍ 16ന്റെ ഫോണ്‍ കെയ്‌സ് ലീക്കായി എക്‌സിലൂടെ പുറത്തു വന്നിരുന്നു. ഇത് ഐഫോണ്‍ 16ന്റെ ഫീച്ചറുകളിലേക്കു കൂടിയാണ് വഴികാട്ടിയാവുന്നത്.

ഐഫോണ്‍ 16നില്‍ പ്രതീക്ഷിക്കപ്പെടുന്ന പ്രധാന മാറ്റം പുതിയൊരു ബട്ടണാണ്. ഫോണിന്റെ വലതു വശത്തായി നല്‍കിയിട്ടുള്ള ഈ ബട്ടണ്‍ സെല്‍ഫി പ്രേമികളുടെ ഇഷ്ട ബട്ടണായേക്കും. വളരെയെളുപ്പം ഫോട്ടോയെടുക്കാന്‍ ഈ ബട്ടണ്‍ വഴി സാധിക്കും. ആപ്പിള്‍ ഇന്നു വരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വില കൂടിയ ഫോണായിരിക്കും സെപ്തംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 16 എന്നാണ് റിപ്പോര്‍ട്ടുകള്‍.

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

UniverseIce എന്ന അക്കൗണ്ടിലൂടെയാണ് പുതിയ ഐഫോണിന്റെ വിഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടെക് ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന അഞ്ചു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണിത്. ആറു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. ഐഫോണ്‍ 16ന്റേതെന്നു കരുതപ്പെടുന്ന ഫോണ്‍ കവര്‍ തിരിച്ചും മറിച്ചും കാണിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതില്‍ ഫോണിന്റെ വലതു വശത്ത് താഴെയായി പുതിയ ബട്ടണുള്ള സ്ഥലം കാണാനാവും. സാമാന്യത്തിലേറെ വലിപ്പത്തിലാണ് ബട്ടണ്‍ നല്‍കിയിരിക്കുന്നത്.

Image Credit: husayno/Istock
Image Credit: husayno/Istock

പുതിയ ക്യാപ്ചുര്‍ ബട്ടണ്‍ എളുപ്പത്തില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഐഫോണ്‍ 16 ഉപയോഗിക്കുന്നവരെ സഹായിക്കും. ഐഫോണ്‍ 16ന്റേതായി പുറത്തുവന്ന ചിത്രങ്ങളിലും ഈ ബട്ടണ്‍ വ്യക്തമാണ്. ഫോണിന്റെ പവര്‍ ബട്ടണ് താഴെയായിട്ടാണ് പുതിയ ക്യാപ്ചുര്‍ ബട്ടണുള്ളത്. ക്യാമറകള്‍ പിന്‍ഭാഗത്ത് കുത്തനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആപ്പിള്‍ വിഷന്‍ പ്രോയില്‍ ത്രിഡി രൂപത്തില്‍ കാണാന്‍ കഴിയുന്ന രീതിയില്‍ സ്പാറ്റിയല്‍ വിഡിയോ(Spatial Video) ഐഫോണ്‍ 16 മോഡലുകളിലും എടുക്കാനാവും. ഇതു കൂടി കണക്കിലെടുത്താണ് കുത്തനെ ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയില്‍ നേരത്തെ തന്നെ പുറത്തിറക്കിയ ആപ്പിള്‍ വിഷന്‍ പ്രോ ബ്രിട്ടനില്‍ അടുത്തമാസം പുറത്തിറങ്ങാനിരിക്കയാണ്. ബ്രിട്ടനില്‍ 3,499 പൗണ്ടാണ്(ഏകദേശം 3.70 ലക്ഷം രൂപ) ആപ്പിള്‍ വിഷന്‍ പ്രോയുടെ വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 15 പോലെ നാലു വകഭേദങ്ങളില്‍ ഐഫോണ്‍ 16 പുറത്തിറക്കാനാണ് സാധ്യത. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രൊ, ഐഫോണ്‍ 16 പ്രൊ മാക്‌സ്. എല്ലാ വകഭേദങ്ങളിലും ക്യാപ്ചുര്‍ ബട്ടണ്‍ ഉണ്ടാവുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഐഫോണ്‍ 15നെ അപേക്ഷിച്ച് ഐഫോണ്‍ 16 പ്രൊ മോഡലുകള്‍ക്ക് സ്‌ക്രീന്‍ വലിപ്പം കൂടുമെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. പ്രൊ മോഡലിന്റെ സ്‌ക്രീന്‍ വലിപ്പം 6.1 ഇഞ്ചില്‍ നിന്നും 6.3 ഇഞ്ചിലേക്കും പ്രൊ മാക്‌സ് സ്‌ക്രീന്‍ 6.7 ഇഞ്ചില്‍ നിന്നും 6.9 ഇഞ്ചിലേക്കും എത്തിയേക്കും. എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനൊപ്പമായിരിക്കും ഐഫോണ്‍ 16 മോഡലുകളും ആപ്പിള്‍ പുറത്തിറക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com