ADVERTISEMENT

പഴയ ആ നോക്കിയാ കാലം ഓര്‍ക്കുന്നവരുണ്ടാകാം: ബാറ്ററി ലൈഫ് വേണ്ടത്ര കിട്ടുന്നില്ലെങ്കില്‍  'ബാറ്ററി ഡോര്‍' വിരല്‍കൊണ്ട് തുറന്ന് പഴയതു മാറ്റി പുതിയത് വയ്ക്കാമായിരുന്നു. ആപ്പിള്‍ ബാറ്ററി മാറ്റാന്‍ പറ്റാത്ത ഐഫോണുമായി വന്നതോടെയാണ് സകല കമ്പനികളും ആ വഴി ഏറ്റുപിടിച്ചത്. ഫോണുകള്‍ അഴിക്കണമെങ്കില്‍  ഉപകരണങ്ങള്‍ വേണമെന്നതായിരുന്നു ഇതിലെ മാറ്റം. അതോടെ, ഉപഭോക്താക്കള്‍ ഉണ്ടാക്കിയ പണം കൊടുത്തു വാങ്ങുന്ന ഒരു ഉപകരണത്തിന്റെ ബാറ്ററി പോലും സ്വന്തമായി മാറ്റാനാകാത്ത രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. 

ഭാവി ഐഫോണ്‍ മോഡലുകളെയും ബാധിച്ചേക്കാവുന്ന ഒരു വമ്പന്‍ അപ്ഡേറ്റ് ആപ്പിള്‍ താമസിയാതെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ഉടമയ്ക്ക് സ്വന്തമായി ബാറ്ററി മാറ്റിവയ്ക്കല്‍ എളുപ്പമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതത്രെ. പക്ഷേ ഉപയോക്താക്കളോട് പെട്ടെന്ന് സ്‌നേഹം കൂടിയതുകൊണ്ട് കമ്പനി ചെയ്യുന്നതല്ല ഇത്, വേറെ മാർഗമില്ലാത്തതിനാലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഫോണ്‍ 16 മുതലുള്ള മോഡലുകളില്‍ ഈ മാറ്റം വന്നാല്‍ അത്ഭുതപ്പെടേണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിലപ്പോള്‍ ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ മാത്രമായിരിക്കും പുതിയ സാങ്കേതികവിദ്യ എത്തുകയത്രെ. എന്തായാലും ഐഫോണ്‍ 17 സീരിസില്‍ മൊത്തമായി ഈ ഫീച്ചര്‍ കണ്ടേക്കാമെന്നാണ് സൂചന.

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

നൂതന സാങ്കേതികവിദ്യ

ഇലക്ട്രിക്കലി ഇന്‍ഡ്യൂസ്ഡ് അഡ്‌ഹെസീവ് ഡീബോണ്‍ഡിങ് (ഇഇഎഡി) എന്ന് അറിയപ്പെടുന്ന നൂതന സാങ്കേതികവിദ്യയാണ് ആപ്പിള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നത്. നിലവില്‍ ഐഫോണിലെയും മറ്റും ബാറ്ററി ഒരു കനംകുറഞ്ഞ ഫോയിലിനുള്ളില്‍ വച്ചാണ് പിടിപ്പിച്ചിരിക്കുന്നത്. ഇനി ലോഹ കവചമണിഞ്ഞായിരിക്കും ബാറ്ററി എത്തുക. വൈദ്യുതി ആഘാതം (electrical jolt) ഏല്‍പ്പിച്ചാല്‍ കേടായ ബാറ്ററിയെ ഇളക്കിയെടുക്കാം. നിലവില്‍ പുതിയ ബാറ്ററി പിടിപ്പിക്കുമ്പോള്‍, ബാറ്ററിക്കും, സര്‍ക്യൂട്ട് ബോര്‍ഡിനും ചുറ്റുമുള്ള പശ ചൂടാക്കി ഉരുക്കേണ്ടതായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനു പകരം ഇഇഎഡി വരും.  

അത്ര എളുപ്പമായേക്കില്ല

നിലവില്‍ ഐഫോണ്‍ ആപ്പിള്‍ അനുവദിക്കുന്ന രീതിയില്‍ തുറക്കണമങ്കില്‍ 50 ഡോളര്‍ വിലയുള്ള റിപ്പെയര്‍ ടൂള്‍ കിറ്റ് കമ്പനിയില്‍ നിന്നു തന്നെ വാങ്ങണം. പിന്നെ, പുതിയ ബാറ്ററി വച്ച ശേഷം 'ബാറ്ററി പ്രസ്' എന്ന ഉപകരണത്തില്‍ വച്ചാണ് അത് അതിനായി ഒരുക്കിയിരിക്കുന്ന ഇടത്തിലേക്ക് കൃത്യമായി വയ്ക്കുന്നത്. അതിനാല്‍ തന്നെ, തനിയെ ബാറ്ററി മാറ്റല്‍ എന്ന ആശയം എത്ര എളുപ്പമായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എന്നും പറയുന്നു. 

ആപ്പിളിന്റെ ടെക്‌നീഷ്യന്റെ അടുത്തു കൊണ്ടു ചെന്നാല്‍ ഇപ്പോള്‍ ഏകദേശം 99 ഡോളറാണ് മൊത്തം ചിലവു വരിക. പുതിയ ബാറ്ററി സംവിധാനം വന്നാല്‍ ചിലവു കുറഞ്ഞേക്കാം. കൂടാതെ, ഒരു ഉപകരണം തന്നെ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ തോന്നിയാല്‍ ഇലക്ട്രോണിക് വെയ്‌സ്റ്റ് കുറയ്ക്കാം. 

ഐഫോണ്‍ 4 വരെയുള്ള മോഡലുകളില്‍ ബാറ്ററി മാറ്റല്‍ താരതമ്യേന എളുപ്പമായിരുന്നു എന്നും ഇതിന് ഏകദേശം 21 ഡോളര്‍ ആയിരുന്നു ചിലവു വന്നിരുന്നതെന്നും ചില റെഡിറ്റ് യൂസേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

എന്താണ് ആപ്പിളിന്റെ മനംമാറ്റത്തിനു കാരണം?

ആപ്പിള്‍ പെട്ടെന്നെന്താ ഉപയോക്താവിനെ അങ്ങു പരിഗണിച്ചേക്കാമെന്നു വച്ചോ? അല്ലേയല്ല, സ്വന്തം പണം കൊടുത്തു വാങ്ങുന്ന ഉപകരണത്തിന്റെ പരമാവധി നിയന്ത്രണം ആപ്പിള്‍ പോലത്തെ കമ്പനികളില്‍ നിന്ന് തിരിച്ച് ഉപയോക്താവിന് തന്നെ നല്‍കണം എന്ന ഉദ്ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ ഉടനെ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഇയു ബാറ്ററീസ്-റെഗുലേഷന്‍ നിയമമാണ് ആപ്പിളിന്റെയും മറ്റു കമ്പനികളുടെയും ചെവിക്കു പിടിച്ചത്. എന്നാല്‍ പിന്നെ ഇനി കുറച്ചൊരു 'ഉപഭോക്തൃ സൗഹൃദ കമ്പനി ലൈന്‍' പിടിച്ചേക്കാമെന്ന് ആപ്പിളും വച്ചു എന്നു വേണം കരുതാന്‍. 

ഇയു മേഖലയില്‍ 2027 മുതല്‍ (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 മുതല്‍), ''കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍'' വില്‍ക്കണമെങ്കില്‍ ആ ഉല്‍പ്പന്നങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം ഉപയോക്താക്കള്‍ക്ക് സ്വന്തമായി ബാറ്ററി മാറ്റിവയ്ക്കാന്‍ സാധിച്ചിരിക്കണംഎന്നാണ് നിര്‍ദ്ദേശിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇറക്കിയ ഫോണുകളും ആപ്പിള്‍ വില്‍ക്കുന്നുണ്ട്. അപ്പോള്‍ ഐഫോണ്‍ 16 സീരിസ് 2027ല്‍ വില്‍ക്കണമെങ്കില്‍ അതിന് ബാറ്ററി മാറ്റിവയ്ക്കല്‍ അനുവദിക്കണം.  ആപ്പിള്‍ മാത്രമല്ല, മറ്റു കമ്പനികളും ഈ നിയമം അനുസരിക്കേണ്ടതായി വരും. അതേസമയം, ഇയുവില്‍ മാത്രമായി ഇത് ഒതുങ്ങിപ്പോകുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനും ആകില്ല. 

iphone-14 - 1

ഉപയോക്താവ് ബാറ്ററി മാറ്റിയാല്‍ എന്തെങ്കിലും ന്യൂനത ഉണ്ടാകുമോ?

വാട്ടര്‍ റെസിസ്റ്റന്‍സ്, ഡസ്റ്റ് പ്രൂഫിങ് തുടങ്ങിയവ അടക്കമുള്ള വെതര്‍ സീലിങ് നിലനിര്‍ത്താനാകുമോ എന്ന കാര്യത്തിലാണ് ഒരു സംശയം ഉന്നയിക്കപ്പെടുന്നത്. പൊളിക്കേണ്ടി വരുന്ന സീലുകള്‍ തിരിച്ചു വയ്ക്കാനായേക്കില്ല. ഫോണ്‍ ബാറ്ററി സ്വന്തമായി മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് അനുമതി കൊടുക്കുമെങ്കിലും, തങ്ങള്‍ റെക്കമെന്‍ഡ് ചെയ്യുന്നത് സര്‍വിസ് സെന്ററില്‍ കൊണ്ടുപോയി ബാറ്ററി മാറ്റുന്നതാണ് നല്ലതെന്നും ആപ്പിള്‍ പറഞ്ഞേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഓസ്‌ട്രേലിയയില്‍ ഫെയ്‌സ്ബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ നിരോധിക്കും?

ഫെയ്‌സ്ബുക്ക് ഓസ്‌ട്രേലിയ വാര്‍ത്താ ലിങ്കുകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നത് നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നു എന്ന് റോയിട്ടേഴ്‌സ്. ഓസ്‌ട്രേലിയ 2021ല്‍ കൊണ്ടുവന്ന നിയമം പ്രകാരം തങ്ങളുടെ കമ്പനിയില്‍ നിന്ന് ലൈസന്‍സ് ഫീ ഈടാക്കാനാണ് ഉദ്ദേശമെങ്കില്‍ ന്യൂസ്ഫീഡ് ഇനി ഫെയ്‌സ്ബുക്കില്‍ വേണ്ടന്നാണ് മെറ്റായുടെ തീരുമാനമത്രെ.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

കോര്‍ അള്‍ട്രാ പ്രൊസസറുള്ള എഐ പിസിയുമായി ഇന്‍ഫിനിക്‌സ്

സീറോ ബുക്ക് അള്‍ട്രാ എന്ന പേരില്‍ ഇന്റല്‍ കോര്‍ അള്‍ട്രാ പ്രൊസസര്‍ ഉള്ള എഐ പിസി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഇന്‍ഫിനിക്‌സ്. കോര്‍ അള്‍ട്രാ 9 ചിപ് വരെ അടങ്ങുന്ന മൂന്നു സീരിസുകളാണ് വരുന്നത്. കോര്‍ അള്‍ട്രാ സീരിസില്‍ ന്യൂറല്‍ പ്രൊസസിങ് യൂണിറ്റ് ഉണ്ട്. എഐ ഇമേജ്, ടെക്സ്റ്റ് ജനറേഷന്‍ ടാസ്‌കുകള്‍ കൈകാര്യം ചെയ്യുന്നതടക്കമുള്ള ടാസ്‌കുകള്‍ക്കായിരിക്കും ഇത് ഉപകരിക്കുക. 

കോര്‍ അള്‍ട്രാ 9 പ്രൊസസറിന് 16 കോറുകളാണ് ഉള്ളത്. ഇവയില്‍ 6 എണ്ണം പ്രകടനത്തിനും, 8 എണ്ണം കാര്യക്ഷമതയ്ക്കും, 2 എണ്ണം ശക്തി വേണ്ടാത്ത കംപ്യൂട്ടിങ് ടാസ്‌കുകള്‍ക്കുമായാണ് പ്രവര്‍ത്തിക്കുക. സീറോ ബുക് അള്‍ട്രാ മോഡലുകള്‍ക്ക് ഇന്റല്‍ ആര്‍ക് ജിപിയുവും പിടിപ്പിച്ചിട്ടുണ്ട്.  കൂടാതെ, 1ടിബി വരെ സംഭരണശേഷിയുള്ള മോഡലുകളും, 32ജിബി വരെ എല്‍പിഡിഡിആര്‍5എക്‌സ് റാം ഉള്‍ക്കൊള്ളിച്ച വേരിയന്റുകളും ലഭ്യമാക്കും. മുന്‍ തലമുറയിലെ ഇന്‍ഫിനിക്‌സ് ലാപ്‌ടോപ്പുകളെക്കാള്‍ 50 ശതമാനത്തോളം അധിക പ്രകടനമികവ് ഇവ പുറത്തെടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അഡ്വാന്‍സ്ഡ് ഐസ് സ്റ്റോം ഡ്യൂവല്‍ ഫാന്‍ കൂളിങ് സിസ്റ്റം അടക്കം ഇവയിലുണ്ട്. സ്‌ക്രീന്‍ വലിപ്പം 15.6-ഇഞ്ച്. 400-നിറ്റ്‌സ് പീക് ബ്രൈറ്റ്‌നസ്. ബോക്‌സില്‍ 100w ചാര്‍ജറും കമ്പനി നല്‍കുന്നു. കോര്‍ അള്‍ട്രാ 5 വേരിയന്റിന്റെ വില തുടങ്ങുന്നത് 59,900 രൂപ മുതലാണ്. കോര്‍ അള്‍ട്രാ 7 ശ്രേണിയുടെ വില 69,990 രൂപ മുതല്‍ ആരംഭിക്കുന്നെങ്കില്‍, കോര്‍ അള്‍ട്രാ 9 വേരിയന്റിന് 84,990 രൂപ നല്‍കണം. ജൂലൈ 10 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും. സ്‌പെക്‌സും വിലയും ആകര്‍ഷകമാണെങ്കിലും, ഇവയ്ക്ക് വില്‍പ്പനാനന്തര സേവനം അടുത്ത് ലഭ്യമാണോ എന്ന് അന്വേഷിച്ച ശേഷം മാത്രം വാങ്ങുന്ന കാര്യം പരിഗണിക്കുന്നതാണ് ഉത്തമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com