ADVERTISEMENT

പുതിയതോ പഴയതോ ആയ ഐഫോണ്‍ 50,000 രൂപയോ അതിനു മുകളിലോ കൊടുത്ത് ഇപ്പോള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഏതാനും മാസം കൂടെ കാത്തിരിക്കുന്നതായിരിക്കും ഉത്തമം. ആപ്പിള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിട്ടുള്ളതിലേക്കും വച്ച് ഏറ്റവും കരുത്തുറ്റ ഫീച്ചറായേക്കാം 'ആപ്പിള്‍ ഇന്റലിജന്‍സ്' എന്നറിയപ്പെടുന്ന, എഐ ശേഷി എന്ന് കരുതപ്പെടുന്നു. നിലവിലുള്ള ഫോണുകളില്‍ ഐഫോണ്‍ 15 പ്രോ സീരിസിനു മാത്രമെ ഇത് പ്രവര്‍ത്തിക്കാനാകൂ. അതു തന്നെ എങ്ങനെയായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം, ആ മോഡലും ഇത്തരം ഒരു ഫീച്ചര്‍ മുന്നില്‍ കണ്ട് നിര്‍മ്മിച്ചതല്ല.

ഐഫോണ്‍ 16 സീരിസില്‍ മുഴുവന്‍ എ18 ചിപ്പ്?

ഡിവൈസില്‍ തന്നെ (ഓണ്‍ ഡിവൈസ്) എഐ പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആപ്പിള്‍ ആദ്യമായി ഇറക്കുന്ന സീരിസാണ് ഐഫോണ്‍ 16. ഈ സീരിസില്‍ കണ്ടേക്കും എന്നു കരുതുന്ന എല്ലാ മോഡലുകള്‍ക്കും അതായത് ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് ഇവയ്‌ക്കെല്ലാം തങ്ങളുടെ ഏറ്റവും പുതിയതും, കരുത്തുറ്റതുമായ പ്രൊസസറായ എ18 തന്നെ നല്‍കിയേക്കുമെന്നാണ് പുതിയ വിവരം. ഇതേക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഈ ഫോണുകളുടെ ലീക്ക് ആയ ഇന്റേണല്‍ കോഡില്‍ നിന്ന് മനസിലാകുന്നത് എ18 തന്നെ ആണ് എന്നാണത്രെ. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ശരിയായിരിക്കാനാണ് സാധ്യത 

ഇപ്പോള്‍ വില്‍ക്കുന്ന ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് 15 പ്രോ സീരിസില്‍ ഉള്ള എ17 പ്രൊസസര്‍ അല്ല. ഇത്തരം ഒരു നയമായിരുന്നു ആപ്പിള്‍ തൊട്ടുമുമ്പത്തെ വര്‍ഷങ്ങളില്‍ പിന്തുടര്‍ന്നു വന്നത്. എന്നാല്‍, ഇത്തവണ അതില്‍ നിന്നു വ്യതിചലിച്ചേക്കും. കാരണം ആപ്പിള്‍ ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്ന എഐ സംവിധാനം കരുത്തുകാട്ടിയില്ലെങ്കില്‍ കമ്പനിയുടെ പേര് ചീത്തയാകും. 

  • Also Read

സൂചനകള്‍ എന്തെല്ലാം?

സെപ്റ്റംബറില്‍ ഇറക്കാന്‍ പോകുന്ന ഫോണുകള്‍ കമ്പനിക്കുളളില്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ഐഫോണ്‍ 17.1, 17.2, 17.3, 17,4, 17.5 എന്നിങ്ങനെയാണത്രെ. (ഐഫോണ്‍ 17.5 ഒരു സര്‍പ്രൈസ് ആണ്.) നിക്കൊളസ് അല്‍വാരെസ് എന്ന പേരില്‍ അറിയപ്പെടുന്ന എക്‌സ് യൂസര്‍ ആണ് പുതിയ വിവരങ്ങള്‍ കണ്ടെത്തുകയും അത് മാക്‌റൂമേഴ്‌സുമായി പങ്കുവയ്ക്കുകയും ചെയ്ത്. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

അതേസമയം, ഇപ്പോള്‍ വില്‍പ്പനയിലുള്ള, എ16 പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ അറിയപ്പെട്ടിരുന്നത് ഐഫോണ്‍ 15.4, 15.5 എന്നും, എ17 പ്രൊസസര്‍ ഉള്ള 15 പ്രോ, പ്രോ മാസ്‌ക് എന്നിവ ഐഫോണ്‍ 16.1, 16.2 എന്നുമാണ് അറിയപ്പെട്ടിരുന്നതത്രെ. അതായത്, ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഹാര്‍ഡ് വെയര്‍ കരുത്തിന്റെ കാര്യത്തില്‍ കമ്പനി ഒരു റിസ്‌കും എടുക്കാന്‍ തയാറല്ല എന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. 

ആരാണ് ആ അഞ്ചാമന്‍?

ഐഫോണ്‍ 17.5 എന്ന സര്‍പ്രൈസ് മോഡല്‍. ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ ആണത്രെ. മുന്‍ എസ്ഇ മോഡലുകള്‍ക്കെല്ലാം പഴകിയ ഡിസൈനുകളായിരുന്നു നല്‍കിവന്നത്. എന്നാല്‍, അഞ്ചാമനായി സെപ്റ്റംബറില്‍ അല്ലെങ്കില്‍ അതിനടുത്ത മാസങ്ങളില്‍ പുറത്തിറക്കാന്‍ പോകുന്ന അടുത്ത തലമുറ എസ്ഇ മോഡലിന് ഐഫോണ്‍ 14ന്റെ കെട്ടുംമട്ടും ഉണ്ടാകുമെന്നാണ് അഭ്യൂഹം. പ്രവര്‍ത്തിക്കുന്നത് എ16 ബയോണിക്കിലും ആകാം. 

Image Credit: husayno/Istock
Image Credit: husayno/Istock

പുതിയ എസ്ഇ മോഡലിന്റെ തുടക്ക വേരിയന്റിന്റെ വില 60,000 രൂപയില്‍ താഴെയുമാകാം. വലിയ വില കൊടുത്ത് പഴയ ഫോണ്‍ വാങ്ങണോ, പുതിയതിനായി കാത്തിരിക്കണോ എന്ന് ഇനി തീരുമാനിച്ചോളൂ. പ്രൊസസറിനൊപ്പം, കരുത്തുറ്റ ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും, കൂടുതല്‍ റാമും വേണം എഐ സുഗമമായി പ്രവര്‍ത്തിക്കാന്‍. അതേസമയം, ഒറ്റയടിക്ക് ഐഫോണ്‍ 15 സീരിസ് അടക്കം പഴയ മോഡലുകളെല്ലാം 'കാലഹരണപ്പെടുമോ' എന്ന സന്ദേഹവും ഇല്ലാതില്ല. 

അപ്പോള്‍ ഐഫോണ്‍ 16 പ്രോയുടെ കരുത്ത് മറ്റു മോഡലുകള്‍ക്കും ഉണ്ടാകുമോ?

ഒരേ ജനറേഷന്‍ പ്രൊസസര്‍ ആകാമെങ്കിലും ഐഫോണ്‍ 16 പ്രോ സീരിസിന് 'സ്പീഡ്-ബിന്‍ഡ്' എ18 ചിപ് ആയിരിക്കാം നല്‍കുന്നത്. ഒരു പക്ഷെ, എ18 പ്രോ എന്നോ മറ്റോ ഉള്ള വിശേഷണവും നല്‍കിയേക്കാം. ഐപാഡ് പ്രോ, മോഡലുകളിലും, മാക്കുകളിലും ഉള്ളതുപോലെ കൂടുതല്‍ സിപിയു, ജിപിയു കോറുകളും ഉണ്ടായേക്കാം. 

iphone-17 - 1

ആപ്പിള്‍ ഇന്റലിജന്‍സിന് എന്തിന് പുകമറയെന്ന് ആര്‍ട്ടിസ്റ്റുകള്‍

കമ്പനി സ്വന്തമായി വികസിപ്പിച്ച ജനറേറ്റിവ് എഐ വേര്‍ഷന്‍ ആയ ആപ്പിള്‍ ഇന്റലിജന്‍സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് സുതാര്യമായ ഒരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ആരോപണം. ഈ വര്‍ഷം അവസാനം മുതല്‍ ദശലക്ഷക്കണക്കിന് ആപ്പിള്‍ ഉപകരണങ്ങളില്‍ ഇത് സജീവമാകാനിരിക്കെയാണ് പുതയ വിവാദം. 

ആപ്പിള്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നവര്‍ കമാന്‍ഡ് നല്‍കുമ്പോള്‍ ടെക്‌സ്റ്റും ചിത്രങ്ങളും ഒക്കെ ലഭിക്കും. പക്ഷെ, ഇതു സാധ്യമാകണമെങ്കില്‍ അതിന് ഡേറ്റ വേണം. കമ്പനി എന്തു ഡേറ്റ ഉപയോഗിച്ചാണ് ആപ്പിള്‍ ഇന്റലിജന്‍സിനെ പഠിപ്പിച്ചെടുത്തിരിക്കുന്നത് എന്ന ചോദ്യമാണ് ഒരുപറ്റം ആര്‍ട്ടിസ്റ്റുകള്‍ ചോദിക്കുന്നത്. ഇതിനായി തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള കണ്ടെന്റും ഉപയോഗിച്ചിരിക്കുമോ എന്നാണ് അവരുടെ പേടി എന്ന് എന്‍ഗ്യാജറ്റ്. 

vision-pro-1 - 1

അടുത്ത തലമുറ ആപ്പിള്‍ വിഷന്‍ പ്രോയുടെ നിര്‍മാണം നിറുത്തിവച്ചു?

ആരംഭശൂരത്വം കാണിച്ച ശേഷം ആരവമടങ്ങിയ ആപ്പിള്‍ വിഷന്‍ പ്രോയുടെ രണ്ടാം തലമുറയുടെ നിര്‍മാണം തല്‍ക്കാലത്തേക്ക് ആപ്പിള്‍ നിറുത്തിവച്ചിരിക്കാമെന്ന് ദി ഇന്‍ഫര്‍മേഷന്‍. പകരം, വില കുറഞ്ഞ ഒരു വേരിയന്റ് 2025ല്‍ പുറത്തിറക്കാനായിരിക്കും കമ്പനി ഇനി ശ്രമിക്കുകയത്രെ. 

  • Also Read

വിഷന്‍ പ്രോയ്ക്ക് 3,500 ഡോളര്‍ ആയിരുന്നു വിലയിട്ടിരുന്നത്. ഈ ഹെഡ്‌സെറ്റിന്റെ അടുത്ത എതിരാളിയായ മെറ്റാ ക്വെസ്റ്റ് പോലെയുള്ള ഉപകരണങ്ങള്‍ ഏകദേശം 1500 ഡോളറിനൊക്കെ കിട്ടുമെന്നിരിക്കെ, വില കുറഞ്ഞ ഒരു മോഡല്‍ ഉണ്ടാക്കാനാണ് ആപ്പിള്‍ ഇനി ശ്രദ്ധിക്കുക. 

pixel-8-1 - 1

ഗൂഗിള്‍ പിക്‌സല്‍ 9ന് പുതിയ ക്യാമറാ ഐലൻഡ്

ഓഗ്‌സ്റ്റ് 13ന് പുറത്തിറക്കിയേക്കുമെന്നു കരുതുന്ന ഗൂഗിള്‍ പിക്‌സല്‍ 9 സീരിസിന് പല പുതുമകളും ഉണ്ടായേക്കാമെന്ന് സൂചന. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതല്‍ ഫ്‌ളാറ്റായ നിര്‍മ്മിതി ആയിരിക്കും ഇതിന്. പിന്‍ ക്യാമറാ സിസ്റ്റത്തിന്റെ ഇരുപ്പിലും വ്യത്യസ്തത കാണം. ഇതാ വിഡിയോ:

ഇന്ത്യന്‍ ഓഫിസുകള്‍ ചാറ്റ്ജിപിറ്റിമയമായെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ 92 ശതമാനം ഓഫിസുകളിലെയും തൊഴിലിടങ്ങളിലേക്ക് എഐ ചാറ്റ് ബോട്ടായ ചാറ്റ്ജിപിറ്റി ചേക്കേറിക്കഴിഞ്ഞെന്ന് പഠനം. ദൈനംദിന കാര്യങ്ങള്‍ക്കായി ഓഫിസുകള്‍ ഓപ്പണ്‍എഐയുടെ സംവിധാനം വ്യാപകമായി പ്രയോജനപ്പെടുത്തി തുടങ്ങിയിരിക്കുകയാണെന്ന് ഡെസ്‌ക്‌ടൈം (DeskTime) നടത്തിയ പഠനം പറയുന്നു. 

'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.
'എന്താണ്?' : ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.

ജാപ്പനീസ് ഗവണ്‍മെന്റ് ഫ്‌ളോപ്പി ഡിസ്‌ക് യുഗത്തിന് അന്ത്യംകുറിച്ചു

ജാപ്പനീസ് ഗവണ്‍മെന്റ് ഇതുവരെ ഡേറ്റാ സംഭരണത്തിനായി ഫ്‌ളോപ്പി ഡിസ്‌കുകളെ ആശ്രയിച്ചിരുന്നു എന്നതു തന്നെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ്. എന്തായാലും, ഫ്‌ളോപ്പി ഡസികുകളുടെ ഉപയോഗം ഇല്ലാതാക്കാനായി, ജപ്പാന്‍ കഴിഞ്ഞ മാസം 1,034 റെഗുലേഷനുകളാണ് ഒറ്റയടിക്ക് റദ്ദു ചെയ്തതെന്ന് റോയിട്ടേഴ്‌സ്. ഫ്‌ളോപ്പി ഡിസ്‌കുകള്‍ക്കെതിരെയുള്ള യുദ്ധം ഞങ്ങള്‍ ജൂണ്‍ 28ന് ജയിച്ചു എന്നാണ് ജപ്പാന്റെ ഡിജിറ്റല്‍ മന്ത്രി ടാരോ കൊണോ പ്രഖ്യാപിച്ചത്. 

English Summary:

Apple To Bring AI Features To All iPhone 16 Models? Here's What We Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com