ADVERTISEMENT

നിലവിലുള്ള സെന്‍സര്‍ ടെക്‌നോളജികളെല്ലാം ചെറിയൊരു ഉപകരണത്തിലേക്ക് കുത്തിനിറച്ച്, കൂടുതല്‍ കൃത്യതയുള്ള ആരോഗ്യ ഡേറ്റ നല്‍കും എന്ന അവകാശവാദവുമായി സ്മാര്‍ട്ട് മോതിരം ഇറക്കിയിരിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. ആക്‌സലറോമീറ്റര്‍, ഫോട്ടോപ്ലെതിസ്‌മോമോഗ്രാം (plethysmogram, പിജിജി) അഥവാ ഹാര്‍ട്ട് റേറ്റ് ആന്‍ഡ് സ്‌കിന്‍ ടെംപ്രചര്‍ സെന്‍സര്‍ തുടങ്ങിയവ റിങിലുണ്ട്. ഗ്യാലക്‌സി റിങ് എന്നു പേരിട്ടിരിക്കുന്ന മോതിരം ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് വിവിധ ആഗോള വേദികളിലായി പുറത്തെടുക്കുന്നത്. എന്തായാലും, ഇത്തവണ ഒരു മാറ്റമുണ്ടത്രെ-ഇനി ഇവയ്ക്ക് പ്രീ-ഓര്‍ഡര്‍ നല്‍കാനാകും. 33,326 രൂപയായിരിക്കും വില വരിക.

റിങിന്റെ നിര്‍മ്മാണത്തില്‍ ടൈറ്റാനിയം ലോഹം ഉപയോഗിച്ചിട്ടുണ്ട്. ഇത് അണിഞ്ഞ് വെള്ളത്തില്‍ 100 മീറ്റര്‍ ആഴത്തിലേക്കു വരെ ഊളിയിടാം. ഐപി68 റേറ്റിങ് ഉള്ളതിനാല്‍, സാധാരണഗതിയില്‍ വെള്ളവും പൊടിയും മോതിരത്തില്‍ പ്രവേശിക്കില്ല. സ്മാര്‍ട് മോതിരങ്ങള്‍ ഒരോരുത്തരുടെയും കൈവിരലിന് ഇണങ്ങുന്നവ തന്നെ തിരഞ്ഞെടുക്കണം. അതിനാല്‍ പല വേരിയന്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്ക് 2.3 മുതല്‍ 3 ഗ്രാം വരെയാണ് ഭാരം. ഒറ്റ റീചാര്‍ജില്‍ 7 ദിവസം വരെ പ്രവര്‍ത്തിപ്പിക്കാനാകുമെന്നു കമ്പനി പറയുന്നു. 

മോതിരം പിടിച്ചെടുക്കുന്ന ആരോഗ്യ വിവരങ്ങള്‍ 'സാംസങ് ഹെല്‍തി'ലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ അത് ഉപയോക്താവിന്റെ ശരീരത്തിന്റെ ആരോഗ്യ സ്ഥിതിയുടെ ഒരു നേര്‍ച്ചിത്രം സൃഷ്ടിക്കുന്നു എന്നണ് പറയുന്നത്. ഉറക്കത്തില്‍ ശരീരം എത്രമാത്രം ചലിച്ചു, ഹൃദയമിടിപ്പും, ശ്വാസഗതിയും എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ വിശകലനം ചെയ്യും. ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശകലനവിധേയമാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന ഡാറ്റയില്‍ നിന്ന്, മോതിരധാരിയുടെ എനര്‍ജി സ്‌കോര്‍ (Energy Score) പറയും. ശാരീരികാരോഗ്യം എങ്ങനെയാണെന്നും, അതതു ദിവസങ്ങളില്‍എന്തെല്ലാം ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നത് ഗുണകരമായിരിക്കും എന്നൊക്കെ പ്രവചിക്കുകയും ചെയ്യും. 

ഹൃദയമിടിപ്പ് കുറഞ്ഞോ, കൂടിയോ എന്നൊക്കെയുള്ള വിവരങ്ങളും റിങിന് നല്‍കാന്‍ സാധിക്കുന്നതിനാല്‍, പല പ്രശ്‌നങ്ങള്‍ക്കും കാലേക്കൂട്ടി പ്രതിവിധി നോക്കാനായേക്കും. റിങ് ധരിക്കുന്നയാള്‍ അടുത്തിടെ ശാരീരികമായി സജീവമായിരുന്നില്ലെങ്കില്‍  റിങിന് ഓട്ടോമാറ്റിക്കായി തിരിച്ചറിയാനാകുമെന്നുപറയുന്നു.

സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ ഷട്ടര്‍ ബട്ടണായി പ്രവര്‍ത്തിക്കാനും റിങിന് സാധിക്കും.  സ്മാര്‍ട്ട് റിങ് ഇറക്കുന്ന ചെറിയ കമ്പനികളെ കെട്ടുകെട്ടിക്കുക എന്ന ഉദ്ദേശവും സാംസങിന് ഉണ്ടായിരിക്കാമെന്നും കരുതപ്പെടുന്നു. ടൈറ്റാനിയം ബ്ലാക്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളാല്‍ സാംസങ് റിങ് ലഭ്യമാക്കും. വില 400 ഡോളര്‍. ജൂലൈ 10 മുതല്‍ ചില രാജ്യങ്ങളില്‍ പ്രീ-ഓര്‍ഡര്‍അനുവദിക്കുന്നു.

സ്മാര്‍ട്ട് റിങുകള്‍ ഏറ്റെടുക്കപ്പെടുമോ?

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ വാച്ചുകള്‍ പലരുടെയും കൈയ്യില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, സ്മാര്‍ട്ട് വാച്ചുകളുടെ വരവോടെ അവ വീണ്ടും തിരിച്ചെത്തി. ആരോഗ്യ പരിപാലനം അടക്കമുള്ള പല കാര്യങ്ങളിലും ഗുണംചെയ്‌തേക്കുമെന്ന തോന്നലുണ്ടായതോടെയാണ് വാച്ചുകള്‍ തിരിച്ചെത്തിയത്. പുതിയ തലമുറയിലുള്ള പലര്‍ക്കും വാച്ച് ഒരു ഫാഷന്‍ പ്രസ്താവനയൊന്നുമല്ല. 

ആരോഗ്യ ഡാറ്റ സാമാന്യം കൃത്യതയോടെ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ കൈത്തണ്ടയിലക്കാണ് വാച്ച് വീണ്ടും കയറിപ്പറ്റിയത്. എന്നാലിപ്പോള്‍, ആരോഗ്യ പരിപാലനത്തിന് അധികം കാഴ്ച ആകര്‍ഷിക്കാത്ത സ്മാര്‍ട്ട് റിങ് എന്ന ഉപകരണം വിപണിയില്‍ എത്തിയിരിക്കുകയാണ്. സാംസങിനു പുറമെ, ആപ്പിളും അധികം താമസിയാതെ ഈ വിഭാഗത്തില്‍ ഡിവൈസ് ഇറക്കുമെന്നാണ് കേള്‍വി. 

ഇതൊക്കെയാണെങ്കിലും സ്മാര്‍ട്ട് റിങുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒന്നാമതായി, ഇവ പിടിച്ചെടുക്കുന്ന ഡാറ്റ പരിശോധിക്കണമെങ്കില്‍ അവ സ്മാര്‍ട്ട്‌ഫോണിലേക്ക് പകര്‍ന്നെടുക്കേണ്ടതായിട്ടുണ്ട്. അതായത്, ഫോണ്‍ ഒപ്പം കൊണ്ടു നടക്കാതെ വയ്യ. ഇപ്പോള്‍ എത്ര ചുവടുവച്ചു എന്നൊക്കെ അറിയണമെങ്കല്‍ ഫോണ്‍ പോക്കറ്റില്‍ നിന്നോ ബാഗില്‍ നിന്നോ എടുത്തു പരിശോധിക്കണം. 

മോശം ഉറക്കം ലഭിച്ച് ശാരീരികമായി ആകെ താറുമാറായി പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ തപ്പിയെടുക്കണം. തലവേദനയെടുത്തും, ഏകാഗ്രതയില്ലാതെയും ഉണരുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇടനിലയില്ലാതെ ഡാറ്റ കാണാനായിരിക്കും പലര്‍ക്കും ഇഷ്ടമെന്ന് അവകാശപ്പെടുന്നവരുണ്ട്. അതിന് സ്വന്തം സ്‌ക്രീനുള്ള സ്മാര്‍ട്ട് വാച്ച് തന്നെയാണ് ഉത്തരം എന്ന് ഇത്തരക്കാര്‍ വാദിക്കുന്നു. മോതിരത്തില്‍ ആരോഗ്യ ഡാറ്റ പ്രദര്‍ശിപ്പിക്കുന്ന ചെറു സ്‌ക്രീനെങ്കിലും വരണമെന്നാണ് ഇത്തരക്കാരുടെ വാദം. 

ഗ്യാലക്‌സി വാച് 7നില്‍ ബയോആക്ടിവ് സെന്‍സര്‍

സ്മാര്‍ട്ട് വാച്ചായ ഗ്യാലക്‌സി വാച് 7നില്‍ അവതരിപ്പിച്ച ബയോആക്ടിവ് സെന്‍സറിന് നിലവിലുള്ള സംവിധാനത്തെക്കാള്‍ 30 ശതമാനം അധിക കൃത്യത നല്‍കാനാകുമെന്ന് സാംസങ്. 

41 വര്‍ഷത്തിനു ശേഷം നോട്ട്പാഡില്‍ സ്‌പെല്‍ ചെക്ക്!

കംപ്യൂട്ടിങിന്റെ ചരിത്രത്തിലെ ഏറ്റവും പഴയതും പ്രിയപ്പെട്ടതുമായ ആപ്പുകളിലൊന്നായ നോട്ട്പാഡിന് കാലോചിതമായ പരിഷ്‌കരിക്കല്‍ നടത്തി മൈക്രോസോഫ്റ്റ്. പ്ലെയ്ന്‍ ടെക്സ്റ്റ് എഡിറ്റര്‍ എന്ന വിവരണമാണ് നോട്ട്പാഡിന് ഇതുവരെ ഉണ്ടായിരുന്നത്. വിന്‍ഡോസ് 11ലെ നോട്ട്പാഡ് ആണ് സ്പെല്‍ചെക്കും, ഓട്ടോകറക്ഷനും ലഭിച്ച് ഇനി സടകുടഞ്ഞ് ഉണരുക. (വിന്‍ഡോസ് 10ന് ആ ഭാഗ്യം ലഭിച്ചേക്കില്ല.)

മൈക്രോസോഫ്റ്റ് വേഡിന്റെ പ്രസക്തി കുറയുമോ എന്ന ഭീതിയായിരുന്നു ഇതുവരെ നോട്ട്പാഡിന് ഒരു പുരോഗതിയും നല്‍കാതെ ഇട്ടിരിക്കാനുള്ള കാരണങ്ങളിലൊന്ന്. വേഡ് പോലെയുള്ള കൂറ്റന്‍ ടെക്‌സ്റ്റ് എഡിറ്റിങ് പ്ലാറ്റ്‌ഫോമുകളുടെ കെട്ടുംമട്ടും ഫങ്ഷണാലിറ്റിയുമൊന്നും പാവം നോട്ടാപാഡന്കിട്ടില്ലെങ്കിലും, ഒട്ടനവധി യൂസര്‍മാര്‍ക്ക് ഉപകാരപ്പെടുന്ന കാര്യക്ഷമത ഇതോടെ നോട്ട്പാഡ് ആര്‍ജ്ജിക്കുന്നു. 

ഷഓമിക്ക് 10-ാം പിറന്നാള്‍! ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പരിചയപ്പെടുത്തി

താരതമ്യേന മികവുറ്റ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുറഞ്ഞവിലയ്ക്കു വിറ്റ് ഇന്ത്യക്കാരുടെ സ്‌നേഹം പിടിച്ചുപറ്റിയ ചൈനീസ് കമ്പനികളിലൊന്നായ ഷഓമി 10-ാം പിറന്നാള്‍ ആഘോഷിച്ചു. ബെംഗലൂരുവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തങ്ങളുടെ ഇലക്ട്രിക് കാറായ ഷഓമി എസ്‌യു7 അനാവരണം ചെയ്ത് സ്‌റ്റൈലായി ആണ് കമ്പനി ആഘോഷിച്ചത്. കാര്‍ തങ്ങളുടെ ആരാധകര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രം എത്തിച്ചതാണ്. ഒരെണ്ണം വാങ്ങിയാലോ എന്നാണ് നിങ്ങളുടെ ചിന്ത എങ്കില്‍, അടുത്തെങ്ങും ഇത് ഇവിടെ വില്‍പ്പനയ്‌ക്കെത്തിക്കില്ലെന്നാണ് സൂചന. 

ഫോണുകള്‍ അടക്കം ഒട്ടനവധി ഉപകരണങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കമ്പനി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 350 ദശലക്ഷം ഡിവൈസസ് ഇന്ത്യയില്‍ വിറ്റു എന്ന് അവകാശപ്പെട്ടു. ഇവയില്‍ 250 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണത്രെ. 

English Summary:

Samsung unveils Galaxy Ring: Key features, price, and everything you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com