ADVERTISEMENT

നിര്‍മിത ബുദ്ധിയുടെ (എഐ) കാര്യത്തില്‍ ഐഫോണ്‍ 15 പ്രോ ഒഴികെ നിലവിലുള്ള എല്ലാ ഫോണുകളെയും പിന്തള്ളി ഒരു ബജറ്റ് ഹാന്‍ഡ്‌സെറ്റ് എത്തുമെന്ന് ചിന്തിക്കാനേ ആകുമായിരുന്നില്ല. അത് സംഭവിച്ചേക്കാമെന്ന പ്രവചനങ്ങള്‍ വ്യാപകമാകുകയാണ്, ഒപ്പം  സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് പോലെ ക്ലാംഷെൽ-സ്റ്റൈൽ ഫോൾഡബിൾ ഫോണും ആപ്പിൾ അവതരിപ്പിക്കുമെന്ന ഊഹാപോഹവും ശക്തമായിരിക്കുന്നു. ഇരു പ്രവചനങ്ങളും പരിശോധിക്കാം,

ബജറ്റ് ഫോണ്‍ എന്നാല്‍ ഫീച്ചറുകള്‍ കുറഞ്ഞ ഫോണ്‍ അല്ല

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

എന്ന വിശ്വാസത്തെ അട്ടിമറിക്കാന്‍ എത്തുന്നത് ഐഫോണ്‍ എസ്ഇ 4 ആയിരിക്കും. ഐഫോണ്‍ 16 സീരിസിന്റെ കരുത്തായ എ18 പ്രൊസസര്‍, യുഎസ്ബി-സി പോര്‍ട്ട്, ഐഫോൺ 14യുടെ അതേ നിര്‍മ്മാണ രീതി എന്നിവയാണ് എസ്ഇ 4ന് പ്രതീക്ഷിക്കുന്ന മറ്റു ചില ഫീച്ചറുകള്‍. ഒപ്പം 48എംപി ക്യാമറയും. 

ഐഫോണ്‍ 15 പ്രൊ സീരിസൊഴികെ ഇന്നു വില്‍പ്പനയിലുള്ള ഒരു ഐഫോണും ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യില്ലെന്നുളളിടത്താണ് പുതിയ എസ്ഇ 4ന്റെ പ്രസക്തി. അതേസമയം, ആപ്പിള്‍ ഇന്റലിജന്‍സ് എസ്ഇ 4ല്‍ പ്രവര്‍ത്തിപ്പിക്കും എന്ന കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല എന്ന കാര്യവും മനസില്‍ വയ്ക്കണം. പക്ഷെ, ഇത്തരം റൂമറുകള്‍ ശരിയാകാറുണ്ട് എന്നതിനാലാണ് ഇതേക്കുറിച്ച് എഴുതേണ്ടി വരുന്നത്. കൂടാതെ, ആപ്പിള്‍ ഇന്റലിജന്‍സ് ഇല്ലാതെ ഒരു പുതിയ ഫോണ്‍ പുറത്തിറക്കുന്നത് ബിസിനസ് പരമായി ബുദ്ധിപരമായേക്കില്ല. കാരണം അത്തരം ഉപകരണങ്ങള്‍ക്ക് ഐഫോണ്‍ ഫാന്‍സ് തൊട്ടുകൂടായ്മ പ്രഖ്യാപിച്ചേക്കും. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

2 മടങ്ങ് സൂം ഉള്ള 48എംപി ക്യാമറ

ഇനി ഇറക്കുന്ന ഉപകരണങ്ങള്‍ക്ക് യുഎസ്ബി-സി പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അത് യൂറോപ്പിലടക്കം പലയിടങ്ങളിലും വില്‍ക്കാനായേക്കില്ല എന്ന് അറിയാവുന്നതിനാല്‍ അത് എസ്ഇ 4ല്‍ പ്രതീക്ഷിച്ച ഫീച്ചറാണ്. ക്യാമറയുടെ കാര്യത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ പ്രവചനം നടത്തിയിരിക്കുന്നത് മാക്‌റൂമേഴ്‌സ് ആണ്. ഗുണനിലവാരം ചോരാതെ 2 മടങ്ങ് ഇന്‍-സെന്‍സര്‍ സൂം നടത്താവുന്ന ഒരു 48എംപി ക്യാമറ എസ്ഇ 4ല്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇങ്ങനെയൊക്കെ ആകര്‍ഷകമാക്കിയാല്‍ തങ്ങളുടെ ഐഫോണ്‍ 16, 16 പ്ലസ് ഫോണുകളുടെ വില്‍പ്പ മുടക്കിയേക്കും എന്നും ആപ്പിളിന് അറിയാം. അതിനാല്‍ തന്നെ, നിലവിലുള്ള എസ്ഇ മോഡലുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, പിന്നില്‍ ഒറ്റ ക്യാമറ മാത്രമെ കണ്ടേക്കൂ എന്നാണ് മാക്‌റൂമേഴ്‌സ് സൂചിപ്പിക്കുന്നത്. 

Image Credit: husayno/Istock
Image Credit: husayno/Istock

എ18 പ്രൊസസര്‍

നിലവില്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കു മാത്രമെ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള ഹാര്‍ഡ്‌വെയര്‍ ശേഷിയുള്ളു. ഐഫോണ്‍ എസ്ഇ 4ന് എ18 പ്രൊസസര്‍ ആയിരിക്കും നല്‍കുക എന്നാണ് സൂചന. എന്നാല്‍, എ18 ചിപ്പുകളുടെ ശേഷിയില്‍ മാറ്റം ഉണ്ടാകും. ഏറ്റവും കരുത്തുള്ള പ്രൊസസര്‍ ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് ഫോണുകള്‍ക്ക് നല്‍കും. അതില്‍ കുറവ് ശേഷിയേ ഐഫോണ്‍ 16, 16 പ്ലസ് ഫോണുകളില്‍ പിടിപ്പിക്കുന്ന പ്രൊസസറിന് ഉണ്ടാകൂ. അതിലും കുറവ് സിപിയു, ജിപിയു കോറുകള്‍ മാത്രമെ എസ്ഇ 4ന് നല്‍കിയേക്കൂ.

ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച 5ജി മോഡം എസ്ഇ 4ല്‍?

സ്വന്തമായി ഒരു 5ജി മോഡം കൂട്ടിയിണക്കിയെടുക്കാന്‍ ആപ്പിള്‍ കുറച്ചു കാലമായി പരിശ്രമിക്കുന്നതാണ്. അതില്‍ കമ്പനി ഇപ്പോള്‍ വിജയിച്ചിരിക്കാമെന്നും കരുതുന്നു. എന്നാല്‍ ഇത് തങ്ങളുടെ പ്രീമിയം ശ്രേണിയില്‍ പിടിപ്പിക്കാനുള്ള ആത്മവിശ്വാസവും ആപ്പിളിനില്ല. എന്നാല്‍, അത് എസ്ഇ 4ല്‍ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 

സംഭരണശേഷി

ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണുകള്‍ക്കെല്ലാം വില വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, അവയുടെ തുടക്ക വേരിയന്റുകള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി സംഭരണശേഷിയും നല്‍കിയേക്കും. എസ്ഇ 4ന്റെ കാര്യത്തിലും ഇതിനുള്ള സാധ്യതയുണ്ട്. അതായത്, ഇപ്പോള്‍ വില്‍ക്കുന്ന എസ്ഇ 3 മോഡലിന് 64ജിബി വേരിയന്റ് ഉണ്ട്. എസ്ഇ 4ന്റെ തുടക്ക വേരിയന്റിന് 128ജിബി സംഭരണശേഷി കണ്ടേക്കും. റാമിന്റെ കാര്യത്തില്‍ ഉള്ള കേട്ടുകേള്‍വികള്‍ പറയുന്നത് കുറഞ്ഞത് 6ജിബി നല്‍കിയേക്കും എന്നാണ്. (ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് 8ജിബി റാം വേണമെന്നാണ് കേട്ടുകേള്‍വികള്‍ പറയുന്നത്. എസ്ഇ 4ല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഉണ്ടെങ്കില്‍ അതിന് 8ജിബി റാമും, ഇല്ലെങ്കില്‍ 6ജിബി റാമും ആയിരിക്കും എന്ന വാദവും ഉണ്ട്.)

ബാറ്ററി

നിലവിലുള്ള എസ്ഇ മോഡലുകളെക്കാള്‍ സംഭരണശേഷിയുളള ബാറ്ററിയും, മാഗ്‌സെയ്ഫ് വയര്‍ലെസ് ചാര്‍ജിങ് ശേഷിയും പുതിയ ഫോണിന് ലഭിച്ചേക്കും.

അപ്പോള്‍ വിലയോ?

ഐഫോണ്‍ 16 സീരിസ് അവതരിപ്പിക്കുന്ന വേദിയില്‍ എസ്ഇ 4 പരിചയപ്പെടുത്തിയേക്കുമെന്നായിരുന്നു ഇതുവരെ കേട്ടുവന്നത്. പുതിയ അവകാശവാദങ്ങള്‍ പറയുന്നത്, അത് 2025 ആദ്യമായിരിക്കും പുറത്തിറക്കുക എന്നാണ്. റെവഗ്നസ് (Revegnus) എന്ന എക്‌സ് യൂസറുടെ അവകാശവാദം ശരിയാണെങ്കില്‍ എസ്ഇ 4ന്റെ വിലയും 10 ശതമാനം ഉയരും. ഇന്ത്യയിലെ വില 50,000 രൂപയില്‍ താഴെ ആയിരിക്കുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. എന്തായാലും തുടക്ക വേരിയന്റിന് 60,000 രൂപയില്‍ താഴെ ആയിരിക്കുമെന്നു പറയപ്പെടുന്നു.

മടക്കാനാവുന്ന ആപ്പിൾ ഐഫോണ്‍​!

രണ്ട് വർഷത്തിനുള്ളിൽ ആപ്പിൾ അതിന്റെ ഐഫോണുകളിൽ നാടകീയമായ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഏറ്റവും പുതിയ സൂചനയാണ് റിപ്പോർട്ട് അടയാളപ്പെടുത്തുന്നത്. പക്ഷേ മോട്ടറോളയുടെ റേസർ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയ 2019 മുതലെങ്കിലും ഐഫോൺ  മടക്കാവുന്ന ഡിസൈനുകളിൽ പരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും എന്നായിരിക്കും ഈ ഫോണ്‍ വിപണിയിലെത്തുമെന്നതിൽ‍ വ്യക്തതിയില്ല. ഗൂഗിള്‍ ഫോൾബിൾ ഓഗസ്റ്റിൽ എത്തും. എന്നാൽ ആപ്പിളിന്റെ അവതരണത്തിനായി ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം, അല്ലെങ്കിൽ ഒരു അദ്ഭുതപ്പെടുത്തൽ പദ്ധതിയിട്ടിട്ടുണ്ടാവണം.

elon-musk - 1

മീഡിയാടെക് മേല്‍ക്കൈ മേല്‍ക്കൈ നേടുമോ?

ഏറ്റവും മികച്ച മൊബൈല്‍ ഫോണ്‍ പ്രൊസസര്‍ എന്ന പേര് ക്വാല്‍കം സ്‌നാപ്ഡ്രാഗണില്‍ നിന്ന് തട്ടിയെടുക്കാന്‍ 

ഒരുങ്ങുകയാണ് മീഡിയാടെക് കമ്പനി എന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഡിമെന്‍സിറ്റി 8400 ചിപ്പിന്, സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യെ കവച്ചുവയ്ക്കുന്ന കുരത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലീക് ചെയ്ത ബെഞ്ച്മാര്‍ക്ക് പട്ടികകള്‍ ആണ് ഈ ഊഹത്തിന് ആക്കം കൂട്ടുന്നത്. 

ഡിമെന്‍സിറ്റി 8400 പ്രൊസസറിന്റെ അന്‍ടുടു (AnTuTu) സ്‌കോര്‍ 1.7 ദശലക്ഷത്തിനും 1.8 ദശലക്ഷത്തിനും ഇടയ്ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ പറയുന്നു. സാംസങ് ഗ്യാലക്‌സി എസ്24ല്‍ പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 8 പ്രൊസസര്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്‌കോര്‍ 1.74 ദശലക്ഷമാണ്. അതേസയം, ഐക്യൂ 12 ഫോണ്‍ 2 ദശലക്ഷത്തിനടുത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഒരു പ്രധാന ഘടകമാണെങ്കിലും വിലയും ഫോണ്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുമല്ലോ. സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിനേക്കാള്‍ വില കുറവായിരിക്കും എന്നതും ഡിമെന്‍സിറ്റി പ്രൊസസറിന്റെ സാധ്യതകള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളെ പ്രേരിപ്പിച്ചേക്കും. 

വിവാദമാകുമോ മസ്‌കിന്റെ എഐ ഫാഷന്‍ ഷോ?

മൈക്രോസോഫ്റ്റിനെ കളിയാക്കാനായി എക്‌സ് മേധവി ഇലോണ്‍ മസ്‌ക് പുറത്തിറക്കിയ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വിഡിയോയില്‍ ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുളവര്‍ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതായി കാണിച്ചിരിക്കുന്നു. മസ്‌കും, മെറ്റാ മേധാവി മാര്‍ക് സക്കര്‍ബര്‍ഗും, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസും അടക്കമുള്ളവര്‍ ഉണ്ട്: 

ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ വില്‍പ്പന തത്കാലത്തേക്ക് നിറുത്തി?

ഗുണനിലവാര പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ വില്‍പ്പന തത്കാലത്തേക്ക് നിറുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ എയര്‍പോഡസ് 2ന് വെല്ലുവിളി ഉയര്‍ത്താനായി ഇറക്കിയ ഇവയ്ക്ക് 19,999 രൂപയായിരുന്നു എംആര്‍പി. പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത് ഹാര്‍ഡ്‌വെയര്‍ തലത്തിലായതിനാല്‍ സാംസങ് ഇത് പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. പല രാജ്യങ്ങളിലുമുള്ള തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് ആമസോണ്‍ ബഡ്‌സ് 3 പ്രോ നീക്കംചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com