ഐ ഫോണിലെ 'ഐ'; പേരിന്റെ പേരിൽ നിയമയുദ്ധങ്ങൾ, മ്യൂസിക് ആപ്പിലെ ബോണോ!
Mail This Article
ഐഫോണിന് ടെക് വിപണിയിൽ സ്വന്തമായി ഒരു വിലാസമുണ്ട്. ആ വിലാസത്തിനു കാരണമായത് അതിന്‌റെ പേര് തന്നെ. 'ഐ' ആപ്പിളിന്‌റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുണ്ട്. എന്താണ് ഈ ഐ സൂചിപ്പിക്കുന്നത്. 1998ൽ ഡെസ്‌ക്ടോപ് കംപ്യൂട്ടറായ ഐമാക് പുറത്തിറക്കിയപ്പോൾ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സ് അതിന്‌റെ രഹസ്യം പറഞ്ഞിരുന്നു.
ഐ സൂചിപ്പിക്കുന്നത് ഇന്റർ നെറ്റിനെയാണ്. 1998ൽ ഐമാക് ഇറങ്ങിയ വേളയിൽ ഇന്റർനെറ്റ് അത്ര സർവസാധാരണമായിരുന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഇന്റർനെറ്റ് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന സംവിധാനം എന്ന നിലയിലാണ് ഐമാകിന് ഐ എന്നു നാമകരണത്തില് നൽകിയത്. എന്നാൽ ഐഫോൺ എന്ന പേരുമായി ബന്ധപ്പെട്ട് ആപ്പിളും നെറ്റ്വർക് രംഗത്തെ ഭീമൻകമ്പനിയായ സിസ്‌കോയും തമ്മിൽ വലിയ അടി നടന്നിരുന്നു.
തങ്ങളുടെ ചില കോർഡ്‌ലസ് ഫോൺ മോഡലുകൾക്ക് ഐഫോണെന്ന് സിസ്‌കോ നേരത്തെ പേര് നൽകിയിട്ടുണ്ടായിരുന്നു. നിയമനടപടികൾ പുരോഗമിച്ചു. ഒടുവിൽ ഇരു കമ്പനികളും ഒത്തുതീർപ്പിന്‌റെ വഴി തേടി, പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടു.ഐഫോൺ ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സിൽ വികസനത്തിനിരിക്കുമ്പോൾ പർപ്പിൾ എന്ന വിളിപ്പേരായിരുന്നു അതിനുള്ളത്. ഐഫോണിന്‌റെ വികസനം നടന്ന ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സിലെ ലാബ് പർപ്പിൾ ഡോം എന്ന പേരിലും അറിയപ്പെട്ടു.
ഐഫോണിനെക്കുറിച്ച് മറ്റുചില കൗതുകങ്ങൾ പറയാം. ആപ്പിളിന്‌റെ യൂസർ ലൈസൻസ് എഗ്രിമെന്‌റ് 18,000 വാക്കുകളാണുള്ളത്. തങ്ങളുടെ സേവനങ്ങളോ ഉപകരണങ്ങളോ ആണവ, മിസൈൽ, രാസായുധ, ജൈവായുധ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഉപയോഗിക്കരുതെന്ന് ആപ്പിൾ കമ്പനി അതിൽ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഫോണിന്‌റെ മ്യൂസിക് ആപ്പിന്‌റെ ഐക്കണിൽ ഒരു വ്യക്തിയുടെ മുദ്രയുണ്ട്.യു2 എന്ന ബാൻഡിലെ പ്രധാനപാട്ടുകാരനായ ബോണോയുടേതാണ് ഇത്. ഇന്ന് എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും ആപ് സ്റ്റോറുകൾ പരിചിതമാണ്. ഈ ആശയവും ആദ്യമായി അവതരിപ്പിച്ചത് ആപ്പിളാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണുകളിലൊന്നാണ് ഐഫോൺ. 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 230 കോടി ഐഫോണുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഐഫോണിന് 146 കോടി സജീവ ഉപയോക്താക്കളുണ്ട്.