'സ്ലീപ് അപ്നിയ' മുന്നറിയിപ്പ് നൽകും; ഉറക്കം നന്നാക്കാൻ ആപ്പിള്‍ വാച്ച് സീരിസ് 10
Mail This Article
ഏകദേശം 100 കോടി ആളുകളെ ബാധിച്ചു കഴിഞ്ഞ പ്രധാന ഉറക്ക പ്രശ്‌നങ്ങളിലൊന്നായ സ്ലീപ് അപ്‌നിയയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ വാച്ച് സീരിസ് 10 എന്ന് ആപ്പിള്‍ കമ്പനി. ചില വ്യക്തികളുടെ ശ്വാസം ഉറക്കത്തിനിടയ്ക്ക് ആവര്‍ത്തിച്ച് നിലയ്ക്കുന്നു. ഈ ഗുരുതരമായ പ്രശ്‌നമാണ് സ്ലീപ് അപ്‌നിയ. ശ്വാസം നിലയ്ക്കുമ്പോള്‍ വ്യക്തിയുടെ ഉറക്കത്തിന് ഭംഗം വരുന്നു.
ലോകമെമ്പാടും ഈ പ്രശ്‌നം നേരിടുന്ന 80 ശതമാനം പേര്‍ക്കും ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നുള്ള കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കണം. സ്ലീപ് അപ്‌നിയ നേരിടുന്നവര്‍ പകല്‍ സമയത്ത് ക്ഷീണിതരായിരിക്കും. ഏകാഗ്രത ഉണ്ടായിരിക്കില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ടൈപ് ടു ഡയബെറ്റീസ്, ഹൃദയത്തിന്റെ പ്രവര്‍ത്തന തടസങ്ങള്‍ തുടങ്ങി പല പ്രശ്‌നങ്ങളിലേക്കും സ്ലീപ് അപ്നിയ ഒരു വ്യക്തിയെ നയിച്ചേക്കാം. സ്ലീപ് അപ്നിയ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു ഉപകരണമായാണ് ആപ്പിള്‍ തങ്ങളുടെ വാച്ച് സീരിസ് 10 പരിചയപ്പെടുത്തിയിരിക്കുന്നത്.
ശ്വാസ തടസം മനസിലാക്കും ആക്‌സലറോമീറ്റർ
സീരിസ് 10ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആക്‌സലറോമീറ്ററാണ് ഉറക്കത്തിലെ ശ്വാസ തടസം മനസിലാക്കുന്നത്. ഓരോ രാത്രയിലും രേഖപ്പെടുത്തുന്ന അളവുകള്‍ ഉപയോക്താക്കള്‍ക്ക് ഹെല്‍ത് ആപ്പ് വഴി പരിശോധിക്കാം. സ്വസ്ഥതയുള്ള ഉറക്കമാണോ തങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. ശ്വാസോച്ഛ്വാസം കൃത്യമായാണോ നടക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഡോക്ടറുടെ സേവനം വേണമോ എന്ന് തീരുമാനിക്കാം. കടുത്ത അപ്നിയ ആണോ ഉള്ളത് അതോ കുറച്ചേയുള്ളോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കാനുള്ള ഡേറ്റ ആയിരിക്കും ആപ്പിള്‍ വാച്ച് നല്‍കുക.
കനംകുറവുള്ള വാച്ച്
തങ്ങള്‍ ഇന്നേവരെ പരിചയപ്പെടുത്തിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും കനംകുറവുള്ള വാച്ച് എന്ന വിവരണവും പുതിയ സീരിസിന് കമ്പനി നല്‍കി. ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും നൂതനമായ ഫീച്ചര്‍ കൂടാതെ, തങ്ങള്‍ ഇന്നേവരെ ഇറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും സ്വച്ഛമായി പ്രവര്‍ത്തിക്കുന്ന വാച്ചാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു. മുന്‍ മോഡലിനെക്കാള്‍ 20 ശതമാനം ഭാരക്കുറവും ഇതിനുണ്ട്.
വാച്ച് കേസ് ഉണ്ടാക്കിയിരിക്കുന്നത് എയ്‌റോസ്‌പേസ്-ഗ്രൈഡ് ടൈറ്റാനിയം ഉപയോഗിച്ചാണ്. ഇത് പോളിഷ് ചെയ്ത് കണ്ണാടിക്കുള്ളതു പോലെയുള്ള തെളിമ വരുത്തിയിട്ടുമുണ്ട്. പരിഷ്‌കരിച്ച ലോഹത്തിന്റെ മികവും കാഴ്ചയില്‍ ശ്രദ്ധിക്കപ്പെടും. സ്‌ക്രീന്‍ ഓള്‍വെയ്‌സ് ഓണ്‍ മോഡില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മിന്നിത്തിളങ്ങും. അണിയുന്ന ആളുടെ ചലനങ്ങളും, നടപ്പില്‍ വരുന്ന വ്യത്യാസങ്ങളും പ്രതിഫലിപ്പിക്കും.
വൈഡ്-ആങ്ഗിള്‍ ഓലെഡ് സ്‌ക്രീന്‍ എന്ന വിവരണത്തോടെയാണ് ആപ്പിള്‍ ഇതിന്റെ സ്‌ക്രീന്‍ പരിചയപ്പെടുത്തിയത്. ഓരോ പിക്‌സലും കൂടുതല്‍ പ്രകാശം പുറപ്പെടുവിക്കുന്നതിനാല്‍ മുന്‍ തലമുറയിലെ വാച്ചിനേക്കാള്‍ 40 ശതമാനം ബ്രൈറ്റ്‌നസ് കൂടുതലുണ്ടെന്നും കമ്പനി പറയുന്നു. അതിനു പുറമെ ഈ വൈഡ്-ആങ്ഗിള്‍ ഓലെഡ് കുറച്ചു ബാറ്ററി മാത്രമേ ഉപയോഗിക്കൂ.
ഡിസൈൻ മികവും ഗംഭീര ഡിസ്‌പ്ലെയും സഫയര്‍ ഫ്രന്റ് ക്രിസ്റ്റലും പുതുമ പ്രതിഫലിപ്പിക്കുന്ന നിര്‍മാണ മേന്മയുമെല്ലാം വാച്ച് സീരിസ് 10ന്റെ മുഖമുദ്രകളാണ്. മാത്രമല്ല, ഇതൊരു കാര്‍ബണ്‍-ന്യൂട്രല്‍ ഡിവൈസും ആണ്. ഇതിന്റെ ഭാഗങ്ങളില്‍ 95 ശതമാനവും റീസൈക്കിള്‍ ചെയ്ത ടൈറ്റാനിയം ആണ്. റിന്യൂവബ്ള്‍ വൈദ്യുതിയാണ് ഇതുണ്ടാക്കിയ ഫാക്ടറികളിലും.
ആപ്പിള്‍ വാച്ച് സീരിസ് 10ന് കേവലം 9.7 മിലിമീറ്റര്‍ കനം മാത്രമാണ് ഉള്ളത്. സീരിസ് 9നെ അപേക്ഷിച്ച് 10 ശതമാനം കനം കുറവ്. ഇതിനര്‍ത്ഥം, ഉള്ളില്‍ പേറുന്ന ഘടകഭാഗങ്ങളെല്ലാം വീണ്ടും ചെറുതാക്കപ്പെട്ടു എന്നു തന്നെയാണ്. തങ്ങളുടെ എൻജീനിയറിങ് വൈദഗ്ധ്യമാണ് കമ്പനി ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
ഈ സീരിസിലെ സ്പീക്കര്‍ സിസ്റ്റം പോലും 30 ശതമാനം ചെറുതാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്വരമികവിന് യാതൊരു കോട്ടവും തട്ടിയിട്ടുമില്ല താനും. ഇനിമേല്‍ പോഡ്കാസ്റ്റുകള്‍ വാച്ചില്‍ നിന്ന് നേരിട്ട് ശ്രവിക്കുകയും ചെയ്യാം. സെപ്റ്റംബര്‍ 20 മുതല്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയിലെ വില തുടങ്ങുന്നത് 46,900 രൂപ മുതല്‍ ആയിരിക്കും.