അടുത്ത ഗുകേഷ് ആകണോ? ചെസ് പഠിക്കാന്‍ ഫ്രീ ആപ്പുകള്‍!
Mail This Article
ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റർ ഡി. ഗുകേഷ് ലോക ചെസ് ചാംപ്യനായതോടെ, മികച്ച തന്ത്രങ്ങളാൽ വിജയിക്കാനാകുന്ന ആ ഗെയിം പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പൊടുന്നനെ ഉയര്‍ന്നിരിക്കുകയാണ്.
ഇന്നിപ്പോള്‍ ചെസ് പഠിച്ചെടുക്കാനും വൈദഗ്ധ്യം നേടാനും പല വഴികളുണ്ട്. അതിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. പണമടച്ച് വാങ്ങേണ്ടവ മുതല്‍ ഫ്രീ ആപ്പുകള്‍ വരെ ലഭ്യമാണ്. ചെസ് പഠിക്കാന്‍ സഹായിക്കുന്ന ഏതാനും ഫ്രീ ആപ്പുകള്‍ പരിചയപ്പെടാം.
അതിനു മുമ്പ് ഇന്ത്യന്‍ പാരമ്പര്യം ഏറെയുള്ള ഈ കളിയെക്കുറിച്ച് ഒരു വാക്ക്:
ചെസിന്റെ ചരിത്രം പരിശോധിച്ചവരില്‍ പലരും എത്തിച്ചേര്‍ന്നിരിക്കുന്നത് പ്രാചീന ഇന്ത്യയില്‍ തന്നെയാണ് ഇത് ആരംഭിച്ചത് എന്ന കണ്ടെത്തലിലാണ്. ആറാം നൂറ്റാണ്ടിലെ ഗുപ്ത സാമ്രാജ്യത്ത് നിലനിന്നിരുന്ന ചതുരംഗക്കളിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ആധുനിക ചെസ് എന്നാണ് ഏറ്റവും അംഗീകരിക്കപ്പെട്ട വാദങ്ങളില്‍ ഒന്ന്.
ചതുര്‍ എന്ന വാക്കിന് നാല് എന്ന അര്‍ത്ഥമാണല്ലോ ഉള്ളത്. യുദ്ധത്തിനിറങ്ങുന്ന നാലു വിഭാഗങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്-കാലാള്‍പ്പട, കുതിരപ്പട, ആനകള്‍, രഥങ്ങള്‍. ഇതില്‍ നിന്നാണ് പുതിയ കാലത്തെ ചെസ് ഉരുത്തിരിഞ്ഞു വരുന്നത് എന്ന് ചില പഠനങ്ങള്‍ പറയുന്നു.
ഇന്ത്യയില്‍ നിന്ന് പേര്‍ഷ്യയിലെത്തിയ ചതുരംഗത്തിന് മാറ്റങ്ങള്‍ വന്നു. അറബ് ലോകത്തു നിന്ന് യൂറോപ്പിലെത്തുമ്പോഴാണ് ഇന്നു കാണുന്ന കരുനീക്കങ്ങളടക്കം പല മാറ്റങ്ങളും ചടുലതയും ചെസിന് കൈവരുന്നത്. ഇന്ന് അനുസരിക്കുന്ന നിയമങ്ങള്‍ എഴുതപ്പെടുന്നത് 15-ാം നൂറ്റാണ്ടിലെ യൂറോപ്പിലാണ്.
ചെസ്.കോം (ഡെസ്‌ക്ടോപ്, ഐഓഎസ്, ആന്‍ഡ്രോയിഡ്)
ഏത് ബ്രൗസറിലും ചെസ്.കോം (https://www.chess.com/) സന്ദര്‍ശിച്ച് അവിടെ ചെസിന്റെ പ്രാഥമിക പാഠങ്ങള്‍ അടക്കം ഉള്‍ക്കൊള്ളാം. എതിരാളികളെ തിരഞ്ഞെടുത്ത് കളി ആരംഭിക്കാം! ഈ പ്ലാറ്റ്‌ഫോമില്‍ ആഗോള തലത്തില്‍ 150 ദശലക്ഷത്തിലേറെ കളിക്കാര്‍ ഉണ്ട്. 3,50,000 ലേറെ തന്ത്രങ്ങളും, പസിലുകളും ഉണ്ട്. ഒട്ടനവധി ട്യൂട്ടോറിയലുകള്‍ ഉണ്ട്. ചെസ് പഠിച്ചു തുടങ്ങിയവര്‍ക്കു മുതല്‍, വൈദഗ്ധ്യം ആര്‍ജ്ജിച്ചു കഴിഞ്ഞവര്‍ക്കു വരെ, തങ്ങള്‍ക്ക് അനുയോജ്യരായ എതിരാളികളെ തിരഞ്ഞെടുക്കാം.
എഐയോടു പോലും മാറ്റുരയ്ക്കാം!
നിര്‍മ്മിത ബുദ്ധി (എഐ) എതിരാളികളെ തിരഞ്ഞെടുക്കാം. മത്സരങ്ങള്‍ മിനിറ്റുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീളാം! ആപ്പ് മതിയെന്നുള്ളവര്‍ക്ക് ചെസ്.കോമിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇവിടെ ലഭിക്കും.
എഐ ഫാക്ടറീസ് ചെസ് (ആന്‍ഡ്രോയിഡ് മാത്രം)
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഏറ്റവും എളുപ്പത്തിലും, വേഗത്തിലും ചെസ് പഠിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോം എന്ന വിവരണമാണ് എഐ ഫാക്ടറീസ് ചെസ് ആപ്പിനുള്ളത്. ഇത്തരത്തിലുള്ള അറുനൂറിലെറെ ആപ്പുകള്‍ വിലയിരുത്തിയപ്പോള്‍ ഒന്നാം സ്ഥാനം നേടിയ ആപ്പ് ആണിത്.
ചെസിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിക്കാനും തന്ത്രങ്ങള്‍ മിനുക്കിയെടുക്കാനും നല്ലതാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. തുടക്കക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. പല തരത്തിലുള്ള ഡിഫിക്കല്‍ട്ടി സെറ്റിങ്‌സ് വച്ച് പരിശീലിക്കാം.
റിയല്‍ ചെസ് 3ഡി (ആന്‍ഡ്രോയിഡ്, ഐഓഎസ്)
ലളിതവും, എന്നാല്‍ മികച്ച ത്രിമാനത പുലര്‍ത്തുന്നതുമായ ആപ്പ് ആണ് വേണ്ടതെങ്കിലോ? നിശ്ചയമായും റിയല്‍ ചെസ് 3ഡി പരീക്ഷിക്കാം. ട്യൂട്ടോറിയലുകള്‍, ഒന്നിലേറെ പേരോട് പോരാടാനുള്ള അവസരം തുടങ്ങിയ പല ഫീച്ചറുകളും ഇല്ലെങ്കിലും 3ഡി ഫീല്‍ മിക്കവരും ആസ്വദിച്ചേക്കും.
എഐക്ക് എതിരെ കളിക്കാനും സാധിക്കും. മുൻപ് നടത്തിയ നീക്കം അണ്‍ഡൂ ചെയ്യാും, പലതരം ചെസ് ബോര്‍ഡുകള്‍, ചെക്കറുകള്‍ തുടങ്ങിയവ മാറിമാറി ഉപയോഗിച്ചു നോക്കാം. ഐഓഎസിനും, ഐപാഡ് ഓഎസിനും വേറെ വേറെ ആപ്പുകള്‍ ഉണ്ട്. ആന്‍ഡ്രോയിഡിലും ലഭിക്കും. Real Chess 3D എന്ന് സേര്‍ച്ച് ചെയ്യുക.
ലീചെസ് (ഡെസ്‌ക്ടോപ്, ആന്‍ഡ്രോയിഡ്, ഐഓഎസ്)
ചെസിന്റെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ ലഭ്യമായ ലീചെസ് മറ്റു പ്ലാറ്റ്‌ഫോമുകളെപ്പോലെ അല്ലാതെ ഒരു ഓപ്പണ്‍സോഴ്‌സ് ചെസ് സെര്‍വറുമാണ്. സുഹൃത്തുമായും, കംപ്യൂട്ടറുമായും ചെസ് കളിക്കാം. പസിലുകള്‍, തീമുകള്‍ തുടങ്ങിയവയും ഉണ്ട്. ചെസ് പരിശീലനം നടത്താം, അതിനെക്കുറിച്ച് പഠിക്കാം, കോച്ചുകളുമായി ഇടപെടാം. ചെസ് ബ്രോഡ്കാസ്റ്റ്, ലിചെസ് ടിവി സ്ട്രീമറുകള്‍, വിഡിയോ ലൈബ്രറി തുടങ്ങി നിരവധി കാര്യങ്ങള്‍ ഡെസ്‌ക്ടോപ് ബ്രൗസറുകളില്‍ ലഭിക്കും.
ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയതിനാല്‍ അവര്‍ നിലനില്‍പ്പിനായി ഡൊണേഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുളള മറ്റ പ്ലാറ്റ്‌ഫോമുകളെ പോലെ അത് നല്‍കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, നല്‍കാന്‍ വിഷമമില്ലാത്തവര്‍ അങ്ങനെ ചെയ്താല്‍ ഇത്തരത്തിലുള്ള ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനും സാധിക്കും. മൊബൈല്‍ ആപ്പ് വേണ്ടവര്‍ ലീചെസ് (Lichess) എന്ന് സേര്‍ച്ച് ചെയ്യുക.
ലേണ്‍ ചെസ് വിദ് ഡോ. വൂള്‍ഫ്
തുടക്കക്കാര്‍ക്ക് ഏറ്റവും നല്ല ആപ്പ് എന്നാണ് 'ലേണ്‍ ചെസ് വിദ് ഡോ. വൂള്‍ഫ്' ആപ്പിന് ലഭിച്ചിരിക്കുന്ന വിലയിരുത്തല്‍. ട്യൂട്ടോറിയലുകള്‍ക്ക് പകരം, ആപ്പ് വഴി ഓരോരുത്തര്‍ക്കും ചേര്‍ന്ന രീതിയിലുള്ള പരിശീലനം നല്‍കുന്നു. പഠിക്കുന്ന ആള്‍ക്കൊപ്പം നീക്കം നടത്തുകയും ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്യും.
ഓരോ നീക്കവും നടത്തിയാല്‍ എന്തു സംഭവിക്കും തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാം. ഇത്തരത്തിലുള്ള നിരവധി ഇന്ററാക്ടിവ് പാഠങ്ങള്‍ ലേണ്‍ ചെസ് വിദ് ഡോ. വൂള്‍ഫില്‍ ഉണ്ട്. ഓഡിയോ കോച്ചിങും, വരുത്തിയ തെറ്റു തിരുത്തലും ഉണ്ട്. ചെസ് കളിയില്‍ പുരോഗതി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേര്‍ന്ന ആപ്പ് എന്നാണ് പൊതുവെ പറയുന്നത്. ഡൗണ്‍ലോഡ് ചെയ്യേണ്ടവര്‍ Learn Chess with Dr. Wolf എന്ന് സേര്‍ച്ച് ചെയ്യുക.
യൂട്യൂബ്
എല്ലാ വിഷയങ്ങളുമെന്ന പോലെ ചെസ് പഠിക്കാനും യൂട്യൂബ് ഉപയോഗിക്കാം. ലേണ്‍ ചെസ്, ചെസ് ട്യൂട്ടോറിയല്‍ തുടങ്ങി പല സേര്‍ച്ചുകളും നടത്തി നോക്കുക. മികച്ച പല യൂട്യൂബര്‍മാരും കോച്ചിങ് നല്‍കുന്നതു കാണാം.