ഷഓമിയുടെ ഫോൾഡബിൾ ഫോൺ, 108 മെഗാപിക്സൽ ക്യാമറ, അദ്ഭുതപ്പെടുത്തുമോ ‘സെറ്റസ്’
Mail This Article
രാജ്യാന്തര വിപണിയിലെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷഓമി പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. മടക്കാവുന്ന സ്മാർട് ഫോൺ ആയിരിക്കും ഇതെന്നും വിവിധ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള ഫോണിറക്കുന്ന ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് കാത്തിരിക്കുകയാണ് ടെക് ലോകം.
ഷഓമി നേരത്തെ എംഐ മിക്സ് ആൽഫ എന്നൊരു ഹാൻഡ്സെറ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഇത് ഒഎൽഇഡി ഡിസ്‌പ്ലേയുള്ള ഒരു കൺസെപ്റ്റ് ഫോണായിരുന്നു. ഇത് ഇന്ത്യയിൽ അവതരിപ്പിക്കാത്ത ഒരു കൺസെപ്റ്റ് മോഡൽ മാത്രമായിരുന്നെങ്കിലും ഫോൾഡബിൾ സ്മാർട് ഫോൺ വിപണിയിൽ അദ്ഭുതപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്.
എക്സ്ഡിഎയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മടക്കാവുന്ന ഹാൻഡ്സെറ്റ് അവതരിപ്പിക്കാൻ ഷഓമി ശ്രമിക്കുന്നതിന്റെ തെളിവുകൾ MIUI 12 കോഡിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഹാൻഡ്സെറ്റിന് ‘സെറ്റസ്’ എന്ന രഹസ്യനാമം നൽകിയതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ഷഓമിയുടെ പുതിയ മടക്കാവുന്ന ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI- യിൽ പ്രവർത്തിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുമായാണ് വരുന്നത്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന് ക്യാമറയാണ്. 108 മെഗാപിക്സലാണ് പ്രൈമറി ക്യാമറ.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 800 സീരീസ് പ്രോസസറും മറ്റ് ഹൈ-എൻഡ് സ്‌പെസിഫിക്കേഷനുകളും ഉള്ളതായി അഭ്യൂഹമുണ്ട്. എന്നാൽ, മടക്കാവുന്ന ഹാൻഡ്സെറ്റിന്റെ അവതരണത്തെക്കുറിച്ച് ഷഓമി സൂചന നൽകുന്നത് ഇതാദ്യമല്ല. മടക്കാവുന്ന കൺസെപ്റ്റ് സ്മാർട് ഫോണുകൾ സംബന്ധിച്ച് ഷഓമി നേരത്തെയും സൂചനകൾ നൽകിയിരുന്നു.
English Summary: Xiaomi could soon launch foldable phone with 108-megapixel camera