ADVERTISEMENT

ലോകത്തെ ഇപ്പോഴത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ വർഷം 70-80 ദശലക്ഷം സ്മാർട് ഫോണുകൾ മാത്രമാണ് വാവെയ് നിർമിക്കുന്നത്. ഇത്രയും ഫോണുകൾ നിർമിക്കാൻ ആവശ്യമായ പാർട്സുകൾ ഓർഡർ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വാവെയ് തങ്ങളുടെ വിതരണക്കാരെ അറിയിച്ചിട്ടുണ്ടെന്ന് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ വിലക്ക് തന്നെയാണ് വൻ തിരിച്ചടിയായിരിക്കുന്നത്. അമേരിക്കൻ കമ്പനികളുടെ പാർട്സുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

2020 ൽ കമ്പനി 189 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ കയറ്റി അയച്ചതായാണ് റിപ്പോർട്ട്. എന്നാൽ, 2019 ൽ വിറ്റത് 240 ദശലക്ഷം ഫോണുകളായിരുന്നു. ഓരോ വർഷവും നിർമിക്കുന്ന ഫോണുകളുടെ എണ്ണം വാവെയ് കുറയ്ക്കുകയാണ്. കമ്പനി ഫോൺ നിർമാണം നിർത്താൻ പോകുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ, ഏതെല്ലാം മോഡൽ ഫോണുകളുടെ നിർമാണമാണ് ഉപേക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ഫെബ്രുവരി 22 ന് പുതിയ മേറ്റ് എക്സ് 2 ഹാൻഡ്സെറ്റ് പുറത്തിറക്കാനും വാവെയ്ക്ക് പദ്ധതിയുണ്ട്. അതേസമയം, ഒരു കൂട്ടം ഗെയിമിങ് നോട്ട്ബുക്കുകളും സ്വന്തമായി ഒരു ഗെയിമിങ് കൺസോളും അവതരിപ്പിച്ച് ഗെയിമിങ് വിഭാഗത്തിലേക്ക് ചുവടുവെക്കാനും വാവെയ് ആലോചിക്കുന്നുണ്ട്.

2021 ലെ രണ്ടാം പാദത്തിൽ ചൈനയിലെ പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് എക്സ് എന്നിവയ്‌ക്കൊപ്പം താൽക്കാലികമായി 'മേറ്റ്സ്റ്റേഷൻ' എന്ന് പേരിൽ അതിന്റെ ആദ്യ കൺസോൾ അവതരിപ്പിച്ചേക്കും. ഗെയിമിങ് കൺസോൾ പുറത്തിറക്കുന്നതിനു മുന്നോടിയായി വാവെയ് ഗെയിമിങ്ങിനായി രൂപകൽപ്പന ചെയ്ത ലാപ്ടോപ്പുകളും പുറത്തിറക്കിയേക്കും.

English Summary: Huawei to cut phone production by over half in 2021: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com