ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ? ഐഫോണ്‍ 13 കാത്തുവച്ചിരിക്കുന്നത്...
Mail This Article
അടുത്ത തലമുറ പ്രീമിയം ഐഫോണുകള്‍ക്ക്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. എന്നാല്‍, ഇപ്പോഴത്തേതു പോലെ ഉപയോക്താവിനു ഫോണ്‍ ഓണായിരിക്കുന്ന സമയത്ത് സ്‌ക്രീന്‍മാത്രം ഓഫ് ചെയ്തു വയ്ക്കാന്‍ സാധിച്ചേക്കില്ലെന്നും പറയുന്നു. സമയവും തീയതിയും ബാറ്ററിയുടെ സ്റ്റാറ്റസും മാത്രമായിരിക്കും എപ്പോഴും ഓണായിരിക്കുക. നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കി വയ്ക്കാനോ ഓഫ് ചെയ്തുവയ്ക്കാനോ അനുവദിച്ചേക്കും. ഐഫോണ്‍ 13 എന്നോ ഐഫോണ്‍ 12എസ് എന്നോ ആയിരിക്കാം സെപ്റ്റംബറില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള സീരീസിന്റെ പേര്. ഇപ്പോള്‍ തൽക്കാലം ഐഫോണ്‍ 13 എന്നു തന്നെ വിളിക്കാം.
ഐഫോണ്‍ 13 സീരീസില്‍, ഈ വര്‍ഷത്തെ 12 സീരീസില്‍ ഉണ്ടായിരുന്നതു പോലെ ‘മിനി’ മോഡലിനു സാധ്യത കുറവാണെന്നു വാദിക്കുന്നവരാണ് കൂടുതല്‍. പകരം 2019 ലെ ഐഫോണ്‍ 11 സീരീസ് പോലെ മൂന്നു മോഡലുകളായിരിക്കും ഉണ്ടാകുകയത്രേ - ഐഫോണ്‍ 13, 13 പ്രോ, 13 പ്രോ മാക്‌സ്. ആപ്പിള്‍ മിനി മോഡലും ഇറക്കിയേക്കുമെന്നാണ് ടെക് വിദഗ്ധൻ ജോൻ പ്രസറെ പോലെയുള്ളവര്‍ പറയുന്നത്. പ്രോ മോഡലുകള്‍ക്ക് 120 ഹെട്‌സ് പ്രോമോഷന്‍ ഡിസ്‌പ്ലേയാകുമെന്ന് ‘എവരിതിങ് ആപ്പിള്‍ പ്രോ’ റിപ്പോര്‍ട്ടു ചെയ്യുന്നു. നിലവില്‍ ഐപാഡ് പ്രോ മോഡലുകളില്‍ ഈ ഫീച്ചര്‍ ഉണ്ട്. ഐഫോണ്‍ 12 പ്രോ മോഡലുകളിലും ഈ ഫീച്ചര്‍ ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍, അന്തിമ രൂപകല്‍പനയില്‍ ഇത് ഉള്‍പ്പെടുത്തിയില്ല.
സ്‌ക്രീനില്‍ കണ്ടേക്കാവുന്ന ഈ മാറ്റങ്ങള്‍ക്കു പുറമേ, ഡിസൈനില്‍ കാര്യമായ പുതുമയൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സൂചന. പുതിയ സീരീസിന് ഐഫോണ്‍ 12 എസ് എന്നാവും പേരെന്നു വാദിക്കുന്നവർ അതിനു കാരണമായി പറയുന്നത് അധികം ഫീച്ചറുകള്‍ ഇല്ലാത്തതിനാലാണെന്നാണ്.
കൂടുതല്‍ ടെക്‌സ്ചര്‍ ഉള്ള പ്രതലമായിരിക്കും പ്രോ മോഡലുകള്‍ക്കെന്നും കരുതപ്പെടുന്നു. അതിനാല്‍ വഴുതി വീഴാനുള്ള സാധ്യത കുറയും. ഗൂഗിള്‍ പിക്‌സല്‍ സീരീസില്‍ കണ്ടുവന്ന, മാര്‍ദവം തോന്നിക്കുന്ന ടെക്‌സ്‌ചേഡ് മാറ്റ് ഫിനിഷ് പ്രോ മോഡലുകള്‍ക്ക് ഉണ്ടാകുമെന്നും സൂചനയുണ്ട്.
∙ ക്യാമറ
എല്ലാ വര്‍ഷവും ക്യാമറയിൽ എന്തെങ്കിലും മാറ്റംകൊണ്ടുവരിക എന്നത് ആപ്പിളിന്റെ പതിവാണ്. ഈ വര്‍ഷവും ചില മാറ്റങ്ങള്‍ വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അടക്കമുള്ളവര്‍ പ്രവചിക്കുന്നുണ്ട്. മികച്ച അള്‍ട്രാ വൈഡ് ലെന്‍സാണ് അതിലൊന്ന്. വിഡിയോയില്‍ പോര്‍ട്രെയ്റ്റ് മോഡ് കൊണ്ടുവരാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. റെക്കോർഡ് ചെയ്യുന്നതിനിടയിലും ഡെപ്ത് മാറ്റാന്‍ കഴിയുന്ന തരം മാറ്റമാണ് അവര്‍ പ്രവചിക്കുന്നത്. ക്യാമറ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നേരേ പിടിക്കുമ്പോള്‍ത്തന്നെ അസ്‌ട്രോഫൊട്ടോഗ്രഫി മോഡിലേക്കു കടക്കാനാവുമെന്നും പറയുന്നു. തുടര്‍ന്ന് ക്യാമറ ലോങ് എക്‌സ്‌പോഷര്‍ മോഡിലേക്കു പോകും. ഫോണില്‍ത്തന്നെ കൂടുതല്‍ പ്രോസസിങും നടത്തിയേക്കും.
കൂടുതല്‍ മാഗ്നറ്റുകൾ (കാന്തം) ഉള്‍ക്കൊള്ളിച്ചേക്കുമെന്നാണ് മറ്റൊരു പ്രവചനം. ഇതുവഴി മാഗ്‌സെയ്ഫ് ചാര്‍ജിങ് സാങ്കേതികവിദ്യ കൂടുതല്‍ മികച്ചതാക്കാം. മറ്റൊരു പ്രവചനം, മാസ്‌ക് ധരിക്കല്‍ അനിവാര്യമായ സമയത്ത് ഫെയ്‌സ്‌ഐഡി പ്രവര്‍ത്തിപ്പിക്കല്‍ എളുപ്പമല്ലാത്തതിനാല്‍ ടച്ച്‌ഐഡി തിരിച്ചുകൊണ്ടുവന്നേക്കുമെന്നാണ്. അത് പവര്‍ബട്ടണിലായിരിക്കാം ഉള്‍ക്കൊള്ളിക്കുക. സ്‌ക്രീനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ട്.
∙ സോഫ്റ്റ്‌വെയര്‍
മുമ്പില്ലാത്തവണ്ണം സോഫ്റ്റ്‌വെയറിലെ പുതുമകൾ കൊണ്ട് ഐഫോണിനെ ശക്തമാക്കുകയാണ് ആപ്പിള്‍. അടുത്തയാഴ്ചകളിൽത്തന്നെ പുറത്തിറങ്ങുന്ന ഐഒഎസ് 14.5 ല്‍ തന്നെ ഇതിന്റെ തുടക്കമുണ്ടാകും. ഇതോടെ ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഐഒഎസില്‍ തങ്ങളുടെ പതിവു കസര്‍ത്തുകള്‍ സാധ്യമായേക്കില്ല. ആപ്പിളിന്റെ താത്പര്യത്തിനു വഴങ്ങാനാണ് ഗൂഗിളിന്റെ തീരുമാനമെങ്കില്‍ ഫെയ്സ്ബുക് പ്രതിസന്ധിയിലാകും. കനത്ത സോഫ്റ്റ്‌വെയര്‍ സംരക്ഷണത്തോടെയായിരിക്കും ഐഫോണ്‍ 13 സീരീസ് ഇറങ്ങുക എന്നും പറയുന്നു.
അടുത്ത പ്രീമിയം ഐഫോണ്‍ സീരീസ് ഇറങ്ങുന്നതിനു മുൻപ് എയര്‍ടാഗ്‌സ്, ഐഫോണ്‍ എസ്ഇ പ്ലസ്, വില കുറഞ്ഞ ഐപാഡ്, ഐപാഡ് പ്രോ മോഡലുകള്‍ തുടങ്ങിയവ പുറത്തിറക്കിയേക്കാനുളള സാധ്യതയും തള്ളിക്കളയുന്നില്ല.
English Summary: iPhones to have always on display for the first time in history