ADVERTISEMENT

അമോലെഡ് സ്‌ക്രീനുമായി അവതരിപ്പിക്കുന്ന ആദ്യത്തെ റെഡ്മി നോട്ട് 10 സീരീസാണ് ഷഓമി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 120 ഹെട്‌സ് വരെ റിഫ്രഷ് റെയ്റ്റുള്ള ഈ സീരീസിന് മുന്‍ മോഡലുകളെക്കാളും മികച്ച സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11ല്‍ ആണ് പുതിയ ഹാൻഡ്സെറ്റുകൾ പ്രവര്‍ത്തിക്കുക. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ഈ സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 11,999-21,999 രൂപ വരെയായിരിക്കും വില. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഏറ്റവും പ്രഭാവമുള്ള ഫോണ്‍ സീരീസുകളിലൊന്നാണ് ഷഓമിയുടെ റെഡ്മി നോട്ട് ശ്രേണി. ഫോണുകളെ വിശദമായി പരിചയപ്പെടാം.

 

∙ റെഡ്മി നോട്ട് 10

 

പുതിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് റെഡ്മി നോട്ട് 10. പുതിയ മോഡലുകള്‍ക്കെല്ലാം അത്യാകര്‍ഷകമായ ഇവോള്‍ (Evol) രൂപകല്‍പനയാണ് നല്‍കിയിരിക്കുന്നത്. മുന്‍ വേര്‍ഷന്റെ രൂപകല്‍പനയെ ഓറാ ഡിസൈന്‍ എന്നാണ് കമ്പനി വിളിച്ചിരുന്നത്. പിന്‍ക്യാമറാ സിസ്റ്റം മുകളില്‍ ഇടുതുവശത്തായി ലംബമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പവര്‍ബട്ടണു സമീപത്ത് സൈഡില്‍ പിടിപ്പിച്ചിരിക്കുന്നു. മൂന്നു നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യാകുക- അക്വാ ഗ്രീന്‍, ഷാഡോ ബ്ലാക്, ഫ്രോസ്റ്റ് വൈറ്റ്. 6.43-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. എന്നാല്‍ റിഫ്രഷ് റെയ്റ്റ് 60 ആയിരിക്കും. 1100 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഉണ്ട്. 11 എന്‍എം സാങ്കേതികവിദ്യയുള്ള ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 678 പ്രോസസറാണ് ഫോണിനു നല്‍കിയിരിക്കുന്നത്. തുടക്ക വേരിയന്റിന് 4ജിബി റാമും, 64 ജിബി സ്റ്റോറേജ് ശേഷിയുമാണുള്ളത്.

 

∙ ക്യാമറാ സിസ്റ്റം

 

48 എംപി സെന്‍സര്‍ ഉള്‍പ്പടെ നാലു ക്യാമറാ സിസ്റ്റമാണ് ഈ മോഡലിനു ലഭിക്കുന്നത്. 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് പിന്‍ക്യാമറാ സിസ്റ്റത്തില്‍. സെല്‍ഫി ക്യാമറയ്ക്ക് 13 എംപി റെസലൂഷനാണ് ഉള്ളത്. മറ്റു മോഡലുകളെ പോലെ ആന്‍ഡ്രോയിഡ് 11 കേന്ദ്രീകരിച്ചു നിര്‍മിച്ച എംഐയുഐ 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 5000 എംഎഎച് ആണ് ബാറ്ററി. ഫോണിനൊപ്പം 33w ക്വിക് ചാര്‍ജര്‍ ലഭിക്കും. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് 3യുടെ സംരക്ഷണമാണ് സ്‌ക്രീനിനു നല്‍കിയിരിക്കുന്നത്. തുരുമ്പ് പിടിക്കാതിരിക്കാനുള്ള സംരക്ഷണം ചാര്‍ജിങ് പോര്‍ട്ടിനും മറ്റും നല്‍കിയിരിക്കുന്നു. 3.5 എംഎം ജാക്, ഐആര്‍ ബ്ലാസ്‌റ്റര്‍, സ്വയം ക്ലീന്‍ ചെയ്യുന്ന സ്പീക്കര്‍ എന്നിവയാണ് മറ്റു ചില ഫീച്ചറുകള്‍.

 

∙ വില

 

4ജിബി + 64ജിബി: 11,999 രൂപ

6ജിബി + 128ജിബി: 13,999 രൂപ

ആദ്യ വിൽപന മാര്‍ച്ച് 16ന് ആയിരിക്കും

 

∙ റെഡ്മി നോട്ട് 10പ്രോ, പ്രോ മാക്‌സ്

 

റെഡ്മി നോട്ട് 10 സീരീസുകളിലെ ഫോണുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒന്ന് ക്യാമറ റെസലൂഷൻ ആണ്. പ്രോയുടെ പ്രധാന ക്യാമറയ്ക്ക് 64 എംപി റെസലൂഷനാണ് എങ്കില്‍ മാക്‌സിന്റെ പ്രധാന ക്യാമറാ സെന്‍സറിന് 108 എംപി (സാംസങ് ISOCELL HM2 ) റെസലൂഷന്‍ ആണുള്ളത്. പ്രോ മാക്‌സിന്റെ 108 എംപി ക്യാമറയ്ക്ക് 9-ഇന്‍-1 പിക്‌സല്‍ ബിനിങ് ശേഷിയുണ്ട്. ഇതില്‍ എടുക്കുന്ന ഫോട്ടോകള്‍ കൂടുതല്‍ തെളിഞ്ഞതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടുതല്‍ വലുപ്പമുള്ള സെന്‍സറുമാണ് പ്രോ മാക്‌സിന്റെ പ്രധാന ക്യാമറയ്ക്കുള്ളത്. പുതിയ 5 എംപി മാക്രോ സെന്‍സറിന് 2 എക്‌സ് സൂമും ഉണ്ട്. 8 എംപി അള്‍ട്രാ വൈഡ് ലെന്‍സിന് 118 ഡിഗ്രി വരെ പോകാന്‍ സാധിക്കും. നാലാമത്തെ സെന്‍സര്‍ ഡെപ്ത് അളക്കാനുളളതാണ്.

 

ക്യാമറാ ആപ്പില്‍ നൈറ്റ് മോഡ് 2.0, വ്്‌ളോഗ് മോഡ്, ലോങ് എക്‌സ്‌പോഷര്‍ മോഡ്, വിഡിയോ പ്രോ മോഡ്, മാജിക് ക്ലോണ്‍ മോഡ്, ഡ്യൂവല്‍ വിഡിയോ മോഡ് തുടങ്ങിയവയും ഉണ്ട്. അതേസമയം, പ്രോ മോഡലിന് 64 എംപി പ്രധാന ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതിന് ഉപയോഗിച്ചിരിക്കുന്നത് സാംസങ്ങിന്റെ ക്യാമറ മൊഡ്യൂളാണ് (ISOCELL GW3). ബാക്കി ക്യാമറകള്‍ പ്രോ മാക്‌സിന്റേതിനു സമാനമാണ്. ഇവോള്‍ ഡിസൈന്‍ സപ്പോര്‍ട്ടുള്ള ഈ മോഡലുകള്‍ മൂന്നു നിറങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്- വിന്റേജ് ബ്രോണ്‍സ്, ഗ്ലേസിയല്‍ ബ്ലൂ, ഡാര്‍ക് നൈറ്റ്. ഇരു മോഡലുകള്‍ക്കും 6.67-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണുള്ളത്. ഇരു മോഡലുകള്‍ക്കും 120 ഹെട്‌സ് സ്‌ക്രീന്‍ റിഫ്രെഷ് റെയിറ്റും 1200 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, എച്ഡിആര്‍ 10 സപ്പോര്‍ട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീനുകള്‍ കണ്ണിനു പ്രശ്‌നങ്ങള്‍ കുറയ്‌ച്ചേക്കുമെന്നു പറയുന്ന ടിയുവി റെയ്ന്‍ലാണ്‍ഡ് ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനും ഉണ്ട്. ഇരു മോഡലുകള്‍ക്കും 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്.

 

പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ സ്‌നാപ്ഡ്രാഗണ്‍ 732 ജി പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. 8 എന്‍എം പ്രോസസറാണ് ഇതിന്. 8 ജിബി വരെയാണ് റാം. 128 ജിബി വരെ സ്റ്റോറേജ് ശേഷിയും ഉണ്ട്. ഇരു മോഡലുകള്‍ക്കും 5020 എംഎഎച് ആണ് ബാറ്ററി. സ്‌ക്രീന്‍ സംരക്ഷണത്തിന് കോര്‍ണിങ് ഗോറില ഗ്ലാസ് 5ന്റെ കവചവമാണുള്ളത്. 360 ആംബിയന്റ് ലൈറ്റ് സെന്‍സര്‍, 3.5 എംഎം ജാക്, തുരുമ്പിനെതിരെ പ്രതിരോധ ശേഷിയുള്ള പോര്‍ട്ടുകള്‍, അധിക വൈദ്യുതി തടയാനുള്ള ശേഷി, ഐആര്‍ ബ്ലാസ്റ്റര്‍ തുടങ്ങി ഫീച്ചറുകളും ഉണ്ട്. സ്റ്റീരിയോ സ്പീക്കറുകളും പ്രോ മോഡലുകളുടെ പ്രത്യേകതയാണ്.

 

∙ പ്രോ മോഡലുകളുടെ വില

 

6ജിബി + 64ജിബി: 15,999 രൂപ

6ജിബി + 128ജിബി: 16,999 രൂപ

8ജിബി + 128ജിബി 18,999 രൂപ

 

ആദ്യ വിൽപന മാര്‍ച്ച് 17ന്

 

∙ പ്രോ മാക്‌സ് മോഡലുകളുടെ വില

 

6ജിബി + 64ജിബി: 18,999 രൂപ

6ജിബി + 128ജിബി: 19,999 രൂപ

8ജിബി + 128ജിബി: 21,999 രൂപ

 

ആദ്യ വിൽപന മാര്‍ച്ച് 18ന്

 

∙ 5ജി ഇല്ല

 

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഡലുകളിലൊന്നായ റെഡ്മി നോട്ട് സീരീസിന്റെ പുതിയ വേര്‍ഷനു പല പുതുമകളും ഉണ്ട്. സ്‌ക്രീന്‍ ടെക്‌നോളജിയടക്കം പലതും പുതുതായി ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും 5ജി ഇല്ലെന്നത് ന്യൂനതയാണ്. ഇതിനാല്‍ തന്നെ ഉടന്‍ അപ്‌ഗ്രേഡു ചെയ്യേണ്ട ആവശ്യമില്ലാത്തവര്‍ 5ജി വേരിയന്റിനായി കാത്തിരിക്കുന്നതായിരിക്കാം ഉചിതം. അതേസമയം, മികച്ച സ്‌ക്രീന്‍ ടെക്‌നോളജി വേണമെന്ന് ആഗ്രഹിക്കുന്ന റെഡ്മി ആരാധകര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളുമാണ് ഇവ.

 

English Summary: Redmi Note 10 Series Debuts With Super AMOLED Displays, Quad Rear Cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com