ഇന്ത്യയില്‍ നിര്‍മിച്ചിട്ടും ഇളവില്ല, ഐഫോണുകളുടെ വില കുറയുന്നില്ല... കാരണമെന്ത്?
Mail This Article
2017ലാണ് ആ സന്തോഷ വാര്‍ത്ത ആദ്യമായി കേട്ടത്- ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങി. അന്നുമുതല്‍ കേട്ടുവരുന്ന മറ്റൊരു കാര്യവുമുണ്ട്- ഇനി രാജ്യത്ത് ഐഫോണുകളുടെ വില കുത്തനെ കുറയും. കുറഞ്ഞത് ഇവിടെ നിർമിക്കുന്ന മോഡലുകളെങ്കിലും വില കുറച്ചു വില്‍ക്കുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവരെ കുറ്റംപറയാനാകുമോ? എന്നാല്‍, ഇതുവരെ ഐഫോണുകളുടെ വില കുറഞ്ഞിട്ടില്ല. അതിനൊരു കാരണവുമുണ്ട്. ഐഫോണുകളോട് ഒരു പ്രത്യേക പ്രിയം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നു പറയുന്നു. ഇതുവരെ ഒരു ഐഫോണെങ്കിലും ഉപയോഗിക്കാത്തവര്‍ക്ക് പ്രത്യേകിച്ചും അതിലെന്തോ മാജിക് ഉണ്ടെന്ന തോന്നല്‍ നിലനില്‍ക്കുന്നു. ഇതിനാല്‍ തന്നെ ഐഫോണുകള്‍ വന്‍ വില കൊടുത്തു വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ നിർമാണം തുടങ്ങിയാൽ ഐഫോണ്‍ വില കുറയുമെന്നാണ് ചിലരെങ്കിലും കരുതിയിരുന്നത്.
∙ ആദ്യ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍
ആദ്യ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ ഇറങ്ങിയത് 2017ല്‍ ആണെന്നു പറഞ്ഞല്ലോ. ആദ്യം ഇന്ത്യയില്‍ നിര്‍മിച്ച ആപ്പിൾ ഫോണ്‍ എന്ന പേരു സ്വന്തമാക്കാനായത് ഐഫോണ്‍ എസ്ഇയ്ക്കായിരുന്നു. ഇത് വിസ്ട്രണിന്റെ ബെംഗളൂരുവിലെ പ്ലാന്റിലാണ് നിർമിച്ചത്. അടുത്ത വര്‍ഷം, അതായത് 2018ല്‍ വിസ്ട്രണ്‍ ഐഫോണ്‍ 6എസ് മോഡലും നിര്‍മിച്ചു. തുടര്‍ന്ന് 2019ല്‍ ഐഫോണ്‍ 7 മോഡലും രാജ്യത്ത് തന്നെ നിര്‍മിച്ചു പുറത്തിറക്കുകയുണ്ടായി. ഇതേ വര്‍ഷം തന്നെ, ആപ്പിളിനെ ഉപകരണ നിര്‍മാണത്തില്‍ സഹായിക്കുന്ന മറ്റൊരു കമ്പനിയായ ഫോക്‌സ്‌കോണും ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിച്ചു- ഐഫോണ്‍ XR. ഇതേ വര്‍ഷം ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 6എസ് എന്നീ മോഡലുകളുടെ നിര്‍മാണം നിർത്തുകയും ചെയ്തു. എന്നാല്‍, 2020ല്‍ ഐഫോണ്‍ 11, ഐഫോണ്‍ എസ്ഇ (2020) എന്നീ മോഡലുകളുടെ നിര്‍മാണവും ഇന്ത്യയില്‍ തുടങ്ങി. ഈ വര്‍ഷം ഐഫോണ്‍ 12 ഇവിടെ നിര്‍മിക്കാന്‍ പോകുകയാണെന്നും ആപ്പിള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിര്‍മിച്ചിട്ടും ഐഫോണുകളുടെ വില കുറയാത്തത്?
∙ ആപ്പിള്‍ ശരിക്കും ഇന്ത്യയില്‍ ഐഫോണ്‍ 'നിര്‍മിക്കുന്നുണ്ടോ'?
രാജ്യത്തെ നിലവിലുള്ള ഇറക്കുമതി നിയമങ്ങള്‍ വച്ചു നോക്കിയാല്‍ ഇല്ലെന്നുള്ളതാണ് സത്യം. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുക മാത്രമാണ് ആപ്പിള്‍ ആകെ ചെയ്യുന്നത്. എന്നു പറഞ്ഞാല്‍ ഫോണിനു വേണ്ട ഭാഗങ്ങള്‍ നിര്‍മിക്കുന്നത് വേറെ രാജ്യങ്ങളിലാണ്. ഇതിനാല്‍ തന്നെ അവയെ ഇന്ത്യയില്‍ നിര്‍മിക്കുന്നവയായി കണ്ട് എന്തെങ്കിലും നികുതി ഇളവോ മറ്റൊ ലഭിക്കാനുള്ള സാധ്യത തീരെയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇറക്കുമതി ചെയ്യുന്ന ഐഫോണും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണും തമ്മില്‍ വ്യത്യാസം ഇല്ല. ആപ്പിളിനിപ്പോള്‍ ഇന്ത്യയില്‍ വളര്‍ച്ചയുടെ കാലമാണ്. അപ്പോള്‍ അത് നിലനിര്‍ത്തുകയോ മുന്നോട്ടുകൊണ്ടുപോകുയോ വേണമെന്നാണ് കമ്പനിയുടെ ചിന്ത. അതിനായാണ് രാജ്യത്ത് ഐഫോണുകള്‍ നിര്‍മിക്കുന്നത്. പ്രധാനപ്പെട്ട ഉത്സവകാലങ്ങളിലെല്ലാം ഐഫോണുകള്‍ വിപണിയിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇത് ഉപകരിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഉത്സവകാലത്ത് ഐഫോണ്‍ 12 വിപണിയില്‍ സുലഭമായി ലഭിക്കുന്നു എന്നുറപ്പാക്കാനും ആപ്പിള്‍ ശ്രമിക്കും.
∙ എന്നാണ് പുതിയ ഐഫോണ്‍ വിലകുറച്ച് വാങ്ങാനാകുക?
മെയ്ഡ് ഇന്‍ ഇന്ത്യാ കോലാഹലത്തിനിടയിലും ഒരു കാര്യം വ്യക്തമാണ്- ഇറക്കുമതി ചെയ്യുന്ന ഐഫോണിനു നല്‍കുന്ന വില തന്നെ ഇന്ത്യന്‍ നിര്‍മിത ഫോണിനും നല്‍കേണ്ടതായി വരും. ഇതിന് ശരിക്കൊരു മാറ്റം വരണമെങ്കില്‍ ആപ്പിള്‍ ഇന്ത്യയില്‍ തന്നെ ഘടകഭാഗങ്ങളും നിര്‍മിച്ചു തുടങ്ങണം. അങ്ങനെയാണെങ്കില്‍ അത് വിലയിലും ഉറപ്പായും പ്രതിഫലിക്കും. ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഫോണ്‍ ഉണ്ടാക്കുന്ന രീതിമാത്രം നിലനിന്നാല്‍ വിലക്കുറവിനുള്ള സാധ്യത കുറവാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, പ്രാദേശികമായ നിര്‍മാണം കൊണ്ടുമാത്രം ഇന്ത്യയിലെ ഐഫോണ്‍ ആവശ്യക്കാര്‍ക്കു മുഴുവന്‍ ഫോണ്‍ നല്‍കാനാവില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിര്‍മിച്ച ഫോണുകളും ഇവിടെ വരും. കൂടാതെ, പ്രീമിയം മോഡലുകള്‍ ഇവിടെ നിര്‍മിച്ചു തുടങ്ങിയിട്ടുമില്ല.
∙ എന്തുകൊണ്ടാണ് ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ ഇത്ര വില?
ലോകത്തെ മറ്റു പല രാജ്യങ്ങളെയും വച്ച് ഐഫോണുകള്‍ക്ക് ഏറ്റവുമധികം വില നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. അതിന്റെ കാരണം വ്യക്തമാണ് - ആപ്പിള്‍ നല്‍കുന്ന കസ്റ്റംസ് ഡ്യൂട്ടി 22 ശതമാനമാണ്. ഇതിനൊപ്പം 18 ശതമാനം ജിഎസ്ടിയും കൂട്ടുമ്പോള്‍ എന്തു സംഭവിക്കും? ഐഫോണ്‍ പൂര്‍ണമായി നിര്‍മിച്ച് ഇറക്കുമതി ചെയ്താലും, ഘടകഭാഗങ്ങളെത്തിച്ച് കൂട്ടിയിണക്കി വിറ്റാലും ഇക്കാര്യങ്ങളില്‍ മറ്റമുണ്ടാവില്ല. അതേസമയം, ഓണ്‍ലൈന്‍ വില്‍പനശാലകളും, ആപ്പിളിന്റെ സ്വന്തം വെബ്‌സൈറ്റും മറ്റും ഐഫോണിനു വിലക്കുറവു നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. കൂടാതെ, ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ചില അവസരങ്ങളിലെങ്കിലും വിലകുറച്ച് ഐഫോണ്‍ വാങ്ങാനായേക്കുമെന്നു പറയുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ 42,500 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ (2020) മോഡല്‍ ഇപ്പോള്‍ 29,999 രൂപയക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകളില്‍ വലിയൊരു ശതമാനം കയറ്റുമതി ചെയ്യുന്നുവെന്നും അതു കുറച്ച് തങ്ങളുടെ ലാഭത്തില്‍ അല്‍പം കുറവു മതിയെന്നു വച്ചാല്‍ ഇന്ത്യയില്‍ വിലക്കുറവു നല്‍കാനായേക്കുമെന്നും പറയുന്നു. അതേസമയം, കൂടുതല്‍ ഐഫോണുകള്‍ ഇവിടെ നിര്‍മിച്ചു തുടങ്ങിക്കഴിയുമ്പോള്‍ കൂടുതല്‍ നികുതി ഇളവുകള്‍ ലഭ്യമാക്കുമോ എന്നും അറിയില്ല. അങ്ങനെ വന്നാല്‍ വില കുറഞ്ഞേക്കുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
English Summary: Despite Apple starts manufacturing in India, iPhone prices haven't come down. Why?