മിതമായ വിലയ്ക്ക് മികച്ചൊരു 5ജി ഫോൺ! ഗ്യാലക്സി എം14 – റിവ്യൂ
Mail This Article
മിതമായ വിലയ്ക്ക് മികച്ച ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിന്നിട്ടുള്ള ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്. ബജറ്റ് ഫോണുകളിൽ പോലും മികച്ച ഫീച്ചറുകളാണ് സാംസങ് നൽകുന്നത്. സാംസങ്ങിന്റെ എം സീരീസ് ഇന്ത്യയിൽ ജനപ്രിയവുമാണ്. ഇപ്പോൾ എം സീരീസിൽ കമ്പനി ഒരു സ്മാർട് ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു - ഗ്യാലക്സി എം14 5ജി. 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്‌മാർട് ഫോൺ വരുന്നത്. 15,000 രൂപയ്ക്ക് താഴെയുള്ള സെഗ്‌മെന്റിലെ മറ്റ് സ്മാർട് ഫോണുകളിൽ നിന്ന് സാംസങ് ഗ്യാലക്സി എം14 5ജി എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്ന് നമുക്ക് പരിശോധിക്കാം.
∙ ഡിസൈൻ
ഗ്യാലക്സി എം14 5ജിയുടെ പിൻഭാഗം പ്ലാസ്റ്റിക് ബോഡിയാണ്. വലിയ ബാറ്ററി കാരണം ഫോൺ കട്ടിയുള്ളതാണെന്ന് തോന്നും. എന്നാൽ ക്യാമറയുടെ ഭാഗം കാര്യമായി വലുതല്ല എന്നതാണ് മറ്റൊരു കാര്യം. ഭാരം 200 ഗ്രാമിന് മുകളിലാണെങ്കിലും കൈയിൽ പിടിക്കാൻ സൗകര്യപ്രദമാണ്. വലതുവശത്ത് ഒരു വോളിയം റോക്കറും പവർ ബട്ടണും ഉണ്ട്. പവർ ബട്ടൺ ഒരു ഫിംഗർപ്രിന്റ് സെൻസറായും ഉപയോഗിക്കുന്നു. ഇടതുവശത്ത്, മൈക്രോഎസ്ഡി കാർഡ് സ്ലോട്ടുള്ള ഡ്യുവൽ സിം സ്ലോട്ട് ഉണ്ട്. താഴെയാണ് 3.5 എംഎം ഓഡിയോ ജാക്ക്, പ്രൈമറി മൈക്രോഫോൺ, യുഎസ്ബി ടൈപ്പ്-സി ചാർജിങ് സ്ലോട്ട്, സ്പീക്കർ ഗ്രിൽ എന്നിവ കാണാം. മുകളിൽ, ബാക്ക്ഗ്രൗണ്ട് വോയിസ് ഒഴിവാക്കാനായി പ്രത്യേകം ഫീച്ചറുളള മൈക്രോഫോണും ഉണ്ട്.
∙ ഡിസ്പ്ലേ
ഫുൾ-എച്ച്‌ഡി+ (2408 x 1080 പിക്‌സൽ) റെസലൂഷനോടു കൂടിയ 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേ പാനലാണ് ഗ്യാലക്സി എം14 5ജിയിലുള്ളത്. ഡിസ്പ്ലേക്ക് 90Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. പീക്ക് ബ്രൈറ്റ്നസിനെക്കുറിച്ച് കമ്പനി ഒന്നും പരാമർശിച്ചിട്ടില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ സൂര്യപ്രകാശത്തിൽ മികച്ച കാഴ്ചാനുഭവം ഇത് നൽകുന്നില്ല. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേകൾ ഇഷ്ടപ്പെടാത്തവർക്ക് ഒരു പ്രത്യേക ആപ് ഉപയോഗിക്കുമ്പോൾ ക്യാമറ കട്ട്ഔട്ട് ഏരിയ ഒരു കറുത്ത ബാർ കൊണ്ട് മറയ്ക്കാനുള്ള ഓപ്ഷനുണ്ട്.
∙ പ്രോസസറും ഒഎസും
ഏറ്റവും പുതിയ 5nm എക്‌സിനോസ് 1330 പ്രോസസറാണ് സാംസങ് ഗാലക്‌സി എം14 5ജി നൽകുന്നത്. കൂടാതെ, ഇത് LPDDR4X RAM, USF അല്ലെങ്കിൽ യൂണിവേഴ്സൽ ഫ്ലാഷ് സ്റ്റോറേജ് 4.0 എന്നിവ പിന്തുണയ്ക്കുന്നുമുണ്ട്. റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് റാം 12 ജിബി വരെ ഉയർത്താം. ദൈനംദിന ജോലികളെല്ലാം വളരെ സുഖകരമായി കൈകാര്യം ചെയ്യാൻ ഈ ചിപ്‌സെറ്റിന് കഴിയുമെന്ന് പറയാം. പ്രോസസറിന്റെ പ്രകടനം നോക്കുമ്പോൾ 15,000 രൂപയിൽ താഴെയുള്ള സ്‌മാർട് ഫോണാണ് ഉപയോഗിക്കുന്നതെന്ന് ഒരിക്കലും തോന്നില്ല. വിഡിയോ ഗെയിമുകൾ കളിക്കാൻ മികച്ചതാണെങ്കിലും ദീർഘനേരം ഉപയോഗിക്കുമ്പോൾ ചൂടാകുന്നുണ്ട്. ആൻഡ്രോയിഡ് 13 കേന്ദ്രമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 5 ആണ് ഒഎസ്.
∙ ക്യാമറ
ഗ്യാലക്സി എം14 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ f/1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. എം സീരീസ് ഹാൻഡ്‌സെറ്റില്‍ 13 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ.
∙ ബാറ്ററി
എം14 5ജിയിലെ പ്രധാന ഫീച്ചറുകളിലൊന്നാണ് ബാറ്ററി. 6,000 എംഎഎച്ച് ആണ് ബാറ്ററി. കൂടാതെ 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. പൂജ്യം ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാൻ 90 മുതൽ 120 മിനിറ്റ് വരെ സമയമെടുക്കുന്നുണ്ട്. ഫുൾ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ഉപയോഗിക്കാം (ഉപയോഗത്തെ ആശ്രയിച്ച്). യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്. കോൾ ചെയ്യുമ്പോഴുള്ള പശ്ചാത്തല ശബ്‌ദം ഇല്ലാതാക്കാൻ സഹായിക്കുന്ന വോയ്‌സ് ഫോക്കസ് ഫീച്ചറും ഈ ഫോണിൽ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ സജ്ജീകരിച്ചിരിക്കുന്നു. 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റ് ഓപ്ഷനുകൾ.
English Summary: Samsung Galaxy M14 5G review