ഭൂമിയിലെ വീടു വിറ്റ് മനുഷ്യർ ചൊവ്വയിലേക്ക് പോകും, ആദ്യ യാത്രയ്ക്ക് 100 പേർ
Mail This Article
ഭൂമിയിലെ വീട് വിറ്റ് മനുഷ്യന്‍ ചൊവ്വയിലേക്ക് കുടിയേറുന്ന കാലം വരുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ എല്ലാവരും സംശയത്തോടെ നോക്കുമായിരിക്കും. എന്നാല്‍ ഇലോണ്‍ മസ്‌ക് പറഞ്ഞാല്‍ അതിലെന്തെങ്കിലും കാര്യമുണ്ടോ എന്നായിരിക്കും ലോകത്തിന്റെ ചോദ്യം. കാരണം അസംഭവ്യമെന്ന് ലോകം കരുതിയ പല സ്വപ്‌നങ്ങളും സാധ്യമാക്കിയിട്ടുള്ളയാളാണ് മസ്‌ക്.
ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റമെന്ന് പറഞ്ഞാല്‍ തന്നെ ഓടിയെത്തുന്ന പേരാണ് ഇലോണ്‍ മസ്‌കിന്റേത്. നാല് വര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യന്റെ കോളനി സ്ഥാപിക്കുകയാണ് മസ്‌കിന്റേയും അദ്ദേഹത്തിന്റെ കമ്പനി സ്‌പേസ് എക്‌സിന്റേയും പ്രഖ്യാപിത ലക്ഷ്യം. ആഗ്രഹിക്കുന്ന ആര്‍ക്കും ചൊവ്വയിലേക്ക് പോകാന്‍ അവസരമൊരുക്കുന്ന അത്രയും ചിലവ് കുറച്ച് ചൊവ്വാ യാത്ര സംഘടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
'ചൊവ്വയിലേക്ക് പോകാനാകുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഭാവിയില്‍ അഞ്ച് ലക്ഷം ഡോളറോ ചിലപ്പോള്‍ ഒരു ലക്ഷം ഡോളറിന് താഴെയോ ആയിരിക്കും ചൊവ്വാ യാത്രക്കു വരുന്ന ചിലവ്. വികസിത രാജ്യങ്ങളിലുള്ളവര്‍ക്ക് സ്വന്തം വീട് വിറ്റ് ചൊവ്വയിലേക്ക് കുടിയേറാന്‍ സാധ്യമാക്കുന്നതാണിത്.' ഇലോണ്‍ മസ്‌ക് തന്റെ സ്വപ്‌നം ട്വീറ്റ് ചെയ്യുന്നു.
നിരവധി വെല്ലുവിളികളാണ് മനുഷ്യന് ചൊവ്വയില്‍ നേരിടേണ്ടി വരികയെന്നത് വസ്തുതയാണ്. ഇനി അങ്ങനെ ചൊവ്വയിലെത്തിയ ആര്‍ക്കെങ്കിലും ഭൂമിയിലേക്ക് തിരിച്ചുവരണമെന്ന് തോന്നിയാല്‍ സൗജന്യമായി തിരിച്ചെത്തിക്കുമെന്ന ഓഫറും മസ്‌ക് മുന്നോട്ടുവെക്കുന്നു!
സ്‌പേസ് എക്‌സിന്റെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങളില്‍ നിര്‍ണ്ണായകമാകുന്ന സ്റ്റാര്‍ഷിപ്പിനെ മുന്നോട്ടു നയിക്കുന്ന റോക്കറ്റ് എൻജിന്‍ റാപ്ടറിന്റെ വിശദാംശങ്ങളും മസ്‌ക് പങ്കുവെച്ചു. ടെക്‌സാസിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തില്‍ നിന്നും ആറിലേറെ തവണ റാപ്ടര്‍ എൻജിനിന്റെ പരീക്ഷണം നടത്തിക്കഴിഞ്ഞു. എന്റെ കാര്യക്ഷമത, ചേംബര്‍ പ്രഷര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങളും മസ്‌ക് പുറത്തുവിട്ടു.
18 നിലയുടെ വലിപ്പമുള്ള സ്റ്റാര്‍ഷിപ്പില്‍ ആറ് റാപ്ടര്‍ എൻജിനുകളുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം 22 നിലകളുടെ ഉയരമുള്ള റോക്കറ്റ് ബൂസ്റ്ററായ സൂപ്പര്‍ ഹെവി 31 റാപ്ടര്‍ എൻജിനുകളുടെ സഹായത്തിലാണ് കുതിക്കുക. മനുഷ്യന്റെ ചൊവ്വയിലേക്കുള്ള കുടിയേറ്റമെന്ന സ്വപ്‌ന പദ്ധതി മസ്‌ക് 2015ലാണ് ലോകത്തോട് പങ്കുവെച്ചത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 എന്ന പ്രധാന റോക്കറ്റിനെ കൂടുതല്‍ കാര്യക്ഷമവും ചിലവ് കുറഞ്ഞതുമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ ബഹിരാകാശത്തേക്ക് ഒരു തവണ ചരക്കെത്തിക്കുന്നതിന് 62 ദശലക്ഷം ഡോളറാണ് ഫാല്‍ക്കണ്‍ 9 ഈടാക്കുന്നത്. 25 ടണ്‍ ചരക്കാണ് ഒരു തവണത്തെ വിക്ഷേപണത്തില്‍ ഈ കൂറ്റന്‍ റോക്കറ്റ് ഭൂമിയുടെ പുറത്തെത്തിക്കുക. ഇത്രതന്നെ ഭാരം പത്തിലൊന്ന് ചിലവില്‍ ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു.
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് 100 ടണ്‍ ചരക്കും 100 മനുഷ്യരെയും വഹിച്ചുകൊണ്ട് ചൊവ്വയിലേക്ക് പോകാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറയുന്നതിന്റെ പ്രധാന കാരണം സ്റ്റാര്‍ഷിപ്പിനെ വീണ്ടും ഉപയോഗിക്കാമെന്നാണ്. റോക്കറ്റുകളില്‍ ഭൂരിഭാഗവും വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് കത്തിവീഴുകയാണ് പതിവ്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് റോക്കറ്റിനൊപ്പം നശിക്കുക. റോക്കറ്റുകളെ തിരിച്ചിറക്കി ഇതിനൊറരുതി വരുത്തിയത് സ്‌പേസ് എക്‌സും ഇലോണ്‍ മസ്‌കുമാണ്.
സ്റ്റാര്‍ഷിപ്പിന്റെ മറ്റൊരു പ്രത്യേകത ചൊവ്വയിലെത്തിയ ശേഷം അവിടെ നിന്നും ഇന്ധനം നിറക്കാമെന്നതാണ്. ദ്രവീകൃത മീഥെയ്‌നും ഓക്‌സിജനുമാണ് സ്റ്റാര്‍ഷിപ്പിന്റെ ഇന്ധനം. ഭൂമിയിലേക്ക് തിരിച്ചുള്ള യാത്രക്ക് ആവശ്യമായ ഇന്ധനം ചൊവ്വയില്‍ നിന്നും ലഭ്യമാകുമെന്നാണ് ഇലോണ്‍ മസ്‌ക് കരുതുന്നത്.
സ്റ്റാര്‍ഷിപ്പിന്റെ നിര്‍മാണത്തിനു ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാറ്റം വരുത്തിയും ചിലവ് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരം കുറഞ്ഞതും എന്നാല്‍ ബലമുള്ളതുമായ കാര്‍ബണ്‍ ഫൈബര്‍ സമ്മിശ്രങ്ങളാണ് നിലവില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉരുക്ക് ഉപയോഗിക്കാന്‍ ഇലോണ്‍ മസ്‌ക് തന്റെ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാര്‍ബണ്‍ ഫൈബറിന്റെ 66ല്‍ ഒന്ന് ചിലവ് മാത്രമേ ഉരുക്കിന് വരുന്നുള്ളൂ.
ചൊവ്വയിലേക്ക് ചരക്കുമായി ആദ്യ സ്റ്റാര്‍ഷിപ്പ് 2022ല്‍ പറന്നുയരുമെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രഖ്യാപനം. തൊട്ടടുത്ത വര്‍ഷം ജാപ്പനീസ് കോടീശ്വരന്‍ യുസാകു മസാവയും ഒരുകൂട്ടം കലാകാരന്മാരും ചന്ദ്രനെ ചുറ്റിവരും. ഇതെല്ലാം പ്രതീക്ഷിച്ച പടി നടന്നാല്‍ 2024ല്‍ ചൊവ്വാദൗത്യം സാധ്യമാകുമെന്നാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്.