ഭൂമിയും ബഹിരാകാശവും കീഴടക്കും പേടകവുമായി റഷ്യ, ചിത്രങ്ങൾ പുറത്ത്
Mail This Article
ദിവസങ്ങള്‍ക്ക് മുൻപ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് റഷ്യയുടെ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. റഷ്യയുടെ ബഹിരാകാശ റോക്കറ്റായ ബ്രിസ് എമ്മില്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഇതിന്റെ ചിത്രം പുറത്തുവന്നത്. 160 കിലോമീറ്റര്‍ വരെ ഉയരത്തിലും മണിക്കൂറില്‍ 8642 കിലോമീറ്റര്‍ വരെ വേഗത്തിലും സഞ്ചരിക്കാന്‍ ശേഷിയുണ്ട് ഇവക്ക്. ബഹിരാകാശത്തു മാത്രമല്ല, ഭൂമിയിലെ ചില പ്രതിരോധ ദൗത്യങ്ങൾക്കും ഈ പേടകം ഉപയോഗിക്കാൻ കഴിയും.
ഡ്രോണുകളുടെ ഗണത്തില്‍ പെടുത്താവുന്ന ഇവയെ പുനരുപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമ്പത് തവണ ഇവക്ക് പറക്കാന്‍ കഴിയുമെന്നാണ് നിര്‍മാണ കമ്പനിയുടെ അവകാശവാദം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസല്ല ഈ ബഹിരാകാശ പേടകത്തിന്റെ നിര്‍മാതാക്കള്‍. റഷ്യന്‍ കമ്പനിയായ ISON ആണ് ഈ ബഹിരാകാശത്തെത്തുന്ന ഡ്രോണ്‍ നിര്‍മിക്കുക. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ISONന് ദശലക്ഷക്കണക്കിന് റൂബിളാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് അനുവദിച്ചത്.
ഈ ഡ്രോണിന്റെ എല്ലാഭാഗങ്ങളും നിര്‍മിക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതും റഷ്യയിലായിരിക്കുമെന്ന് ISON ജനറല്‍ ഡയറക്ടര്‍ യൂറി ബക്‌വാലോവ് വ്യക്തമാക്കി. റോക്കറ്റിന്റെ സഹായത്തില്‍ നിശ്ചിത ഉയരത്തിലെത്തിച്ച ശേഷമായിരിക്കും ഡ്രോണ്‍ ബഹിരാകാശത്തേക്ക് കുത്തനെ പറന്നുയരുക. പാരച്യൂട്ട് വഴിയായിരിക്കും ഇവയുടെ ഭൂമിയിലേക്കുള്ള തിരിച്ചിറക്കം.
റഷ്യയുടെ നിര്‍മാണത്തിലുള്ള ഏക ഹൈപ്പര്‍സോണിക് എയര്‍ക്രാഫ്റ്റല്ല ഇത്. റഷ്യന്‍ വിമാനകമ്പനിയായ മിഗിന്റെ സിഇഒ അവര്‍ ഹൈപ്പര്‍സോണിക് മിലിറ്ററി ജെറ്റ് വിമാനത്തിന്റെ നിര്‍മാണത്തിലാണെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഈ ജെറ്റ് വിമാനത്തിനും ബഹിരാകാശത്തെത്താനുള്ള ശേഷിയുണ്ടാകും. 2035-40 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് മിഗ് ലക്ഷ്യമിടുന്നത്.