ADVERTISEMENT

മറ്റൊരു കാലത്തുമില്ലാത്തതു പോലെ സയന്‍സ് ഫിക്ഷന്റെ പ്രാധാന്യം വര്‍ധിക്കുകയാണ് ഇപ്പോള്‍. നല്ല ശാസ്ത്ര കഥകളെഴുത്തുകാര്‍ക്ക് ഭാവി ഉരുത്തിരിയുന്നതില്‍ ഒരു പങ്കുവഹിക്കാനാകുമെന്നാണ് ഒരു വിശ്വാസം പോലും. എന്തായാലും 'മെയ്ട്രിക്‌സ്' സിനിമകള്‍ കണ്ടവര്‍ ഓര്‍മിച്ചേക്കാവുന്ന രീതിയിലുള്ള ഒരു മാറ്റം വരാന്‍ പോകുകയാണത്രെ. ഒരു വിഷയത്തെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ ക്ലൗഡ് കംപ്യൂട്ടിങ് നെറ്റ്‌വര്‍ക്കുകളുമായി തത്സമയം ബന്ധപ്പെട്ട് ലോകത്തെ അറിവിന്റെ ഖനികളിലേക്ക് കടന്നു ചെല്ലാനുള്ള ശേഷി ഭാവിയില്‍ മനുഷ്യന്റെ തലച്ചോറിനു കിട്ടാന്‍ പോകുന്നുവെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്.

'ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂറോസയന്‍സ്' എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിലാണ് നാനോടെക്‌നോളജിയിലും നാനോമെഡിസിനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും കംപ്യൂട്ടിങ്ങിലും വന്നുകൊണ്ടിരിക്കുന്ന ക്രമാതീതവും ശക്തവുമായ വളര്‍ച്ച ഈ നൂറ്റാണ്ടില്‍ തന്നെ മനുഷ്യ മസ്തിഷ്‌കവും/ക്ലൗഡ് ഇന്റര്‍ഫെയ്‌സുമായി ('Human Brain/Cloud Interface' (B/CI) ബന്ധപ്പെടുന്ന കാര്യം സാധ്യമാക്കുകയത്രെ. ഈ ബി/സിഐ സങ്കല്‍പം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത് ഭാവി പ്രവചനം നടത്തുന്നതില്‍ മുൻപനായ റേ കുര്‍സ്‌വെയ്ല്‍ (Ray Kurzweil) എന്ന എഴുത്തുകാരനാണെന്നു പറയപ്പെടുന്നു. അദ്ദേഹം പറയുന്നത് ന്യൂറല്‍ നാനോറോബോട്ടുകള്‍ ഉപയോഗിച്ച് മനുഷ്യമസ്തിഷ്‌കത്തിലെ നിയോകോര്‍ട്ടെക്‌സും ക്ലൗഡിലുള്ള കൃത്രിമ (സിന്തെറ്റിക്) നിയോകോര്‍ട്ടെക്‌സുമായി ബന്ധപ്പെടാം എന്നാണ്.

മനുഷ്യന്റെ തച്ചോറിന്റെ ഏറ്റവും സാമര്‍ഥ്യമുളള, 'ബോധമുള്ള' ഭാഗമാണ് നിയോകോര്‍ട്ടെക്‌സ്. ചുളിവുകളുള്ള ഈ ഭാഗമാണ് ഏറ്റവും സ്മാര്‍ട് എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെയും ബെര്‍ക്കലെയിലെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊളിക്യുലര്‍ മാനുഫാക്ചറിങ്ങിലെയും ഗവേഷകര്‍ പറയുന്നത്. പുതിയ ഗവേഷണ പ്രബന്ധം എഴുതിയ മുതിര്‍ന്ന ഗവേഷകനായ റോബര്‍ട്ട് ഫ്‌റെയ്റ്റാസ് മുന്നോട്ടു വയ്ക്കുന്ന ആശയം നാനോറോബോട്ടുകള്‍ക്ക് നേരിട്ടുള്ളതും തത്സമയവുമായ നിരീക്ഷണം നടത്താനും തലച്ചോറിലെ കോശങ്ങളിലെത്തുന്ന വിവരത്തെ നിയന്ത്രിക്കാനുമാകുമെന്നാണ്. ഈ നാനോ റോബോട്ടുകള്‍ക്ക് തലച്ചോറിലെ കോശങ്ങള്‍ക്കിടയിലോ, ഉള്ളിലോ പോലും തങ്ങളെ പ്രതിഷ്ഠിക്കാനാകുമെന്നും പ്രബന്ധം പറയുന്നു. പിന്നീട് അവ എന്‍കോഡു ചെയ്ത വിവരങ്ങള്‍ ഒരു ക്ലൗഡ് കേന്ദ്രീകൃത സൂപ്പര്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലേക്കും തിരിച്ചും വയര്‍ലെസായി എത്തിക്കും. അവയ്ക്ക് തത്സമയം തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ഡേറ്റ വേര്‍പ്പെടുത്തിയെടുക്കാനുമുള്ള കഴിവുണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ക്ലൗഡിലുള്ള ഈ കോര്‍ട്ടെക്‌സിന്, 'മെയ്ട്രിക്‌സ്' സിനിമകളില്‍ കണ്ടതു പോലെ വിവരം ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ന്യൂറല്‍നാനോറോബോട്ടുകള്‍ നിയന്ത്രിക്കുന്ന, മനുഷ്യ ബി/സിഐ സിസ്റ്റത്തിന് ക്ലൗഡിലുള്ള അറിവിന്റെ കൂമ്പാരിത്തിലേക്ക് തത്സമയം കടന്നുചെല്ലാനാകും. ഇതിലൂടെ മനുഷ്യന്റെ ബുദ്ധിയെയും മനസ്സിലാക്കാനുള്ള കഴിവിനെയും ടര്‍ബോ ബൂസ്റ്റു ചെയ്യാമെന്നാണ് ഗവേഷകരുടെ വാദം.

പൊതു ചിന്ത

പ്രാവര്‍ത്തികമാകുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ, നൂതന ആശയങ്ങള്‍ പുതിയ സാധ്യതകള്‍ തുറന്നിടുന്നുവെന്ന കാര്യം മറക്കാനാവില്ല. ബി/സിഐ സാങ്കേതികവിദ്യയുടെ ഒരു സാധ്യതയായി ഈ ഗവേഷകര്‍ പറയുന്നത് അധികം പറഞ്ഞു കേള്‍ക്കാത്ത ഒരാശയമാണ്. ഈ സാങ്കേതിക വിദ്യയിലൂടെ ഒരു ആഗോള സൂപ്പര്‍തലച്ചോറിനെ ('global superbrain') സൃഷ്ടിക്കാനാകുമെന്നാണ്. ഇതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടപെടലിലൂടെ, ന്യൂറല്‍നാനോറോബോട്ടുകള്‍ നിയന്ത്രിക്കുന്ന വ്യക്തികളുടെ തലച്ചോറുകളുമായി ബന്ധപ്പെട്ട് പൊതു ചിന്ത (collective thought) ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നു പറയുന്നു.

വേണ്ടത്ര പരിഷ്‌കാരം ഇല്ലെങ്കിലും ഈ തരത്തിലൂള്ള പരീക്ഷണാടിസസ്ഥാനത്തിലുള്ള ഒരു മനുഷ്യ ബ്രെയിൻനെറ്റ് ( 'BrainNet') സിസ്റ്റം തങ്ങള്‍ പരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ചിന്തയിലൂടെ ഒരു വ്യക്തിയുടെ തലച്ചോറും ക്ലൗഡ് കംപ്യൂട്ടിങ് സിസ്റ്റങ്ങളുമായി വിവരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്താനായി എന്നാണ് ഗവേഷകന്‍ പറയുന്നത്. ന്യൂറല്‍നാനോ റോബോട്ടിക്‌സില്‍ വരുന്ന മുന്നേറ്റം ഭാവിയില്‍ സൂപ്പര്‍ബ്രെയിൻ സൃഷ്ടിക്കാതിരിക്കാനുള്ള സാധ്യത തങ്ങള്‍ കാണുന്നില്ല എന്നാണ് അവര്‍ പറയുന്നത്. അവബോധം പങ്കുവയ്ക്കാനാകുമ്പോള്‍ (share cognition) ജനാധിപത്യത്തെ വിപ്ലവകരമായി മാറ്റിമറിക്കും. മറ്റൊരാളുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് വര്‍ധിക്കുമ്പോള്‍ മനുഷ്യർ തമ്മിലുള്ള കലഹങ്ങള്‍ കുറയാം. സാംസാകാരികമായി വൈവിധ്യമുള്ള സമൂഹങ്ങള്‍ ഒരുമിച്ചു വന്ന്, മഹത്തരമായ ഒറ്റ ആഗോള സമൂഹമാകാമെന്നും ഗവേഷകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com