രണ്ടാം ചൈനീസ് നിലയവും ഭൂമിയിലേക്ക് വീണു, കത്തിയമർന്നത് പസിഫികിന് മുകളിൽ– വിഡിയോ
Mail This Article
ചൈനയുടെ രണ്ടാം ബഹിരാകാശ നിലയവും ഭൂമിയിലേക്ക് പതിച്ചു. ടിയാൻഗോങ്–2 എന്ന ബഹിരാകാശ നിലയം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈനയുടെ രണ്ടാം ബഹിരാകാശ നിലയം ടിയാൻഗോങ്–2 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിതീർന്നത്. പസിഫിക്കിനു മുകളിൽ വച്ചാണ് ടിയാൻഗോങ്–2 കത്തിയമർന്നത്. ശേഷിക്കുന്ന ഭാഗങ്ങൾ സമുദ്രത്തിൽ വീണു. എല്ലാം ചൈനീസ് ഗവേഷകരുടെ നിയന്ത്രണത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. ടിയാൻഗോങ്–1 ഭൂമിയിലേക്ക് വന്നപ്പോൾ ചൈനയുടെ ഗവേഷകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാൽ ടിയാൻഗോങ്–2 നിയന്ത്രിച്ച് ഇല്ലാതാക്കുന്നതിൽ ചൈന വിജയിച്ചു.
ടിയാൻഗോങ്–1 ബഹിരാകാശ നിലയം ഭൂമിയിൽ പതിച്ചതിനു പിന്നാലെയാണ് രണ്ടാം ബഹിരാകാശ നിലയവും ഇല്ലാതായിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ ടിയാൻഗോങ്–2 എന്ന നിലയം ഏകദേശം 100 കിലോമീറ്ററോളം ഭൂമിയിലേക്ക് താഴ്ന്നത് വൻ ഭീതിയുണ്ടാക്കിയിരുന്നു. എന്നാൽ ടിയാൻഗോങ്–2 നേരത്തെയുള്ള നിലയത്തിനേക്കാൾ നിയന്ത്രിതമായിരുന്നു.
ഭൂമിയില്‍ നിന്ന് 380–386 കിലോമീറ്റർ പരിധിയിലായിരുന്ന ടിയാൻഗോങ്–2 ദിവസത്തോളം 292–297 കിലോമീറ്റർ പരിധിയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ചൈനയ്ക്ക് നിയന്ത്രിക്കാൻ സാധിച്ചതിനാൽ പലപ്പോഴും പഴയ ഓർബിറ്റിൽ തന്നെ തിരിച്ചെത്തിക്കാൻ സാധിച്ചിരുന്നു. ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ നിലയമാണ് ടിയാൻഗോങ്–2. 2016 സെപ്റ്റംബർ 15ന് മാർച്ച് 2എഫ് റോക്കറ്റിലാണ് നിലയം വിക്ഷേപിച്ചത്.
ചൈന പരീക്ഷണാടിസ്ഥാനത്തിൽ അയച്ച രണ്ടാമത്തെ സ്പെയ്സ് സ്റ്റേഷനായിരുന്നു ടിയാൻഗോങ്–2. മൂന്ന് വർഷം മുൻപ് സെപ്റ്റംബർ 16ന് ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറിയായിരുന്നു ഇതിന്റെ യാത്ര. 34 അടിയാണ് സ്റ്റേഷന്റെ നീളം. 14 അടി വീതിയുള്ള പേടകത്തിന് ഏകദേശം 8600 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 2022ഓടെ ഒരു സ്ഥിരം സ്പെയ്സ് സ്റ്റേഷൻ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചൈനയുടെ ടിയാൻഗോങ് വിക്ഷേപിച്ചിരുന്നത്. ടിയാൻഗോങ് എന്നാൽ ‘സ്വർഗം പോലൊരു കൊട്ടാരം’ എന്നാണർഥം. എന്നാൽ പദ്ധതിയിലെ ആദ്യ രണ്ടു പരീക്ഷണ പേടകങ്ങളും നരകസമാനമായ ദുഃസ്വപ്നമാണു ചൈനയ്ക്കു സമ്മാനിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസിഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നത് 2018 ഏപ്രിൽ രണ്ടിനായിരുന്നു. ഏപ്രിൽ രണ്ട്, തിങ്കൾ പുലർച്ചെ പന്ത്രണ്ടേകാലോടെ (ബെയ്ജിങ് സമയം രാവിലെ 8.15) നിലയം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചു പൂർണമായും എരിഞ്ഞമർന്നു. എന്നാൽ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഭൂമിയിൽ പതിച്ചതായി ഇപ്പോഴും റിപ്പോർട്ടുകളില്ല.
2016 സെപ്റ്റംബര്‍ 14 നാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻഗോങ്–1. ‘സ്വർഗ സമാനമായ കൊട്ടാരം’ എന്നാണു പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.