ADVERTISEMENT

ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കാനൊരുങ്ങുന്ന വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനിയാണ് ലോകത്തെ ആദ്യ ബഹിരാകാശ താവളം തുറന്നിരിക്കുന്നത്. റിച്ചാര്‍ഡ് ബ്രാന്‍സന്റെ ബഹിരാകാശ ഗവേഷണ കമ്പനി ന്യൂമെക്‌സികോ മരുഭൂമിയിലാണ് ബഹിരാകാശ താവളം തുടങ്ങിയിരിക്കുന്നത്. ഇവിടെ നിന്നും യാത്രികരുമായി പുറപ്പെടുന്ന വിമാനങ്ങള്‍ ബഹിരാകാശം ലക്ഷ്യമിട്ടായിരിക്കും കുതിക്കുക.

 

രണ്ട് നിലകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് ബഹിരാകാശ താവളത്തിനായി ഒരുക്കിയിരിക്കുന്നത്. മിഷന്‍ കണ്‍ട്രോള്‍ ഭാഗത്തിന് പുറമേ പൈലറ്റുമാര്‍ക്ക് ഒരുങ്ങാനുള്ള ഭാഗവും ബഹിരാകാശ ടൂറിസ്റ്റുകള്‍ക്കും അവരെ യാത്രയയക്കാനെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വിര്‍ജിന്‍ ഗാലക്ടികിന്റെ റോക്കറ്റിനേയും വഹിച്ച് പറക്കുന്ന ഇരട്ട വിമാനങ്ങള്‍ക്കും റോക്കറ്റിനുമായി കൂറ്റന്‍ മുറിയും സജ്ജമാക്കിയിട്ടുണ്ട്.

 

Gateway-to-Space-Virgin-Galactic

കുറച്ച് പരീക്ഷണപറക്കലുകള്‍ കൂടി നടത്തിയാല്‍ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശ യാത്ര സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് കോടീശ്വരനും ന്യൂമെക്‌സിക്കോ ഗവര്‍ണറുമായിരുന്ന റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശ താവളമെന്ന ആശയം പരസ്യമാക്കുന്നത്. പലതരത്തിലുള്ള പ്രതിസന്ധികളും ഇടയില്‍ വന്നെങ്കിലും ബ്രാന്‍സന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുകയാണ്.

 

തങ്ങളുടെ ഇരട്ട വിമാനങ്ങള്‍ ന്യൂമെക്‌സിക്കോയിലെ ബഹിരാകാശ താവളത്തില്‍ ഇറങ്ങിയതായും ഇനിയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രം ഈ ബഹിരാകാശ താവളമായിരിക്കുമെന്നും വിര്‍ജിന്‍ ഗാലക്ടിക് കഴിഞ്ഞയാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു. പരിശീലന പറക്കലുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ആദ്യ ബഹിരാകാശ യാത്രയുടെ തീയതി പ്രഖ്യാപിക്കുമെന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞത്. 

 

ഇതുവരെ വിര്‍ജിന്‍ ഗാലക്ടിക്കിന് കീഴില്‍ ബഹിരാകാശത്ത് പോകാനായി 600 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. രണ്ടര ലക്ഷം ഡോളറാണ് (ഏകദേശം 1.77 കോടിരൂപ) ബഹിരാകാശ യാത്രയുടെ ടിക്കറ്റ് തുക. നടുവില്‍ ഘടിപ്പിച്ച റോക്കറ്റുമായാണ് വിര്‍ജിന്‍ ഗാലക്ടിക്കിന്റെ  ഇരട്ട വിമാനങ്ങള്‍ പറന്നുയരുക. നിശ്ചിത ഉയരത്തിലെത്തിയ ശേഷം റോക്കറ്റുമായുള്ള ബന്ധം വിച്ഛേദിക്കുകയും റോക്കറ്റ് മുന്നോട്ട് കുതിക്കുകയും ചെയ്യും. ഏറ്റവും ഒടുവിലായി നടത്തിയ പരിശീലന പറക്കലില്‍ 90 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇത്തരത്തില്‍ വിജയകരമായി റോക്കറ്റിനെ തൊടുക്കാന്‍ ഇവര്‍ക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com