ADVERTISEMENT

കൊറോണവൈറസിനെ തുടര്‍ന്ന് ആഗോള തലത്തില്‍ 14.7 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും 3.8 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 2,85,61,750 കോടി രൂപ) സാമ്പത്തിക ആഘാതമുണ്ടാക്കിയെന്നും പഠനം. സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആഗോള സാമ്പത്തിക വ്യവസ്ഥക്ക് കോവിഡ് ഏല്‍പിച്ച ആഘാതങ്ങളെക്കുറിച്ച് ആദ്യമായാണ് പഠനം നടന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ കാരണ വിവിധ രാജ്യങ്ങൾ മറ്റു ചില ദുരന്തങ്ങളും നേരിടേണ്ടിവന്നേക്കും. സമ്പദ്മേഖലയെ തകർത്ത കൊറോണവൈറസ് മിക്ക രാജ്യങ്ങൾക്കും വരും വർഷങ്ങളിൽ വന്‍ ദുരന്തമായിരിക്കും സമ്മാനിക്കുക.

 

ആഗോളതലത്തില്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ കോവിഡ് വലിയ തോതില്‍ കുറച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടവും വരുമാനത്തിലെ കുറവുമാണ് ഇതിന് പ്രധാന കാരണങ്ങളായത്. ജനങ്ങളുടെ വരുമാനത്തില്‍ ആകെ 2.1 ട്രില്യണ്‍ ഡോളറാണ് കുറവുവന്നത്. രാജ്യാന്തര തലത്തില്‍ ജനങ്ങളുടെ വരുമാനത്തിലുള്ള കുറവാണ് 536 ബില്യണ്‍ ഡോളറിന്റെ വരുമാന കുറവുണ്ടാക്കിയത്. 

china-vaccine

തൊഴിലാളികളില്‍ തന്നെ ചില പ്രത്യേക വിഭാഗക്കാരെ ഇത് കൂടുതല്‍ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. അവിദഗ്ധ, കുടിയേറ്റ തൊഴിലാളികളുടെ ജീവിതമാണ് കോവിഡ് വലിയ തോതില്‍ തകര്‍ത്തുകളഞ്ഞതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വിടവ് കോവിഡ് വര്‍ധിപ്പിക്കുമെന്നും ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

 

കോവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആഘാതമേറ്റത് യൂറോപ്, അമേരിക്ക, ചൈന എന്നിവിടങ്ങളിലാണ്. ഏറ്റവും മോശമായി കോവിഡ് പ്രതിഫലിച്ചത് ഗതാഗതം, ടൂറിസം മേഖലകളുമാണ്. എങ്കിലും പ്രത്യക്ഷമായും പരോക്ഷമായും കോവിഡ് ബാധിക്കാത്ത മേഖലകളും രാജ്യങ്ങളും ചുരുക്കമാണെന്നും പഠനം ഓര്‍മിപ്പിക്കുന്നു.

 

ദോഷങ്ങള്‍ക്കൊപ്പം അപൂര്‍വം ചില ഗുണഫലങ്ങളും കോവിഡ് വഴിയുണ്ടായിട്ടുണ്ട്. ഹരിതഗൃഹവാതങ്ങളുടെ അളവ് 2.5 ജിഗാ ടണ്‍ കുറഞ്ഞിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ ലോക്ഡൗണുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതോടെ വാഹന ഗതാഗതം കുറഞ്ഞതും ഫാക്ടറികള്‍ അടക്കുകയോ പ്രവര്‍ത്തനസമയം കുറക്കുകയോ ചെയ്തതാണ് പ്രധാനമായും ഹരിതഗൃഹവാതങ്ങളുടെ അളവ് കുറച്ചത്.

wuhan-officials-have-revised-the-citys-coronavirus-death-toll3

 

ആഗോള സമ്പദ് വ്യവസ്ഥയെ 15 ശതമാനം ഇടിച്ചു താഴ്ത്തിയ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെന്നാണ് കോവിഡ് 19നെ പഠനത്തിന് പിന്നിലെ ഗവേഷക സംഘാംഗമായ ഡോ. അരുണിമ മാലിക് വിശേഷിപ്പിക്കുന്നത്. 

 

ജനുവരിയോടെയാണ് ചൈനയിലെ വുഹാനില്‍ കോവിഡ് ശക്തിപ്രാപിക്കുന്നത്. ഏപ്രില്‍ ആദ്യത്തോടെ പല ലോകരാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാനായി ലോക്ഡൗണുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്താകെ 300 കോടിയോളം പേരാണ് ലോക്ഡൗണിലായത്. ഇന്ത്യയില്‍ മാത്രം നൂറ് കോടിയോളം പേരാണ് കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ അനുഭവിച്ചത്. 

 

സഞ്ചാര- സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ വന്നതോടെ പല സ്ഥാപനങ്ങളും വീടുകളില്‍ ഇരുന്നുകൊണ്ടുള്ള ജോലി അനുവദിച്ചു. ചിലത് ഭാഗീകമായി പൂട്ടുകയോ പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തു. വിമാന ഗതാഗതം അടക്കമുള്ളവയെ വലിയ തോതില്‍ ബാധിച്ചു. വിനോദസഞ്ചാര- ഗതാഗത മേഖലകളില്‍ തിരിച്ചടി രൂക്ഷമായിരുന്നു. ആഗോള തലത്തിലുള്ള 38 മേഖലകളിലേയും 26 വ്യാവസായിക മേഖലകളിലേയും സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ ഇവര്‍ പഠനത്തിന്റെ ഭാഗമായി ശേഖരിച്ചു. 

 

പല മേഖലകളും രാജ്യങ്ങളും വിവിധ രീതിയിലാണ് കോവിഡിനെ തുടര്‍ന്നുള്ള പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വന്നത്. ഉദാഹരണത്തിന് ഗതാഗതം കുറഞ്ഞത് എണ്ണ വിപണിയില്‍ വന്ന മാന്ദ്യം ഒപെക് രാജ്യങ്ങളെയാണ് ബാധിച്ചത്. ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലുണ്ടായ കുറവിനെ തുടര്‍ന്നുണ്ടായ തൊഴില്‍മേഖലയിലെ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചൈനയേയും ഇന്ത്യയേയുമാണെന്നും പഠനം പറയുന്നു. രാജ്യാന്തര സയന്റിഫിക് ജേണലായ പ്ലൊസ് വണ്ണിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Covid-19 pandemic has cost the world's economy $3.8TRILLION 'and made 147 million people unemployed'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com