ADVERTISEMENT

ഭൂമിയില്‍ മാത്രമല്ല ഭൂമിക്ക് പുറത്തെ കാര്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന പുരാവസ്തു വിദഗ്ധരുണ്ട്. അത്തരത്തില്‍ ഒരാളായ ബഹിരാകാശ പുരാവസ്തു ഗവേഷകയാണ് ആലിസ് ഗോര്‍മാന്‍. ഭൂമിക്ക് ചുറ്റുമുള്ള മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങളും മനുഷ്യന്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള അന്യഗോളങ്ങളും മനുഷ്യന്റെ വിദൂര ബഹിരാകാശ യാത്രകളുമൊക്കെയാണ് ആലിസ് ഗോര്‍മാന്റെ മേഖലകള്‍. മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ആലിസ് ഗോര്‍മാന്റെ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപമാണ് താഴെ. 

 

യാത്രകള്‍ക്കിടെ ചന്ദ്രനില്‍ നമ്മള്‍ ബോധപൂര്‍വ്വം ഉപേക്ഷിച്ച വസ്തുക്കള്‍ നിരവധിയാണ്. എന്നാല്‍ നമ്മുടെ ശ്രദ്ധയില്‍ പെടാത്ത വസ്തുക്കളുമുണ്ടാകാം. ഒരിക്കല്‍ ചന്ദ്രനിലേക്കിറങ്ങുന്ന പേടകത്തിന്റെ ഭാഗമായുള്ള തെര്‍മല്‍ ബ്ലാങ്കെറ്റിന്റെ ഒരു ഭാഗം നമ്മളറിയാതെ ചന്ദ്രനില്‍ വീണിരുന്നു. അപ്പോളോ ദൗത്യത്തിന്റെ ഭാഗമായുള്ള ഒരു പരീക്ഷണ വാഹനം സൂര്യന് ചുറ്റും കറങ്ങുന്നുണ്ടെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. 

 

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയതിന്റെ എല്ലാ കാലടി പാടുകളും ആരെങ്കിലും തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോഴും അറിയില്ല. അങ്ങനെയൊന്ന് അവിടുണ്ടെന്ന് നമുക്കറിയാം. അപ്പോളോ ദൗത്യങ്ങള്‍ ഇറങ്ങിയ പ്രദേശത്തു നിന്നുള്ള മനുഷ്യന്റെ ബൂട്ടിട്ട കാലടി പാടുകളുടെ നിരവധി ചിത്രങ്ങള്‍ വന്നിട്ടുമുണ്ട്. എന്നാല്‍ ഈ കാലടികളെ ആരെങ്കിലും പഠിച്ചിട്ടുണ്ടോ? എങ്ങനെയാണ് മനുഷ്യന്‍ ചന്ദ്രനില്‍ സഞ്ചരിച്ചതെന്നതിന്റെ സൂചനകള്‍ ഈ പാടുകളില്‍ നിന്നും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഭൂമിയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ സഞ്ചാരികള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയുമോ?

 

മനുഷ്യര്‍ പറയുന്നതും യഥാര്‍ഥത്തില്‍ അവര്‍ ചെയ്തിരുന്നതും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയാണ് യഥാര്‍ഥത്തില്‍ പുരാവസ്തു ഗവേഷകര്‍ ചെയ്യുന്നത്. ചന്ദ്രനിലെ കാലടിപാടുകള്‍ പഠിക്കുന്നവര്‍ക്ക് സഞ്ചാരികള്‍ അവര്‍ പോലുമറിയാതെ ചെയ്ത പല കാര്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞേക്കാം. ആദ്യം ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ 11ലേയും അവസാനം ചന്ദ്രനിലിറങ്ങിയ അപ്പോളോ 17ലേയും യാത്രികരുടെ കാലടയാളങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ പോലും മനസിലാക്കാന്‍ സാധിച്ചേക്കാം. 

 

∙ ഭൂമിയില്‍ മാത്രമല്ല അങ്ങ് ചന്ദ്രനിലുമുണ്ട് പൈതൃക സംരക്ഷണം

 

മനുഷ്യന്‍ നേരത്തെ നടത്തിയ യാത്രകളുടെ ഫലമായുള്ള പല ശേഷിപ്പുകളും ചന്ദ്രനിലുണ്ട്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. അപ്പോളോ ദൗത്യങ്ങള്‍ ഇറങ്ങിയ ചന്ദ്രനിലെ അതേ പ്രദേശത്ത് സമീപ ഭാവിയില്‍ നിരവധി തവണ മനുഷ്യരും മനുഷ്യനിര്‍മിത യന്ത്രങ്ങളും ഇറങ്ങിയേക്കാം. 

 

ഇത്തരം പ്രദേശങ്ങളില്‍ നേരത്തെയുള്ള ദൗത്യങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ തൊട്ട് കാലടി പാടുകള്‍ വരെയുണ്ടാകാം. ഇവയില്‍ നിന്നും എന്തെങ്കിലും വസ്തുക്കള്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടു വരേണ്ടതുണ്ടോ? മുന്‍ യാത്രകളുടെ ബൂട്ടിന്റെ പാടുകള്‍ അടക്കമുള്ള തെളിവുകള്‍ക്ക് നശിപ്പിക്കുന്ന രീതിയില്‍ പുതിയ ദൗത്യങ്ങള്‍ ചെയ്യേണ്ടതുണ്ടോ? തുടങ്ങി നിരവധി കാര്യങ്ങളില്‍ നമുക്ക് വലിയ ധാരണകളില്ല. 

 

പുരാവസ്തു ഗവേഷണത്തിന്റെ ഒരു നിയമപ്രകാരം നിങ്ങള്‍ക്ക് ഒരു പ്രദേശത്തു നിന്നും എല്ലാ തെളിവുകളും ഇല്ലാതാക്കാനാകില്ല. എന്തെങ്കിലും തെളിവുകള്‍ അവിടെ ബാക്കിയായിരിക്കും. മാത്രമല്ല ഭാവിയില്‍ എന്തൊക്കെ സാങ്കേതികവിദ്യകള്‍ വികസിക്കാമെന്ന് നമുക്ക് ഇപ്പോള്‍ പറയാനും സാധിക്കില്ല. വസ്തുക്കളായി ചന്ദ്രനില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കാതെ അവയില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ മാത്രം ശേഖരിക്കുന്ന രീതി പരീക്ഷിച്ചുകൂടേ?

 

വേറെയും പലകാര്യങ്ങളില്‍ വ്യക്തത കുറവുണ്ട്. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനി ചന്ദ്രനിലേക്ക് പോയെന്നും അപ്പോളോ ഇറങ്ങിയ പ്രദേശത്ത് തന്നെ ഇറങ്ങിയെന്നും കരുതുക. അപ്പോളോ ഇറങ്ങിയ പ്രദേശത്തെ വസ്തുക്കള്‍ സ്‌പേസ് എക്‌സ് ശേഖരിക്കാനും പഠിക്കാനും തീരുമാനിച്ചാലോ? ഈ വസ്തുക്കളെല്ലാം ബഹിരാകാശ കരാര്‍ പ്രകാരം അമേരിക്കന്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കളും വിവരങ്ങളും സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനി ആരെങ്കിലുമായും പങ്കുവെക്കുമോ? ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇത്തരം വിഷയങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. 

 

∙ ചൊവ്വയിലെ ശവകുടീരം

 

മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലെത്തിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചൊവ്വയിലേക്കുള്ള ആദ്യ പടിയായാണ് നമ്മള്‍ ചന്ദ്രനിലേക്കുള്ള യാത്രയെ കരുതുന്നത്. മറ്റൊരു ഗ്രഹം നമ്മുടെ വാസസ്ഥലമായി ഭാവിയില്‍ മാറിയാല്‍ എന്തുസംഭവിക്കും? മറ്റൊരു ഗ്രഹത്തില്‍ പുതിയൊരു തലമുറ മനുഷ്യരുണ്ടാവുകയും ജീവിക്കുകയും മരിക്കുകയും ചെയ്താലോ?

 

സോവിയറ്റ് യൂണിയന്റെ സോയുസ് 11 ദൗത്യത്തിന്റെ ഭാഗമായി അപകടത്തില്‍ പെട്ട് മൂന്ന് ബഹിരാകാശ യാത്രികര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍, അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഭൂമിയില്‍ നിന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌പേസ് ഷട്ടില്‍ അപകടങ്ങള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും ഒന്നും ബഹിരാകാശത്ത് വെച്ചായിരുന്നില്ല. 

 

ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റം ചര്‍ച്ചയാകുമ്പോള്‍ അതിന്റെ അപകടവും വിഷയമാകാറുണ്ട്. അപകടത്തില്‍ പെട്ടാലും ഇല്ലെങ്കിലും ചൊവ്വയില്‍ മനുഷ്യന്‍ പോവുകയും ജീവിതം തുടങ്ങുകയും ചെയ്താല്‍ മരണങ്ങളുമുണ്ടാകും. ചൊവ്വയിലും ശവകുടീരങ്ങളുണ്ടാകും.

 

ചന്ദ്രനില്‍ ഇപ്പോള്‍ തന്നെ ജീവനാശം സംഭവിച്ചിട്ടുണ്ട്. ചൈന അയച്ച ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിത്തുകള്‍ക്ക് നശിച്ചത് ചന്ദ്രനില്‍ വെച്ചായിരുന്നു. ഭൂമിക്ക് പുറത്തേക്ക് ഇപ്പോള്‍ തന്നെ മനുഷ്യന്‍ മരണമെത്തിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യും. 

 

∙ 2069ലെ ചന്ദ്രന്‍

 

ചന്ദ്രനിലെ അമ്പതിലേറെ പ്രദേശങ്ങളില്‍ മനുഷ്യനിര്‍മിത വാഹനങ്ങളോ മനുഷ്യരോ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയുമാണ്. എന്നാല്‍ ജപ്പാനും ചൈനയും ഇന്ത്യയുമെല്ലാം ചെറുതെങ്കിലും തങ്ങളുടെ പങ്കു വഹിച്ചിട്ടുമുണ്ട്. ഭാവിയില്‍ രാജ്യങ്ങളുടെ എണ്ണവും ചാന്ദ്ര ദൗത്യങ്ങളും കൂടും. 

 

ചന്ദ്രനില്‍ ഭാവിയില്‍ ഖനികളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 200 കോടി വര്‍ഷങ്ങളായി സൂര്യപ്രകാശമേല്‍ക്കാത്ത ഭാഗങ്ങള്‍ ചന്ദ്രനിലുണ്ട്. മനുഷ്യന് ഇന്ധനമാക്കി മാറ്റാന്‍ സാധിക്കുന്ന മഞ്ഞുരൂപത്തിലുള്ള ജലം അവിടെയുണ്ടായേക്കാം. ഭാവിയില്‍ ഇത്തരം ഭാഗങ്ങള്‍ ചാന്ദ്ര വ്യവസായ മേഖലകളായി മാറിയേക്കാം. 

 

ഇതുവരെ അഞ്ഞൂറോളം പേര്‍ ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. 12 പേര്‍ ചന്ദ്രനിലും ഇറങ്ങിയിട്ടുണ്ട്. ഭാവിയില്‍ നൂറുകണക്കിനോ ആയിരക്കണക്കിനോ പേര്‍ ചന്ദ്രനിലേക്ക് പോകാം. ചന്ദ്രനിലേക്കുള്ള വിനോദസഞ്ചാരം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലാതാകാം. ചന്ദ്രനില്‍ നടത്തിയ വീരകൃത്യങ്ങളെക്കുറിച്ച് വീമ്പിളക്കുന്നവരുടെ കഥകള്‍ കേട്ട് നമുക്ക് മടുക്കുന്ന ഒരുകാലവും വരാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ചന്ദ്രന്‍ അന്റാര്‍ട്ടിക്ക പോലെയാണ് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ്, എന്നാല്‍ അത് നമ്മുടെ ലോകത്തിന് പുറത്തല്ല.

 

English Summary: Footprints on the Moon and cemeteries on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com