ചന്ദ്രനിൽ കരുതിയതിലും കൂടുതല്‍ ലോഹ നിക്ഷേപമുണ്ടെന്ന് ശാസ്ത്രജ്ഞര്‍
Mail This Article
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ നേരത്തെ കരുതിയതിലും കൂടിയ അളവില്‍ ലോഹ നിക്ഷേപമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. നാസയുടെ എല്‍ആര്‍ഒ (ലൂണാര്‍ റികോണസന്‍സ് ഓര്‍ബിറ്റര്‍) റോബോട്ടിക് സ്‌പേസ് ക്രാഫ്റ്റാണ് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുൻപ് ഭൂമിയും ചന്ദ്രനും തമ്മിലുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ബന്ധത്തിന്റെ തെളിവാണിതെന്നും വിശേഷിപ്പിക്കപ്പെടുന്നു.
ചന്ദ്രന്‍ എങ്ങനെ ഉണ്ടായി എന്നതു സംബന്ധിച്ച് പതിറ്റാണ്ടുകളായി ശാസ്ത്രലോകത്ത് തര്‍ക്കങ്ങളുണ്ട്. ഏറ്റവും പ്രചാരമുള്ള വാദം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വയുടെ വലുപ്പത്തിലുള്ള കൂറ്റന്‍ ആകാശവസ്തു ഭൂമിയുമായി കൂട്ടിയിടിച്ചുവെന്നും ഇടിയുടെ ആഘാതത്തില്‍ ഭൂമിയില്‍ നിന്നും പലഭാഗങ്ങളും ചിതറി തെറിച്ചുവെന്നുമാണ്. ഇത് കാലാന്തരത്തില്‍ ഒന്നുചേര്‍ന്ന് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനായി തീരുകയും ചെയ്തു.
ഭൂമിയില്‍ നിന്നും കാണാവുന്ന ചന്ദ്രന്റെ തെളിഞ്ഞ ഭാഗത്ത് ഭൂമിയെ അപേക്ഷിച്ച് കുറഞ്ഞ അളവിലാണ് ലോഹങ്ങളുടെ സാന്നിധ്യമുള്ളത്. ഇത് ഭൂമിയില്‍ നിന്നും ചന്ദ്രന്‍ ഉണ്ടായെന്ന വാദത്തിനു വെല്ലുവിളിയാണ്. എന്നാല്‍, ചന്ദ്രനിലെ ഇരുണ്ടപ്രദേശങ്ങളില്‍ ഭൂമിയിലെ പാറകളില്‍ കാണപ്പെടുന്ന ലോഹങ്ങളേക്കാള്‍ കൂടുതല്‍ ലോഹ സാന്നിധ്യമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
എല്‍ആര്‍ഒയുടെ ഭാഗമായുള്ള മിനിയേച്ചര്‍ റേഡിയോ ഫ്രീക്വന്‍സി അഥവാ മിനി ആര്‍എഫ് എന്ന ഉപകരണം വഴിയാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ നിരീക്ഷണം നടത്തിയത്. ചന്ദ്ര ഉപരിതലത്തെക്കുറിച്ചും ഇരുണ്ട മേഖലകളിലെ മഞ്ഞുരൂപത്തിലുള്ള ജല സാന്നിധ്യത്തെക്കുറിച്ചും പഠിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അന്തരീക്ഷത്തിലേക്ക് വൈദ്യുത കണങ്ങള്‍ പുറപ്പെടുവിക്കാനുള്ള വസ്തുക്കളുടെ കഴിവ് തിരിച്ചറിയാനും ഈ ഉപകരണം വഴി തിരിച്ചറിഞ്ഞിരുന്നു.
ചന്ദ്രനിലെ ആഴമേറിയ ഗര്‍ത്തങ്ങളില്‍ ജലസാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിച്ചിരുന്നു. വൈദ്യുത കണങ്ങള്‍ പുറത്തേക്കുവരുന്നതിന്റെ അളവ് ചന്ദ്രനിലെ ചെറിയ ഗര്‍ത്തങ്ങളുടെ ആഴങ്ങളിലേക്ക് പോകുംതോറും വര്‍ധിച്ചുവരുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് രണ്ട് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ആഴമുള്ള ഗര്‍ത്തങ്ങളുടെ കാര്യത്തിലാണ്. അഞ്ച് മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴമുള്ള വന്‍ ഗര്‍ത്തങ്ങളില്‍ ഇങ്ങനെ വൈദ്യുത കണങ്ങള്‍ പുറത്തേക്ക് വരുന്നതില്‍ ഏതാണ്ട് തുല്യമായ അളവിലാണ്.
ചന്ദ്രന്റെ ആദ്യത്തെ നൂറുകണക്കിന് അടി ആഴത്തിലേക്ക് പോകും തോറും ലോഹങ്ങളുടെ സാന്നിധ്യം ഇരുണ്ട പ്രദേശത്തെങ്കിലും വര്‍ധിക്കുന്നുവെന്നാണ് പഠനത്തില്‍ നിന്നും ഗവേഷകരുടെ നിഗമനം. ഉല്‍ക്കകള്‍ വന്നിടിച്ചുണ്ടാകുന്ന ഗര്‍ത്തങ്ങളാണ് ഇതിന് തെളിവുകളാകുന്നത്. ഇതോടെ ചന്ദ്രനിലെ പല ഗര്‍ത്തങ്ങളും ലോഹങ്ങളുടെ കേന്ദ്രങ്ങളാണെന്ന സൂചനകളും ലഭിക്കുന്നു.
ചന്ദ്രന്റെ ഉല്‍പത്തിയും പരിണാമവും സംബന്ധിച്ച ചില അറിവുകള്‍ മാത്രമാണ് എല്‍ആര്‍ഒ വഴി ലഭിച്ചിരിക്കുന്നത്. എപ്പോഴും നിഴല്‍ വീണിരിക്കുന്ന ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലേക്ക് ലോഹസാന്നിധ്യത്തെക്കുറിച്ചുള്ള പഠനം നീട്ടാനാണ് നാസയുടെ തീരുമാനം. സൂര്യപ്രകാശം എത്താതെ തണുത്തുറഞ്ഞു കിടക്കുന്ന ചന്ദ്രനിലെ ഈ പ്രദേശങ്ങളില്‍ ജലസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത ഏറെയാണെന്നും കരുതപ്പെടുന്നുണ്ട്.
English Summary: Scientists say there are more metal deposits on the moon than previously thought