ADVERTISEMENT

ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ വ്യാഴാഴ്ച ഒരു വർഷം പൂർത്തിയാക്കി. എല്ലാ ഉപകരണങ്ങളും ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഏഴ് വർഷത്തോളം ഇത് പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ ഓൺ‌ബോർഡ് ഇന്ധനമുണ്ടെന്നും ബഹിരാകാശ ഏജൻസി ഇസ്‌റോ അറിയിച്ചു.

 

2019 ജൂലൈ 22 നാണ് ചന്ദ്രയാൻ -2 വിക്ഷേപിച്ചത്. കൃത്യമായി ഒരു വർഷം മുൻപ് ഓഗസ്റ്റ് 20 നാണ് ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത്. ലാൻഡറിന്റെ സോഫ്റ്റ്-ലാൻഡിങ് ശ്രമം വിജയിച്ചില്ലെങ്കിലും എട്ട് ശാസ്ത്രീയ ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന ഓർബിറ്റർ ചന്ദ്ര ഭ്രമണപഥത്തിൽ വിജയകരമായി വിന്യസിക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. ഓർബിറ്റര്‍ ചന്ദ്രനു ചുറ്റും ഇതുവരെ 4,400 ലധികം ഭ്രമണപഥങ്ങൾ പൂർത്തിയാക്കി. ക്യാമറ ഉൾപ്പടെയുള്ള ഉപകരണങ്ങൾ നിലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന അറിയിച്ചത്.

 

ബഹിരാകാശ പേടകം ആരോഗ്യകരമാണെന്നും സബ്സിസ്റ്റങ്ങളുടെ പ്രകടനം സാധാരണമാണെന്നും ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു. സമയത്തിന് ഓർബിറ്ററിന്റെ ഭ്രമണപഥം മാറ്റുന്നതിന് (ഒ‌എം) ഇന്ധനം ഉപയോഗിക്കേണ്ടിവരാറുണ്ട്. 2019 സെപ്റ്റംബർ 24 ന് ചന്ദ്രോപരിതലത്തിൽ നിന്നു 100 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ഓർബിറ്ററിനെ മാറ്റിയിരുന്നു. ഇനി ഭ്രമണപഥങ്ങൾ മാറ്റേണ്ടിവന്നില്ലെങ്കിൽ ഏഴ് വർഷത്തോളം പ്രവർത്തിക്കാനുള്ള ഇന്ധനം ഓർബിറ്ററിലുണ്ട്.

 

ചന്ദ്രോപരിതലത്തിലെ അജ്ഞാത ദക്ഷിണധ്രുവത്തിൽ റോവറിന്റെ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ചന്ദ്രയാൻ -2 ദൗത്യം. എന്നാൽ, വിക്രം ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു. ഉയർന്ന റെസല്യൂഷനുള്ള ക്യാമറകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ പേലോഡുകളാണ് ഓർബിറ്ററിലുള്ളത്.

 

പേലോഡുകളിൽ നിന്നുള്ള ഡേറ്റ ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഡേറ്റാ സെന്ററിൽ (ഐ‌എസ്‌എസ്ഡിസി) ഈ വർഷം ഡൗൺലോഡ് ചെയ്തതായി ഇസ്‌റോ അറിയിച്ചു. ഔദ്യോഗിക അവലോകനത്തിന്റെ മൂല്യനിർണയത്തിന് ശേഷം ഈ വർഷം അവസാനത്തോടെ പൊതുജനത്തിനു ഡേറ്റ ലഭ്യമാക്കും.

 

ഭൂപ്രകൃതി, ധാതുശാസ്‌ത്രം, ഉപരിതല രാസഘടന, തെർമോഫിസിക്കൽ സ്വഭാവസവിശേഷതകൾ, അന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ ചന്ദ്രനെക്കുറിച്ചുള്ള അറിവ് കൂടുതൽ വികസിപ്പിക്കുന്നതിനായാണ് ചന്ദ്രയാൻ -2 വിക്ഷേപിച്ചത്. 2008 ൽ വിക്ഷേപിച്ച ചന്ദ്രയാൻ -1 വഴി ചന്ദ്രനിലെ ഉപരിതല ജലത്തിന്റെ വ്യാപകമായ സാന്നിധ്യത്തെക്കുറിച്ചും ഉപരിതല ധ്രുവീയ-ഐസ് നിക്ഷേപത്തിന്റെ സൂചനയെക്കുറിച്ചും വ്യക്തമായ തെളിവുകൾ നൽകിയിരുന്നു.

 

English Summary: Chandrayaan-2 completes 1st year around Moon, has adequate fuel for 7 more: ISRO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com