സാറ്റ്‌ലൈറ്റുകളുടെ വെളിച്ചം ഭീഷണിയെന്ന് ഗവേഷകർ, ആകാശക്കാഴ്ച്ചകളെ മാറ്റിമറിക്കുമെന്ന് മുന്നറിയിപ്പ്
Mail This Article
ഭൂമിയില്‍ നിന്നും അധികം ഉയരത്തിലല്ലാതെ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കുന്നത് ജ്യോതിശാസ്ത്രത്തേയും വാനനിരീക്ഷണത്തേയും വലിയ തോതില്‍ ബാധിക്കുമെന്ന് പഠനം. ഭാവിയില്‍ മനുഷ്യനിര്‍മിത സാറ്റ്‌ലൈറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഭൂമിയില്‍ നിന്നുള്ള ആകാശത്തിന്റെ കാഴ്ച്ചയില്‍ പോലും മാറ്റമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വരുന്ന ദശാബ്ദത്തിനുള്ളില്‍ 1,07,000 സാറ്റ്‌ലൈറ്റുകള്‍ മനുഷ്യന്‍ വിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ ഇപ്പോഴത്തെ ആകാശക്കാഴ്ച്ചകളെ പോലും അത് മാറ്റിമറിക്കുമെന്നാണ് മുന്നറിയിപ്പ്.
അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ NOIRlabഉം അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയും സംയുക്തമായി സാറ്റ്‌ലൈറ്റ് കോണ്‍സ്റ്റലേഷന്‍സ് 1 (സാറ്റ്‌കോണ്‍1) എന്ന പേരില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ രണ്ട് വരെ ഒരു വെര്‍ച്വല്‍ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ജ്യോതിശാസ്ത്രജ്ഞരേയും സാറ്റ്‌ലൈറ്റ് ഓപറേറ്റര്‍മാരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരുന്നു ഇത്. വെര്‍ച്വല്‍ സാറ്റ്കോണ്‍1 വര്‍ക്‌ഷോപില്‍ 250ലേറെ ശാസ്ത്രജ്ഞരും എൻജിനീയര്‍മാരും സ്‌പേസ് എക്‌സ് അടക്കമുള്ള സാറ്റ്‌ലൈറ്റ് ഓപറേറ്റര്‍മാരുടെ പ്രതിനിധികളും പങ്കെടുത്തു. ഇതിന്റെ ഭാഗമായി സാറ്റ്‌കോണ്‍ 1 റിപ്പോര്‍ട്ട് ഓഗസ്റ്റ് 25നാണ് പുറത്തിറക്കിയത്.
മനുഷ്യ നിര്‍മിത സാറ്റ്‌ലൈറ്റുകള്‍ ഭൂമിയില്‍ നിന്നുള്ള വാനനിരീക്ഷണത്തെ തടസപ്പെടുത്തുമെന്ന ആശങ്ക കുറച്ച് വര്‍ഷങ്ങളായി ജ്യോതിശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നുണ്ട്. 2019 മെയ് മാസത്തില്‍ സ്‌പേസ് എക്‌സിന്റെ 60 സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകള്‍ ഒരു റോക്കറ്റില്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ജ്യോതിശാസ്ത്രജ്ഞര്‍ വ്യാപകമായി ഈ അപകടസാധ്യതയെക്കുറിച്ച് പ്രതികരിച്ചത്.
എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഭൂമിയില്‍ നിന്നും അധികം ഉയരത്തിലല്ലാതെ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാന്‍ സ്‌പേസ് എക്‌സ് തീരുമാനമെടുത്തത്. തങ്ങളുടെ സാറ്റ്‌ലൈറ്റുകള്‍ ഭൂമിയില്‍ നിന്നും കാണാനുള്ള സാധ്യത കുറവാണെന്നാണ് സ്‌പേസ് എക്‌സ് പ്രതികരിച്ചിരുന്നത്. എന്നാല്‍, വിക്ഷേപണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ സ്‌പേസ് എക്‌സ് സാറ്റ്‌ലൈറ്റുകള്‍ ഭൂമിയില്‍ നിന്നും ദൃശ്യമാകുന്നുവെന്ന് വാനനിരീക്ഷകര്‍ സ്ഥിരീകരിച്ചു. സാറ്റ്‌ലൈറ്റുകളുടെ പുറംഭാഗത്തെ ലോഹത്തില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുന്നതും ഇതിന് കാരണമായി. പലരും ഇത് പറക്കും തളികകളാണെന്ന് തെറ്റിദ്ധരിച്ചതായി അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
ഇത്തരം മനുഷ്യ നിര്‍മിത സാറ്റ്‌ലൈറ്റുകള്‍ നക്ഷത്രങ്ങളെ പോലെ ആകാശത്ത് ദൃശ്യമാകുമെന്നതാണ് വാനനിരീക്ഷകരും ജ്യോതിശാസ്ത്രവും നേരിടുന്ന വെല്ലുവിളിയാണ്. ഭൂമിയില്‍ നിന്നുള്ള വാന നിരീക്ഷണത്തെ ഇത് കൂടുതല്‍ വെല്ലുവിളിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. 2010ല്‍ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പുറത്തുവിട്ട അസ്‌ട്രോ2010 എന്ന റിപ്പോര്‍ട്ടിലാണ് ആദ്യമായി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ആഗോള വാര്‍ത്താവിനിമയ കമ്പനിയായ വണ്‍ വെബ് ഏതാണ്ട് ഭൂമിയില്‍ നിന്നും 1,200 കിലോമീറ്റര്‍ ഉയരത്തില്‍ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരം വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ പല ഭാഗത്തു നിന്നും രാത്രി സമയത്ത് കാണാനാകും. ഇത്തരം സാറ്റ്‌ലൈറ്റുകളുടെ സാന്നിധ്യം വാന നിരീക്ഷണത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. ആകാശത്തിന്റെ ഓരോ ഭാഗവും വാനനിരീക്ഷകര്‍ക്കും ജ്യോതിശാസ്ത്രത്തിനും വിലമതിക്കാനാകാത്ത വിവരങ്ങളുടെ ശേഖരമാണ്. താരതമ്യേന ഇരുണ്ട ഭാഗമെന്ന് കരുതിയ ഒരു പ്രദേശത്ത് 1995ല്‍ ഹബിള്‍ സ്‌പേസ് ടെലസ്‌കോപ് പത്ത് ദിവസത്തോളം നടത്തിയ നിരീക്ഷണത്തില്‍ ആയിരക്കണക്കിന് നക്ഷത്രസമൂഹങ്ങളെയാണ് കണ്ടെത്താനായത്.
ഭൂമിയോട് വളരെ അടുത്ത് സാറ്റ്‌ലൈറ്റുകളുടെ ഭ്രമണപഥം നിശ്ചയിക്കാതിരിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഉയരുന്ന നിര്‍ദേശങ്ങളിലൊന്ന്. 600 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സാറ്റ്‌ലൈറ്റുകളുടെ സ്ഥിരം ഭ്രമണപഥം പാടില്ലെന്നാണ് നിര്‍ദേശം. പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ലോഹങ്ങളും മറ്റും ഉപയോഗിച്ച് സാറ്റ്‌ലൈറ്റുകളുടെ പുറം ഭാഗം നിര്‍മിക്കരുത്. സാറ്റ്‌ലൈറ്റുകള്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതോടെ ഭൂമിയില്‍ നിന്നും കാണാനുള്ള സാധ്യത വര്‍ധിക്കുമെന്നത് കണക്കിലെടുത്താണിത്. ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്ന സാറ്റ്‌ലൈറ്റുകളുടെ കൃത്യമായ സ്ഥാനത്തെക്കുറിച്ചുള്ള വിവരം പങ്കുവെക്കുകയും വേണം. അങ്ങനെ ചെയ്താല്‍ വാന നിരീക്ഷകര്‍ക്ക് സാറ്റ്‌ലൈറ്റുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ഒന്നിച്ച് ശ്രമിച്ചാല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ മൂലം വാനനിരീക്ഷണത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വലിയ തോതില്‍ കുറക്കാനാകുമെന്നും സാറ്റ് കോണ്‍ 1 റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Bright satellites in the thousands could impact future space discoveries