ലോകാവസാനം സംഭവിക്കുമെന്ന് ഐസക് ന്യൂട്ടണ്‍ വിശ്വസിച്ചിരുന്നു, തെളിവുകൾ ഈജിപ്തിലെ പിരമിഡുകളിലുണ്ട്
Mail This Article
ഈജിപ്തിലെ പിരമിഡുകളെക്കുറിച്ചുള്ള പഠനത്തില്‍ നിന്നും ലോകാവസാനത്തിന്റെ സൂചനകള്‍ ലഭിക്കുമെന്ന് ഐസക് ന്യൂട്ടണ്‍ വിശ്വസിച്ചിരുന്നുവെന്ന് തെളിയിക്കുന്ന അപൂര്‍വ്വ കുറിപ്പുകള്‍ കണ്ടെത്തി. ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരിലൊരാളായ ഐസക് ന്യൂട്ടണ്‍ ഇന്ന് അശാസ്ത്രീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖലകളിലേക്കു കൂടി പഠനം വ്യാപിപ്പിച്ചിരുന്നു. ആല്‍ക്കെമി, ബൈബിള്‍, ലോകാവസാന സിദ്ധാന്തം തുടങ്ങിയ മേഖലകള്‍ ന്യൂട്ടണ്‍ ജീവിച്ചിരുന്ന മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുൻപ് നിരീശ്വരവാദത്തിന്റെ ഗണത്തിലാണ് പെടുത്തിയിരുന്നതെന്നതും ശ്രദ്ധേയമാണ്.
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, പ്രപഞ്ച-ജ്യോതിശാസ്ത്രം തുടങ്ങി വിവിധ ശാസ്ത്രമേഖലകളില്‍ വലിയ സംഭാവനകളാണ് ന്യൂട്ടണ്‍ നല്‍കിയിട്ടുള്ളത്. കാലത്തിന് മുൻപെ സഞ്ചരിച്ചിരുന്ന ശാസ്ത്ര പ്രതിഭയായ ന്യൂട്ടന്റെ പല കണ്ടെത്തലുകളും പഠനങ്ങളും 1727ല്‍ അദ്ദേഹത്തിന്റെ മരണശേഷം കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ നിന്നാണ് പിരമിഡുകളില്‍ നിന്നും ബൈബിളിലെ ലോകാവസാന സിദ്ധാന്തത്തിനും തന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന് പോലും തെളിവ് ലഭിക്കുമെന്ന് കരുതി ന്യൂട്ടണ്‍ നടത്തിയിരുന്ന പഠനങ്ങള്‍ പാതി കരിഞ്ഞ നിലയിലെങ്കിലും ലഭിച്ചിരിക്കുന്നത്.
ന്യൂട്ടന്റെ വളര്‍ത്തു നായയായിരുന്ന ഡയമണ്ട് അബദ്ധത്തില്‍ മെഴുകുതിരി തട്ടിയിട്ടപ്പോഴാണ് ഇതടക്കമുള്ള അദ്ദേഹത്തിന്റെ പല കുറിപ്പുകള്‍ക്കും തീ പിടിച്ചത്. അന്നത്തെ തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ട അപൂര്‍വ കുറിപ്പുകളാണ് മൂന്ന് നൂറ്റാണ്ടിന് ശേഷവും ശ്രദ്ധേയമാകുന്നത്. ഗിസയിലെ പിരമിഡ് അടക്കം ഈജിപ്ഷ്യന്‍ അളവ് സമ്പ്രദായമായ റോയല്‍ കുബിറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നാണ് ന്യൂട്ടണ്‍ കരുതിയിരുന്നത്. റോയല്‍ കുബിറ്റിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം തെളിയിക്കുന്നതിനും ഭൂമിയുടെ ചുറ്റളവ് അളക്കുന്നതിനും ലോകാവസാന സിദ്ധാന്തം അടക്കമുള്ള പല വിശ്വാസങ്ങള്‍ക്കും തെളിവ് നല്‍കുമെന്നും ന്യൂട്ടണ്‍ വിശ്വസിച്ചിരുന്നു.
ഇന്ന് ഈ പഠനങ്ങള്‍ക്ക് ആധാരമമായ വിഷയങ്ങള്‍ അശാസ്ത്രീയ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ ന്യൂട്ടണ്‍ ജീവിച്ചിരുന്ന പതിനേഴാം നൂണ്ടാണ്ടില്‍ അതായിരുന്നില്ല അവസ്ഥ. പിരമിഡുകളെക്കുറിച്ചുള്ള ഇത്തരം സാധ്യതാ പഠനങ്ങള്‍ ഇപ്പോള്‍ ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് പുറത്തുള്ളവയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുൻപ് ലോകത്തെ ഏറ്റവും പ്രതിഭകളായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് പോലും ഒഴിവാക്കാവുന്ന വിഷയമായിരുന്നില്ല ഇതെന്ന് തെളിയിക്കുന്നതാണ് ന്യൂട്ടന്റെ കുറിപ്പുകള്‍ തെളിയിക്കുന്നത്.
English Summary: Burnt 'Great Pyramid' Notes Reveal Isaac Newton's Research Into The Apocalypse