ADVERTISEMENT

അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ അടുത്ത ചാന്ദ്ര യാത്രയ്ക്കുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ രാജ ചാരിയും ഇടംപിടിച്ചു. ആർടെമിസ് ടീം രൂപീകരിക്കുന്നതിനും അടുത്ത ചാന്ദ്ര ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി രാജാ ചാരി ഉൾപ്പെടെ 18 ബഹിരാകാശയാത്രികരുടെ പ്രാരംഭ ടീമിനെയാണ് നാസ തിരഞ്ഞെടുത്തത്. 2024 ൽ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചാന്ദ്ര ഉപരിതലത്തിൽ ലാൻഡ് ചെയ്യിപ്പിക്കുമെന്നാണ് യുഎസ് പ്രഖ്യാപനം.

 

artemis-rocket

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നടന്ന എട്ടാമത് ദേശീയ ബഹിരാകാശ കൗൺസിൽ യോഗത്തിലാണ് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബുധനാഴ്ച ആർടെമിസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തിയത്. ‘ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകുന്ന നായകന്മാരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു- ആർടെമിസ് ജനറേഷൻ,’ എന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞത്.

 

artemis-1-update

‘നമ്മൾ ഇപ്പോൾ വായിച്ച പേരുകളിൽ ചന്ദ്രനിലേക്ക് പോകുന്ന അടുത്ത പുരുഷനും ആദ്യത്തെ സ്ത്രീയും ഉണ്ടെന്നത് അതിശയകരമാണ്. അമേരിക്കൻ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി ആർടെമിസ് ടീം ബഹിരാകാശയാത്രികരാണ് - ഭാവി ശോഭനമാണ്’– അദ്ദേഹം പറഞ്ഞു

 

nasa-team

ആർട്ടെമിസ് ടീമിലെ ബഹിരാകാശയാത്രികർ വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങൾ, വൈദഗ്ധ്യം, അനുഭവം എന്നിവയിൽ നിന്നാണ് വരുന്നത്. ആർട്ടെമിസ് ടീമിലുള്ളവർക്ക് ഫ്ലൈറ്റ് അസൈൻമെന്റുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചു. അധിക ആർടെമിസ് ടീം അംഗങ്ങൾ ആവശ്യാനുസരണം ഈ ഗ്രൂപ്പിൽ ചേരുമെന്നും യുഎസ് ബഹിരാകാശ ഏജൻസി അറിയിച്ചു.

 

2017 ലാണ് ഇന്ത്യൻ വംശജനായ രാജ ചാരി ബഹിരാകാശ സേനയിൽ ചേർന്നത്. യുഎസ് വ്യോമസേനയിലെ കേണലായ അദ്ദേഹം അയോവയിലെ സെദാർ ഫോൾസിലാണ് വളർന്നത്. ജ്യോതിശാസ്ത്ര എൻജിനീയറിങ്ങിൽ ബിരുദവും എയറോനോട്ടിക്സ്, ജ്യോതിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. നാസയിൽ എത്തുന്നതിന് മുൻപ് എഫ്-15 ഇ നിർമാണത്തിലും പിന്നീട് എഫ് -35 വികസന പദ്ധതികളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ശ്രീനിവാസ് വി. ചാരി ഹൈദരാബാദിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്.

 

ആർട്ടെമിസ് പ്രോഗ്രാമിനെ പ്രസിഡന്റും വൈസ് പ്രസിഡന്റും പിന്തുണച്ചതിനും നാസയുടെ ശാസ്ത്രം, എയറോനോട്ടിക്സ് ഗവേഷണം, സാങ്കേതിക വികസനം, മനുഷ്യ പര്യവേക്ഷണ ലക്ഷ്യങ്ങൾ എന്നിവയ്ക്കുള്ള ഉഭയകക്ഷി പിന്തുണയ്ക്കും ഞങ്ങൾ അവിശ്വസനീയമാംവിധം നന്ദിയുള്ളവരാണ് എന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡെൻസ്റ്റൈൻ പറഞ്ഞു.

 

ജോസഫ് അകാബ, കെയ്‌ല ബാരൺ, മാത്യു ഡൊമിനിക്, വിക്ടർ ഗ്ലോവർ, വാറൻ ഹോബർഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക്ക് കോച്ച്, കെജെൽ ലിൻഡ്ഗ്രെൻ, നിക്കോൾ എ. മാൻ, ആൻ മക്ക്ലെയിൻ, ജെസീക്ക മെയർ, ജാസ്മിൻ മൊഗ്‌ബെലി, കേറ്റ് റൂബിൻസ്, ഫ്രാങ്ക് റൂബിയോ, സ്കോട്ട് ടിംഗിൾ, ജെസീക്ക വാറ്റ്കിൻസ്, സ്റ്റെഫാനി വിൽസൺ എന്നിവരാണ് ആർടെമിസ് ടീം അംഗങ്ങൾ.

 

English Summary: Indian-American Raja Chari picked by NASA for Artemis Moon missions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com